സമൂഹത്തിന്റെ ഏത് മേഖല എടുത്തു നോക്കിയാലും ഓരോ കാലയളവിലും അതിന്റെതായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അത് അനിവാര്യവുമാണ്. മാറ്റമില്ലാത്ത ഒരു സമൂഹം വളർച്ചയറ്റ് പോകും. പക്ഷെ ആ മാറ്റം ഏത് രീതിയിൽ സമൂഹത്തെ സ്വാധീനിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും സാമൂഹിക മൂല്യങ്ങളുടെ അളവുകോൽ.
വിദ്യാഭ്യാസം, രാഷ്ട്രീയം ഏതുമായിക്കോട്ടെ, പുറമെ നിന്ന് നോക്കുന്ന ഒരു പൗരന് വ്യക്തമായി മനസ്സിലാവുന്ന രീതിയിലേക്ക് മൂല്യച്യുതി നിറഞ്ഞു നിൽക്കയാണ്. പൗരബോധമുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന സ്വന്തമായ ജീവിത വീക്ഷണമുള്ള, സ്വന്തം കഴിവുകളെ കണ്ടെത്തുന്ന ആ കഴിവിൽ വിശ്വസിച്ച് മുന്നേറാനുള്ള ആർജ്ജവം ഉണ്ടാക്കുന്ന ഒരു വിദ്യാഭ്യാസ രീതിയുടെ അഭാവം നമുക്കുണ്ട്. എവിടെയും മത്സരമാണ്. ആരോഗ്യപരമായ മത്സരങ്ങൾ നല്ലത് തന്നെ. അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതും, സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായി ഭവിക്കരുത്. വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത് ആ സമ്പ്രദായം വെച്ച് തന്നെ ഇല്ലാതാക്കുകയാണ്. നമ്മുടെ പാരമ്പര്യവും പൈതൃകവും അറിഞ്ഞു വളരുന്ന തലമുറ നന്മ തിരിച്ചറിയുന്നവർ തന്നെ ആവും.
കുറച്ച് കാലം മുൻപേ ആണെങ്കിൽ കൂട്ടുകുടുംബങ്ങളിൽ അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. വീട്ടിലെ മുതിർന്നവർ പുരാണ കഥകളും പാട്ടുകളും ചൊല്ലിത്തരികയും അർത്ഥവത്തായ കാര്യങ്ങൾ നമ്മെ പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു. സന്ധ്യാ നേരങ്ങളിൽ പ്രാർത്ഥനയും അതു കഴിഞ്ഞുള്ള സ്നേഹ സംഭാഷണങ്ങളും ഒരു കുടുംബത്തിന്റെ മൂല്യം അറിയുന്നവയായിരുന്നു.
ഇന്ന് ആ സമയങ്ങളിൽ മാധ്യമങ്ങളിൽ ചാനൽ ചർച്ചകളുടെ സമയമല്ലേ?മാധ്യമങ്ങളെ ചുറ്റിപ്പറ്റിയാണ് ഇന്ന് സമൂഹത്തെ വിലയിരുത്തുന്നത് സാമൂഹിക അജണ്ട നിശ്ചയിക്കുന്നത് പോലും മാധ്യമങ്ങളാണ്. അതു സമൂഹത്തിന്റെ മൂല്യച്യുതിയെ സാരമായി ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയതാല്പര്യങ്ങൾക്ക് വേണ്ടിയും സാമ്പത്തീക ലാഭങ്ങൾക്ക് വേണ്ടിയും സമൂഹത്തെ തന്നെ ഇല്ലാതാക്കുന്ന മാധ്യമ കടന്നുകയറ്റങ്ങൾ തിരിച്ചറിയാൻ മാധ്യമങ്ങൾ സമൂഹത്തെ നിരീക്ഷിക്കുന്നത് പോലെ തിരിച്ചും ആവാം എന്നാണ് എന്റെ പക്ഷം.
ദാരിദ്യം, താഴെ തട്ടിലുള്ളവരുടെ ജീവിത രീതികൾ, അവർക്കു വേണ്ടി സമൂഹത്തിനു എന്ത് ചെയ്യാൻ കഴിയും എന്നൊന്നും അധികാര വർഗ്ഗത്തിന് ചിന്തയില്ല.ജാതിയുടെയും മതത്തിന്റെയും പേരിൽ സ്പർദ്ധ ഉണ്ടാക്കുകയാണ് ലക്ഷ്യം. അഴിമതിയും സ്വജനപക്ഷപാതങ്ങളും അടക്കിവാഴുന്ന അധികാരികൾ ജനങ്ങളുടെ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് മാത്രമല്ല, കണ്ടാൽ തന്നെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്ക് അവ മാറുകയാണ്. ഇടനിലക്കാരുടെ അമിതമായ ഇടപെടൽ അർഹിക്കുന്നവരിലേക്ക് സഹായമെത്താതിരിക്കാൻ കാരണമാകുന്നു.
ലഹരിയുടെ കുത്തൊഴുക്ക് നമ്മുടെ നാടിന്റെ മൂല്യത്തെ കശക്കിയെറിഞ്ഞു കഴിഞ്ഞു. കുഞ്ഞു മക്കളുടെ ഭക്ഷണപ്പൊതികൾ പോലും ലഹരിമയമായി മാറിക്കഴിഞ്ഞു. നാടിനെ മുചൂട് മുടിപ്പിക്കാൻ കെൽപ്പുള്ളവനെ തിരിച്ചറിയാൻ ഭാവിതലമുറയെ സജ്ജരാക്കണം നമ്മൾ.വെട്ടിപ്പിടിക്കാനും വിജയിക്കാനും ഓടി ഓടി തളർന്ന് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്നവർക്ക് വേണ്ടി എന്ത് ചെയ്തു എന്നതാണ് നാം ഓരോരുത്തരും ചിന്തിക്കേണ്ടത്. അതു തന്നെയാണ് സമൂഹത്തിന്റെ മൂല്യച്യുതി മാറ്റാനുള്ള വഴിയും.
- സന്ധ്യ പലേരി