മുംബൈ: സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിച്ച് ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കല്യാണിലും ഡോംബിവ്‌ലിയിലും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അർഹരായ ഗുണഭോക്താക്കൾക്കും വയോജനങ്ങൾക്കും സഹായഹസ്തം നീട്ടിയ പരിപാടി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.
പരിപാടിയുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പ്രതിനിധികൾ ആദ്യം കല്യാണിലെ ബായ് രുക്‌മിണി ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പ്രായാധിക്യം മൂലം സഞ്ചാര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് വാക്കിംഗ് സ്റ്റിക്കുകൾ വിതരണം ചെയ്തു.
തുടർന്ന് ഡോംബിവ്‌ലിയിലെ വൃദ്ധസദനത്തിലെത്തിയ സംഘടനാ പ്രതിനിധികൾ അവിടുത്തെ അന്തേവാസികളുമായി സമയം ചെലവഴിക്കുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. വയോജനങ്ങളുമായി സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ട പ്രതിനിധികൾ അവർക്ക് ആവശ്യമായ പിന്തുണയും കരുതലും ഉറപ്പുനൽകി.
വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തതോടൊപ്പം, നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വാക്കിംഗ് സ്റ്റിക്കുകളും കൈമാറി.
വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ രക്ഷാധികാരി ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ മറ്റു പ്രതിനിധികളായ സാവിയോ അഗസ്റ്റിൻ, മനോജ് അയ്യനേത്ത്, ദീപ്തി നായർ, നിഷ നായർ, ദിവ്യ നായർ, മനോജ് നായർ എന്നിവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
സഹായ സാമഗ്രികൾ വിതരണം ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് വയോജനങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രായാധിക്യം മൂലം ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും കരുതലിന്റെ സ്പർശം എത്തിക്കുകയെന്നതാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ഭാവിയിലും ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മേഖലകളിൽ കൂടുതൽ ജനോപകാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ഡോ ഉമ്മൻ ഡേവിഡ് വ്യക്തമാക്കി.
സ്വന്തം കാലിൽ ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായ വിതരണം നടത്തിയതെന്ന് ഡോ റോയ് ജോൺ മാത്യു പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി പേർക്ക് വാക്കിംഗ് സ്റ്റിക്കുകൾ വലിയ ആശ്വാസവും പിന്തുണയുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ ഈ സംരംഭം അശരണർക്കും വയോജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതോടൊപ്പം, സമൂഹത്തിന് മാതൃകാപരമായ സന്ദേശവും കൂടിയാണ് നൽകുന്നതെന്ന് ഡൊമിനിക് പോൾ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS
