മുംബൈയിൽ ലോക്ക്ഡൗൺ വീണ്ടും വേണ്ടി വരുമോ ? സമ്മിശ്ര പ്രതികരണങ്ങൾ

0

ദിവസേനയുള്ള കോവിഡ് കേസുകൾ ഇനിയും കൂടിയാൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത്തരം കർശന നടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് വിദഗ്ധർ കരുതുന്നത്.

കോവിഡ് -19 കേസുകൾ നഗരത്തിൽ പെട്ടെന്നു വർദ്ധിച്ചതിന് കാരണം ജനങ്ങളുടെ ജാഗ്രതക്കുറവാണെന്ന് കരുതുന്നവരുമുണ്ട്. സംസ്ഥാനത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ​​ശശാങ്ക് ജോഷി കുറ്റപ്പെടുത്തിയതും ലോക്കൽ ട്രെയിൻ യാത്രക്കാരുടെ അലംഭാവമാണ്. ലോക്കൽ ട്രെയിൻ സേവനം വീണ്ടും തുടങ്ങിയതോടെ സാമൂഹിക അകലം, മാസ്ക്ക് ധരിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ മുംബൈക്കാർ ലംഘിച്ചുവെന്നാണ് പരക്കെ പരാതിയും.

ആരാധകർ മാസ്കില്ലാതെ കാണാനും ഒപ്പം നിർത്തി സെൽഫിയെടുക്കാനുമാണ് കൂടുതലും ആഗ്രഹിക്കുന്നത്. അഥവാ നിരസിക്കുകയാണെങ്കിൽ, അവർ അസ്വസ്ഥരാകുന്നു

പോയ വർഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പലരും അമിതാവേശത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ലോക്കൽ ട്രെയിനുകളിലും ബസുകളിലും കഴുത്തിൽ മാസ്ക്ക് തൂക്കിയിട്ട് സഞ്ചരിക്കുന്നവരാണ് കൂടുതലും. സെവൻ ഹിൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മാധുരി ഷിൻഡെ പരാതിപ്പെട്ടു.

ആളുകൾ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും അവഗണിക്കുന്നത് തുടരുകയാണെങ്കിൽ, ലോക്ക്ഡൗൺ അടിച്ചേൽപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് ബോംബെ ഹൈക്കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന രാജാറാം പവാറും പറയുന്നത്.

ജനങ്ങളുടെ ജാഗ്രതക്കുറവിനെ കുറിച്ച് ബോളിവുഡ് താരങ്ങളും പരാതിപ്പെടുന്നു. തന്റെ യാത്രക്കിടയിലും ഷൂട്ടിങ് വേളകളിലും കണ്ടു മുട്ടുന്നവരിൽ പലരും തന്നോട് ആദ്യം ആവശ്യപ്പെടുന്നത് മാസ്ക് നീക്കം ചെയ്യാനാണ്. ആരാധകർ മാസ്കില്ലാതെ കാണാനും ഒപ്പം നിർത്തി സെൽഫിയെടുക്കാനുമാണ് കൂടുതലും ആഗ്രഹിക്കുന്നത്. അഥവാ നിരസിക്കുകയാണെങ്കിൽ, അവർ അസ്വസ്ഥരാകുന്നു. ഇതിനെല്ലാം കാരണം ശരിയായ ബോധവത്കരണത്തിന്റെ അഭാവമാണെന്നും ജാക്കി ഷ്‌റോഫ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു .

മുംബൈയിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്ന് രോഗത്തെക്കാൾ ഭയപ്പെടുന്നത് തൊഴിലില്ലായ്മയാണ്.

മുംബൈയിൽ ലോക്കൽ ട്രെയിനുകൾ വീണ്ടും തുടങ്ങിയതാണ് പെട്ടെന്നുള്ള രോഗവ്യാപനത്തിന് പ്രധാന കാരണമായി ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് പഹ്‌ലാജ് നിഹലാനി ചൂണ്ടിക്കാട്ടിയത്. മുംബൈവാസികളുടെ ജോലി ചെയ്യുവാനുള്ള അവസരം തടയണമെന്ന് പറയുന്നില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുവാനുള്ള നടപടികൾ അനിവാര്യമാണെന്നും നിഹലാനി വ്യക്തമാക്കി.

ഇനിയും ഒരു ലോക് ഡൌൺ താങ്ങാനാവില്ലെന്നാണ് കുർളയിലെ ഒരു ചെറിയ നിർമ്മാണ യൂണിറ്റിൽ ദിവസ വേതനത്തിന് പണിയെടുക്കുന്ന റിയാസ് പറയുന്നത് . എട്ടൊമ്പത് മാസമായി അടച്ചിരുന്നതോടെ തകിടം മറഞ്ഞ ജീവിതത്തെ പിടിച്ചു നിർത്തിയത് മറ്റു ജോലികൾ ചെയ്തും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയുമാണ്.

വിക്രോളിയിലെ ഒരു ഗാർമെൻറ് എക്സ്പോർട്ട് യൂണിറ്റിൽ ജോലി ചെയ്യുന്ന വൈശാലിക്കും ലോക് ഡൌൺ എന്ന് കേൾക്കുമ്പോൾ ചങ്കിടിക്കുകയാണ്. ഒരു ലോക് ഡൗണിന്റെ ആഘാതത്തിൽ നിന്നും ഇനിയും കര കയറിയിട്ടില്ല. ഇനിയും ജോലിക്ക് പോകാൻ കഴിയാതെ വരുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നാണ് കല്യാണിൽ താമസിക്കുന്ന വൈശാലി പാട്കർ പറയുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുമ്പോഴായിരുന്നു ഫെബ്രുവരി ആദ്യ വാരം മുതൽ വീണ്ടും രോഗ വർദ്ധനവ് രേഖപ്പെടുത്തുവാൻ തുടങ്ങിയത്. കേസുകൾ ഇനിയും കൂടിയാൽ ലോക് ഡൌൺ അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്.

മുംബൈയിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്ന് രോഗത്തെക്കാൾ ഭയപ്പെടുന്നത് തൊഴിലില്ലായ്മയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here