ചെമ്പൂരിലെ 550 താമസ സമുച്ചയങ്ങൾ സീൽ ചെയ്യാൻ നഗരസഭ മുന്നറിയിപ്പ്

0

മുംബൈയിൽ ബി എം സിയുടെ പരിധിയിലുള്ള ചെമ്പൂർ, തിലക് നഗർ അടങ്ങിയ എം-വെസ്റ്റ് വാർഡിലെ ഭവന സൊസൈറ്റികൾക്ക് മുംബൈ നഗരസഭ നോട്ടീസ് നൽകി. കോവിഡ് -19 കേസുകളിൽ വീണ്ടും വർദ്ധനവുണ്ടായതോടെയാണ് കടുത്ത നടപടികളുമായി ബി എം സി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഈ മേഖലയിലെ 550 ഹൌസിംഗ് സൊസൈറ്റികളിലാണ് മുന്നറിയിപ്പ് നോട്ടീസ് പതിച്ചിരിക്കുന്നത്. മുംബൈയിലെ കൂടുതൽ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചെമ്പൂർ , തിലക് നഗർ മേഖലകളിൽ നിന്നാണെന്ന കാരണത്താലാണ് കർശന നടപടിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

പുതുവത്സരാഘോഷങ്ങൾക്ക് ശേഷം, കേസുകളിൽ വർദ്ധനവ് പ്രകടമായിരുന്നു. പക്ഷേ മാസാവസാനത്തോടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നിരുന്നാലും, ഫെബ്രുവരി ആദ്യ വാരം മുതൽ വീണ്ടും കേസുകളുടെ വർദ്ധനവ് കാണുന്നുവെന്നും മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും ബി എം സി ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈയിൽ കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായിരുന്നുവെന്നും ബിഎംസി അറിയിപ്പിൽ പറയുന്നു. എന്നാൽ ജനങ്ങളുടെ അലംഭാവ മനോഭാവവും അശ്രദ്ധയും കാരണം കഴിഞ്ഞ 10 ദിവസമായി കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായും അധികൃതർ അറിയിച്ചു.

ALSO READ  | മുംബൈയിലെ ചെമ്പൂർ മേഖല ലോക്ക്ഡൗണിലേക്ക് ?
.
നിലവിൽ, എം-വെസ്റ്റ് വാർഡിലാണ് ഏറ്റവും കൂടുതൽ ഏക ദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് . രോഗലക്ഷണങ്ങൾ കൂടുതലുള്ള കെട്ടിടങ്ങൾ / സൊസൈറ്റികൾ ഷോപ്പുകൾ എന്നിവയാണ് സീൽ ചെയ്യുവാൻ ആരംഭിച്ചിരിക്കുന്നത്.

വീട്ടുജോലിക്കാരി / പാൽക്കാരൻ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി നിയന്ത്രിക്കുക, തെർമൽ സ്ക്രീനിംഗ് നടപ്പിലാക്കുക, പോസിറ്റീവ് രോഗികളുടെ കുടുംബങ്ങൾ 14 ദിവസത്തെ കർശനമായ സമ്പർക്ക വിലക്കിൽ കഴിയുക, കൂടാതെ സ്വയം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ബിഎംസിയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

മാസ്ക് ധരിക്കുന്നത് പോലുള്ള കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനാൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതർ പരാതിപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കുക മാത്രമല്ല സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ബി എം സി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here