കേരളപ്പിറവി ദിനാഘോഷത്തിൽ ഡോ. എ. പി. ജയരാമന്റെ പ്രഭാഷണം ശ്രദ്ധേയമായി
ബേലാപൂർ: മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ കേരളപ്പിറവി ദിനാഘോഷം നവംബർ ഒന്നിന് ബേലാപൂരിലെ കൈരളി ഹാളിൽ നടന്നു. വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും ഗാനാലാപനങ്ങളുമായി ആരംഭിച്ച സാംസ്കാരിക പരിപാടി ആണവശാസ്ത്രജ്ഞനും യുക്തിവാദിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എ. പി. ജയരാമന്റെ മുഖ്യപ്രഭാഷണത്തോടെ ശ്രദ്ധേയമായി.
പൂച്ചെണ്ടിൽനിന്ന് ഒരു റോസാപ്പൂവ് എടുത്തുകാട്ടിയാണ് ഡോ. ജയരാമൻ പ്രഭാഷണം ആരംഭിച്ചത്. റോസാപ്പൂവിന്റെ അഞ്ച് ഇതളുകളെ കേരളത്തിന്റെ പ്രധാന നേട്ടങ്ങളായ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക വികസനം, വികേന്ദ്രീകൃത ജനാധിപത്യം, ആഗോള ബന്ധങ്ങൾ എന്നിവയുമായി അദ്ദേഹം താരതമ്യം ചെയ്തു.
എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം കേരളം നേരിടുന്ന അഞ്ച് പ്രധാന വെല്ലുവിളികളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, ജനസംഖ്യയിൽ വൃദ്ധജനങ്ങളുടെ വർധന, സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക തകർച്ച, സാമൂഹിക ക്ഷേമ-മാനസികാരോഗ്യ രംഗങ്ങളിലെ വെല്ലുവിളികൾ എന്നിവയാണ് റോസാപ്പൂവിന്റെ മുള്ളുകളായി അദ്ദേഹം വിശേഷിപ്പിച്ചത്.
ഒരുകാലത്ത് ‘ഭ്രാന്താലയം’ എന്ന് പരിഹസിക്കപ്പെട്ട കേരളം ഇന്ന് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണത്തിലേക്ക് വളർന്നത് അഭിമാനകരമാണ്. എന്നാൽ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം അവയ്ക്കിടയിലെ വെല്ലുവിളികളെയും ഗൗരവത്തോടെ കാണണം. അവയെ നേരിടാനുള്ള സമൂഹത്തിന്റെ ഇച്ഛാശക്തിയും ധൈര്യവുമാണ് കേരളത്തിന്റെ ഭാവി നിർണയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ സുരേഷ് തുളസി, ശ്രീ എം. ആർ. മനോജ് കുമാർ, ശ്രീ അനിൽ പ്രകാശ് എന്നിവർ പങ്കെടുത്തു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്കും ഡോ. ജയരാമൻ മറുപടി നൽകി.
സംഘടനാ സെക്രട്ടറി ശ്രീ ജയനാരായണൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീമതി മിനി അനിൽപ്രകാശ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി ശ്രീ ടി. എൻ. ഹരിഹരൻ ആശംസകൾ നേർന്നു. ട്രഷറർ ശ്രീ പി. എം. ബാബു നന്ദി രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
