കോറോണയെ പൊരുതി ജയിക്കാൻ തയ്യാറെടുത്ത് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

0

മഹാമാരിക്കെതിരെ പോരാടുന്നതിന് കോവിഡ് ഡ്യൂട്ടിയിലുള്ള എല്ലാ നഗരസഭാ ഉദ്യോഗസ്ഥരോടും ഉണർന്ന് പ്രവർത്തിക്കണമെന്നും ഇനിയുള്ള ദിവസങ്ങളിൽ അവധി പോലും എടുക്കാതെ ആഴ്ചയിൽ ഏഴു ദിവസവും തുടർച്ചയായി പ്രവർത്തിക്കണമെന്നും പുതുതായി നിയമിതനായ എൻഎംഎംസി കമ്മീഷണർ അഭിജിത് ബംഗാർ ഉത്തരവിട്ടു. നവി മുംബൈയിലെ വർധിച്ചു വരുന്ന രോഗവ്യാപനത്തെ തടഞ്ഞു നഗരത്തെ വീണ്ടെടുക്കാനായി എല്ലാ എൻ‌എം‌എം‌സി ഉദ്യോഗസ്ഥർക്കും വാരാന്ത്യ അവധി പോലും ഉപേക്ഷിച്ചു ജോലി ചെയ്യാൻ തയ്യാറെടുക്കണമെന്നും കമ്മീഷണർ പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിനായി 150 ഓളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നഗരസഭ പ്രതിനിധി അറിയിച്ചു. ദിനം പ്രതി കൂടി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ഈ കടുത്ത നടപടിയെ ജീവനക്കാരും പിന്തുണച്ചത്.

ഒരു പക്ഷേ മഹാരാഷ്ട്രയിൽ ഇതാദ്യമായിട്ടായിരിക്കും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ 24×7 പ്രവർത്തന സജ്ജമാകുവാനുള്ള തീരുമാനവുമായി മുന്നോട്ട് വരുന്നത്. നഗരത്തെ കാർന്ന് തിന്നു കൊണ്ടിരിക്കുന്ന മഹാമാരിയെ നേരിടാനുള്ള വളരെ നല്ല നീക്കമായാണ് നവി മുംബൈ വാസികളും തീരുമാനത്തെ സ്വാഗതം ചെയ്തത്. പൊതുജനാരോഗ്യ മേഖലയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻ എം എം സി.

4100 കിടക്കകളുമായി കൂടുതൽ ചികിത്സ സൗകര്യങ്ങൾ

കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകാൻ നവി മുംബൈയ്ക്ക് 4,100 അധിക കിടക്കകൾ ലഭിക്കുമെന്ന് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (എൻഎംഎംസി) കമ്മീഷണർ അഭിജിത് ബംഗാർ അറിയിച്ചു. കോർപ്പറേഷനിൽ ആയിരം ഓക്‌സിജൻ ബെഡുകളും 100 ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു) കിടക്കകളും വാഷിയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ സ്ഥാപിക്കുവാനാണ് തീരുമാനം. പൻ‌വേലിലെ ഇന്ത്യ ബുൾസ് ക്വാറന്റൈൻ കേന്ദ്രത്തിൽ 3,000 കിടക്കകൾ കൂടി ലഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

ഈ ആഴ്ച ചുമതലയേറ്റ ബംഗാർ രണ്ട് എൻ‌എം‌സി കോവിഡ് കെയർ സെന്ററുകൾ (സി‌സി‌സി) സന്ദർശിച്ച് അവിടെ രോഗികൾക്ക് നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്തി.

നിലവിൽ 1,200 കിടക്കകളാണ് വാഷി സിഡ്കോ കോവിഡ് കെയർ സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് നഗരത്തിൽ കിടക്കകൾ ലഭിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥക്ക് പരിഹാരം തേടുവാനാണ് എൻ എം എം സി 500 ഐ സി യു കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കുന്നത്.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here