മഹാരാഷ്ട്ര പത്രക്കാർ സംഘിന്റെ സമഗ്ര സംഭാവനാ പുരസ്‌കാരം അമ്മയ്ക്ക് സമ്മാനിച്ചു
പൂനെ: പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും സ്നേഹവും കാരുണ്യവും സഹകരണവും പുലർത്താൻ ഓരോരുത്തരും തയ്യാറാകണമെന്ന് മാതാ അമൃതാനന്ദമയി ദേവി (അമ്മ) ആഹ്വാനം ചെയ്തു. പൂനെ നിഗഡിയിലെ ബ്രഹ്മസ്ഥാനത്ത് സംഘടിപ്പിച്ച ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ ആദ്യദിവസം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
സ്വന്തം ധർമ്മം ശരിയായ രീതിയിൽ നിറവേറ്റുമ്പോഴാണ് അത് സത്കർമ്മമായി മാറുന്നതെന്നും അമ്മ ഓർമിപ്പിച്ചു.
ചടങ്ങിൽ മറാത്തി മാധ്യമപ്രവർത്തകരുടെ സംഘടനയായ മഹാരാഷ്ട്ര പത്രക്കാർ സംഘ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ അമ്മയ്ക്ക് സമർപ്പിച്ചു. അമ്മയുടെ സാന്നിധ്യം പൂനെയെ പുണ്യഭൂമിയാക്കിയെന്നും വിവിധ മേഖലകളിൽ അമ്മയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭോസാരി നിയമസഭാ മണ്ഡലം എംഎൽഎ മഹേഷ്‌ദാദ ലാൻഡ്‌ഗെ, മഹാരാഷ്ട്ര പത്രക്കാർ സംഘ് സംസ്ഥാന അധ്യക്ഷൻ കിരൺ ജോഷി, പുധാരി മീഡിയ ഗ്രൂപ്പ് ചെയർമാൻ ഡോ. യോഗേഷ് പ്രതാപ്‌സിംഗ്, ദൈനിക് സകാലിന്റെ എഡിറ്റർ ശീതൾ പവാർ, എ.ബി.പി. മാഝ എഡിറ്റർ സരിത കൗശിക്, ജയ് മഹാരാഷ്ട്ര ചാനൽ എഡിറ്റർ വൃഷാലി കദം, ദൈനിക് സൂരജ് എഡിറ്റർ രാകേഷ് തോല്യേ, വി.ജെ. ഡെവലപ്പേഴ്സ് സി.ഇ.ഒ ആദിത്യ ജാവഡേക്കർ, കോഹിനൂർ ഗ്രൂപ്പ് ചെയർമാൻ കൃഷ്ണകുമാർ ഗോയൽ, ബി.വി.ജി. ഇന്ത്യ സ്ഥാപക ചെയർമാൻ ഹനുമന്തറാവു ഗെയ്‌ക്‌വാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി അമൃതശ്രീ അംഗങ്ങൾക്കുള്ള വസ്ത്ര-ധനസഹായ വിതരണവും നടന്നു. രണ്ടു ദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിന് ഭക്തരാണ് നിഗഡിയിലെ ബ്രഹ്മസ്ഥാനത്ത് എത്തിയത്.
അമ്മയുടെ നേതൃത്വത്തിൽ ഭജന, ധ്യാനം, ദർശനം തുടങ്ങിയ ആത്മീയ പരിപാടികളും മഹോത്സവത്തിന്റെ ഭാഗമായി നടന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
