മുംബൈയിലും പൊങ്കാല സമർപ്പണം; നിറം മങ്ങിയ ആഘോഷത്തിലും നിറഞ്ഞു തുളുമ്പി പൊങ്കാലക്കലങ്ങൾ

0

കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിലായി ഭക്ത ജനങ്ങൾ ഇക്കുറി പൊങ്കാല സമർപ്പിച്ചത്. പ്രധാനമായും കല്യാൺ, അംബർനാഥ് , പൻവേൽ , ഡോംബിവ്‌ലി തുടങ്ങിയ സ്ഥലങ്ങളിലായാണ് വിവിധ സംഘടനകളുടെ മേൽനോട്ടത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്.

അംബർനാഥ്

അംബർനാഥ് നവരെ പാർക്കിൽ നടന്ന പതിനൊന്നാമത് പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക് ശ്രീ രാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി കാർമികത്വം വഹിച്ചു.

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി പകർന്നത്.

അംബർനാഥ് നവരെ പാർക്ക് ശ്രീ നാരായണ ഗുരു നഗറിൽ പൊങ്കാല മഹോത്സവത്തിൽ കൃഷ്ണാനന്ദ സരസ്വതി പണ്ടാര അടുപ്പിലേക്ക് അഗ്നിപകർന്നു

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയന്റെ കിഴിലുള്ള അംബർനാഥ് ശാഖായോഗവും വനിതാ സംഘവും യൂത്ത് വിഭാഗവും ചേർന്നാണ് ഇക്കുറിയും ചിട്ടവട്ടങ്ങൾ പിന്തുടർന്ന് ആഘോഷിച്ചത്.

വർഷം തോറും ആയിരങ്ങൾ പങ്കെടുക്കുന്ന അംബർനാഥിലെ പൊങ്കാല മഹോത്സവം ഇക്കുറി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടാണ് ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് ശാഖാ പ്രസിഡന്റ് എം.പി.അജയ് കുമാർ പറഞ്ഞു.

നിലവിലെ നിയന്ത്രണങ്ങൾ നഗരത്തിൽ നടന്ന നടന്ന പൊങ്കാല മഹോത്സവത്തിന്റെ ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ചായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത്. നിരവധി പേർക്ക് വീടുകളിൽ തന്നെ പൊങ്കാല സമർപ്പിക്കുവാനുള്ള സംവിധാനങ്ങളും ചെയ്തിരുന്നു.

ന്യൂ പൻവേൽ

പനവേലിൽ നടന്ന എട്ടാമത് പൊങ്കാല സമർപ്പണം

ഹിന്ദു സേവാ സമിതി, ശ്രീഅയ്യപ്പ സേവാ സംഘം പനവേൽ, ജയ് അംബേ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ് പനവേലിൽ എട്ടാമത് പൊങ്കാല സമർപ്പണം നടന്നത്. ന്യൂ പനവേൽ സെക്ടർ 2, ശാന്തിനികേതൻ സ്കൂളിനു സമീപമുള്ള ശ്രീ അംബേ മാത ക്ഷേത്ര മൈതാനത്ത് നടന്ന പൊങ്കാലയിലും
ആർഭാടങ്ങളെല്ലാം ഒഴിവാക്കി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നുവെന്ന് രമേശ് കലമ്പൊലി പറഞ്ഞു.

കല്യാൺ ഈസ്റ്റ്

കല്യാണിലെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊങ്കാല മഹോത്സവം

കല്യാണിലെ ഹിന്ദു ഐക്യവേദി വർഷം തോറും സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവത്തിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല സമർപ്പിക്കുവാൻ ജെറി മെറി മൈതാനത്ത് ഒത്തു കൂടാറുള്ളത്. ഇക്കുറി നിലവിലെ നിയന്ത്രണങ്ങൾ ഇവിടെയും ആഘോഷങ്ങളുടെ നിറം കെടുത്തി.

ഗോരേഗാവ്

ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ

ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിലവിലെ നിയന്ത്രണങ്ങൾ പാലിച്ചാണ് സ്ത്രീ ജനങ്ങൾ പൊങ്കാല സമർപ്പിക്കാനെത്തിയത്. ക്ഷേത്രങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങുകൾ നടന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങളോടെ തന്നെയാണ് ഇവിടെയും ആചാരങ്ങളോടെ പണ്ടാരയടുപ്പിലേക്ക് തിരി പകർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here