ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് സുമാ മുകുന്ദൻ; കന്നിചിത്രത്തിലെ അഭിനയം വിദ്യാ ബാലനോടൊപ്പം

2

മുംബൈ നാടകവേദിയിലെ നിരവധി സ്റ്റേജുകളിലൂടെ സുപരിചിതയായ അഭിനേത്രിയാണ് സുമാ മുകുന്ദൻ. ഏകദേശം എഴുപത്തി അഞ്ചോളം നാടകങ്ങളിൽ അഞ്ഞൂറിലേറെ സ്റ്റേജുകളിൽ അഭിനയിച്ചിട്ടുള്ള സുമ മുകുന്ദൻ ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ ആദ്യം മുതലാണ് പ്രതിഭ തീയേറ്റേഴ്സ് കൂടാതെ നിരവധി മലയാളി സമാജങ്ങളുടെ വേദികളിലുമായി സുമ മുകുന്ദൻ തന്റെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. ഹാസ്യവും കാരക്ടർ റോളുകളും ഒരു പോലെ വഴങ്ങിയിരുന്ന സുമയെ തേടിയെത്തിയിരുന്നത് വൈവിധ്യമാർന്ന കഥാപാത്രങ്ങളായിരുന്നു.

ഇപ്പോഴിതാ കോവിഡ് കാലത്ത് നാടാകെ അടച്ചിരിക്കുമ്പോൾ സുമ മുകുന്ദനെ തേടിയെത്തിയത് സ്വപ്ന തുല്യമായ അവസരമാണ്. ബോളിവുഡിൽ ചിത്രീകരണം പൂർത്തിയായ ഷേർണി എന്ന ചിത്രത്തിലാണ് സുമാ മുകുന്ദൻ അഭിനയിച്ചത്. നായികയായ വിദ്യാ ബാലന്റെ അമ്മയായാണ് വേഷമിടുന്നതെന്നും ഒരു അഭിനേത്രിയെന്ന നിലയിൽ തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ റോളെന്നും സുമാ മുകുന്ദൻ സന്തോഷം പങ്കു വച്ചു.

ജീവിതത്തിൽ കൈവന്ന വലിയ ഭാഗ്യമെന്നായിരുന്നു സുമ മുകുന്ദന്റെ ആദ്യ പ്രതികരണം. കേരളത്തിൽ നിന്നുള്ള കാസ്റ്റിംഗ് ഏജൻസിയാണ് ഓഫറുമായി ആദ്യം ബന്ധപ്പെട്ടതെന്ന് സുമ മുകുന്ദൻ പറഞ്ഞു. മലയാളിയായ നായികയുടെ അമ്മയായി അഭിനയിക്കാൻ മലയാളവും ഹിന്ദിയും സംസാരിക്കുന്ന നടിയെ തേടിയുള്ള അന്വേഷണമാണ് യാദൃശ്ചികമായി തന്നിലേക്കെത്തിയതെന്ന് സുമ മുകുന്ദൻ പറഞ്ഞു.

സിനിമാഭിനയം ഇത്രയും എളുപ്പമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് തന്റെ ആദ്യ സിനിമാനുഭവം പങ്കു വച്ച് സുമാ മുകുന്ദൻ പറഞ്ഞത്. വളരെ സഹകരണവും പ്രോത്സാഹനവുമാണ് അണിയറ പ്രവർത്തകരും വിദ്യയുമെല്ലാം തനിക്ക് നൽകിയതെന്നും ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി എന്നും മനസ്സിൽ സൂക്ഷിക്കുമെന്നും സുമ പറയുന്നു.

തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക പ്രതിഫലമായി ലഭിക്കുന്നത്. പക്ഷെ അതിനേക്കാളേറെ തന്നെ സന്തോഷിപ്പിച്ചത് വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതാണെന്നും മുംബൈ നാടകവേദിയുടെ സ്വന്തം സുമചേച്ചി പറഞ്ഞു.

മധ്യപ്രദേശിലെ റൈസൻ ജില്ലയിലെ വനമേഖലയായ ഭൂട്ട് പാലാസിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. നിലവിലെ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു ലൊക്കേഷനിലെ ജോലികൾ ചെയ്തിരുന്നതെന്നും അത് കൊണ്ട് തന്നെ ആഘോഷിക്കാൻ പോലും കഴിഞ്ഞില്ലെന്നും സുമ മുകുന്ദൻ പറഞ്ഞു.

ചിത്രത്തിൽ ജയ് റാസ്, ശരത് സക്സേന, ഇല അരുൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപാവലിയോടെ ചിത്രം തീയേറ്ററുകളിലെത്തും.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here