മഹാരാഷ്ട്രയുടെ കാർഷിക മേഖലയെ വീണ്ടും ഞെട്ടിക്കുന്ന കണക്കുകളാണ് നിയമസഭയിൽ പുറത്തുവന്നിരിക്കുന്നത്. കടബാധ്യതയും വിളനാശവും വരുമാന അനിശ്ചിതത്വവും മൂലം കർഷകർ ജീവിതത്തോട് പോരാടുമ്പോൾ, 2023-ൽ മാത്രം 6,669 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തുവെന്നാണ് സർക്കാർ വെളിപ്പെടുത്തിയത്. രാജ്യത്ത് കർഷക ആത്മഹത്യകളുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി മഹാരാഷ്ട്ര തുടരുന്നുവെന്ന യാഥാർഥ്യമാണ് ഈ കണക്കുകൾ വീണ്ടും ഓർമ്മിപ്പിക്കുന്നത്.
2023-ൽ മഹാരാഷ്ട്രയിൽ 6,669 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ മന്ത്രി മക്രന്ദ് പാട്ടീൽ നിയമസഭയെ അറിയിച്ചു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2023-ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
ആത്മഹത്യ ചെയ്തവരിൽ 4,150 പേർ കർഷകരും 2,519 പേർ കർഷകത്തൊഴിലാളികളുമാണ്. കർഷകത്തൊഴിലാളികളിൽ 77 സ്ത്രീകളും ഉൾപ്പെടുന്നു.
വിദർഭ, മറാത്ത്‌വാഡ മേഖലകളാണ് വർഷങ്ങളായി കർഷക ആത്മഹത്യകളുടെ കേന്ദ്രബിന്ദുവായി തുടരുന്നത്. 1990-കളുടെ അവസാനത്തോടെയാണ് സംസ്ഥാനത്ത് ആത്മഹത്യകളുടെ എണ്ണം ഗണ്യമായി ഉയരാൻ തുടങ്ങിയത്. തുടർന്ന് വിവിധ സർക്കാരുകൾ ആശ്വാസ പാക്കേജുകളും വായ്പാ ഇളവുകളും പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാത്ത ചില കർഷകത്തൊഴിലാളികളുടെ മരണങ്ങൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യവും നിയമസഭയിൽ ഉയർന്നു. ഇതിന് “ഭാഗികമായി ശരിയാണ്” എന്ന മറുപടിയാണ് മന്ത്രി നൽകിയത്.
കാർഷിക മരണങ്ങളുടെ വർഗ്ഗീകരണവും അർഹരായ എല്ലാ കർഷകത്തൊഴിലാളികളെയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
കർഷക ആത്മഹത്യകൾ കുറയ്ക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, കാർഷിക മേഖലയിലെ അടിസ്ഥാന പ്രതിസന്ധികൾക്ക് പരിഹാരം കാണാതെ ഈ ദുരന്തത്തിന് അറുതിയുണ്ടാകല്ല. നിരവധി പോരാട്ട സമരങ്ങൾക്കൊടുവിലും മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതകഥകൾ അവർത്തിക്കപ്പെടുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
