നവി മുംബൈയിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ രൂപീകരിച്ചു; സമുദായ പ്രശ്നങ്ങൾക്ക് കൂട്ടായ ഇടപെടൽ ലക്ഷ്യം
നവി മുംബൈ: മലയാളി ഐക്യത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകി നവി മുംബൈയിൽ ഫെഡറേഷൻ ഓഫ് നവിമുംബെ മലയാളി അസോസിയേഷൻ നിലവിൽ വന്നു. പൻവേൽ മുതൽ ഐരോളി വരെയുള്ള 12 മലയാളി സംഘടനകളെ ഒരൊറ്റ വേദിയിൽ അണിനിരത്തിയാണ് പുതിയ ഫെഡറേഷന് രൂപം നൽകിയത്.
മലയാളി സമാജങ്ങളും പ്രവാസി മലയാളികളും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ കൂട്ടായ ഇടപെടൽ നടത്തുക, സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെഡറേഷൻ രൂപീകരിച്ചിരിക്കുന്നത്.
നെരൂൾ സമാജത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ സംഘടനയുടെ ഭാരവാഹികളെയും മാനേജിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തത്. കെ.എ. കുറുപ്പ് ചെയർമാനായും മനോജ് മാളവിക ജനറൽ സെക്രട്ടറിയായും വി.ടി. സുധാകരൻ ഖജാൻജിയായും ചുമതലയേറ്റു. കെ.ടി. നായർ വൈസ് ചെയർമാനും ഷൈജ ബിജു ജോയിന്റ് സെക്രട്ടറിയും എം.പി.ആർ. പണിക്കർ ജോയിന്റ് ഖജാൻജിയുമാണ്.
വിവിധ സമാജങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 17 അംഗ മാനേജിങ് കമ്മിറ്റിയും രൂപീകരിച്ചു.
അതേസമയം, പ്രവാസി മലയാളികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ച നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയും യോഗം ചർച്ച ചെയ്തു. വർധിപ്പിച്ച പ്രീമിയം നിരക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
വ്യത്യസ്ത സംഘടനകളുടെ കൂട്ടായ്മ എന്നതിലുപരി, നവി മുംബൈയിലെ മലയാളി സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന ശക്തമായ വേദിയായി ഫെഡറേഷനെ വളർത്തിയെടുക്കാനാണ് ഭാരവാഹികളുടെ ലക്ഷ്യം. മലയാളി ഐക്യത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
