തിരുവനന്തപുരം: പ്രവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചുവരുന്ന അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് നവംബർ 27, 28 തീയതികളിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ദ്വിദിന സത്യാഗ്രഹ സമരത്തിൽ മുംബൈയിൽ നിന്ന് കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ പത്തോളം പേർ പങ്കെടുത്തു.
കേരളീയ കേന്ദ്ര സംഘടനാ സെക്രട്ടറി വൽസൻ മൂർക്കോത്ത്, കമ്മിറ്റി അംഗങ്ങളായ സതീഷ് നായർ, മോഹനൻ പിള്ള, മുരളി നായർ (കോപ്പർഖൈർണെ), ശശികല, ലതിക ശ്രീഭദ്രൻ, ശ്രീഭദ്രൻ തുടങ്ങിയവരാണ് മുംബൈയിൽ നിന്നെത്തി സമരത്തിൽ അണിനിരന്നത്. മുൻമന്ത്രി ഇ.പി. ജയരാജൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് പ്രവാസി പ്രതിനിധികളും പ്രവർത്തകരും സമരത്തിൽ പങ്കുചേരുന്നുണ്ട്.
പ്രവാസികൾക്ക് അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം.

പ്രധാന ആവശ്യങ്ങൾ
നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യുന്നതിനൊപ്പം പ്രതിമാസ പെൻഷൻ കൃത്യസമയത്ത് ലഭിക്കുന്നതിന് സ്ഥിരമായ സംവിധാനം ഏർപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
ഏകദേശം ഒമ്പത് ലക്ഷം പേർ ക്ഷേമനിധി പെൻഷന് അർഹരായിരിക്കെ നിലവിൽ ഒരു ലക്ഷത്തോളം പേർക്ക് മാത്രമാണ് പെൻഷൻ ലഭിക്കുന്നതെന്ന സാഹചര്യം ചൂണ്ടിക്കാട്ടി, അർഹരായ മുഴുവൻ പ്രവാസികൾക്കും പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാൻസർ രോഗികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായിരുന്ന സാന്ത്വന ചികിത്സാ പദ്ധതി പുനഃസ്ഥാപിക്കുക, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി വീണ്ടും നടപ്പാക്കുക, പ്രവാസികളുടെ മക്കൾക്കുള്ള വിവാഹസഹായവും വിദ്യാഭ്യാസ സഹായവും പുനഃസ്ഥാപിക്കുക എന്നിവയും സമരത്തിന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ ലോക കേരള സഭ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ടുവയ്ക്കുന്നു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സത്യാഗ്രഹത്തിന് കേരളീയ കേന്ദ്ര സംഘടന പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുംബൈയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടാണ് സംഘടനാ ഭാരവാഹികളും പ്രവർത്തകരും സമരത്തിൽ പങ്കുചേർന്നത്.
പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിച്ച് പരിഹരിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരളീയ കേന്ദ്ര സംഘടന ആവശ്യപ്പെട്ടു. സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി സംഘടനകൾ ഭാവിയിൽ നടത്തുന്ന തുടർസമരങ്ങൾക്കും മുംബൈ മലയാളി പൊതുസമൂഹത്തിന്റെ പിന്തുണയും സഹകരണവും സംഘടന വാഗ്ദാനം ചെയ്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
