കല്യാൺ: സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ മഹോത്സവം നവംബർ 21 ശനിയാഴ്ച കല്യാണിലെ ഹനുമാൻ നഗറിൽ നടക്കും. സായി വിനായക് പ്രഗതി സി.എച്ച്.എസ്. സമുച്ചയത്തിൽ നടക്കുന്ന പൂജകൾ വിരൂപാക്ഷൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നിർവഹിക്കും.
രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രതിഷ്ഠ, ഉഷപൂജ, സായി വിനായക് വനിതാ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ലളിത സഹസ്രനാമം, അയ്യപ്പ സഹസ്രനാമാർച്ചന എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30-ന് അന്നപ്രസാദം വിതരണം ചെയ്യും.
വൈകിട്ട് 5 മണിക്ക് ഗോണ്ടേവി ക്ഷേത്രത്തിൽ നിന്ന് പൂജാ മണ്ഡപത്തിലേക്ക് താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഭഗവാൻ അയ്യപ്പന്റെ ഘോഷയാത്ര നടക്കും. തുടർന്ന് ദീപാരാധന, മേളം, തായമ്പക എന്നിവയും രാത്രി അഖില ഭാരതീയ അയ്യപ്പ സേവാ സംഘം കല്യാണിന്റെ നേതൃത്വത്തിൽ ഭജനയും അരങ്ങേറും.
രാത്രി അത്താഴപൂജ, മഹാപ്രസാദം, മഹാദീപാരാധന എന്നിവയ്ക്കു ശേഷം വെടിക്കെട്ടോടെയാണ് മണ്ഡല പൂജാ മഹോത്സവം സമാപിക്കുക.
കല്യാണിലെ ഹരിഭാവു പാഡ, ട്വിങ്കിൾ അപ്പാർട്ട്മെന്റിന് എതിർവശം, ഹനുമാൻ നഗറിലുള്ള സായി വിനായക് സമുച്ചയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
