ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു. സമാജം ആർട്സ് ആൻഡ് കൾച്ചർ സെക്രട്ടറി സുരേഷ് ബാബു കെ.കെ. അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ സമാജാംഗമായ രഞ്ജിത്തിന്റെ മകനും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ മാസ്റ്റർ നിരഞ്ജൻ രചിച്ച Funky Four – The Rise of Gaur എന്ന ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകൻ കാട്ടൂർ മുരളി, സുരേഷ് ബാബു കെ.കെ.യിൽ നിന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ചെറുപ്രായത്തിൽ തന്നെ നോവൽ പ്രസിദ്ധീകരിച്ച പുതുതലമുറ എഴുത്തുകാരന്റെ പുസ്തകപ്രകാശനത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുമാരി അഞ്ജലി മേനോൻ പുസ്തകപരിചയം നടത്തി. പൊതുഇടങ്ങളിൽ കുട്ടികളുടെ കളിക്കൂട്ടങ്ങൾ അപ്രത്യക്ഷമാകുന്ന സമകാലിക സാമൂഹിക സാഹചര്യങ്ങൾ പുസ്തകം അടയാളപ്പെടുത്തുന്നതായി അവർ വിലയിരുത്തി. എട്ട് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് വായിക്കാൻ അനുയോജ്യമായ കൃതിയാണിതെന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് ഡോ. പി.പി. രാധാകൃഷ്ണന്റെ രണ്ട് ചെറുകഥകൾ അവതരിപ്പിച്ചു. രാജശേഖരൻ നായർ കഥാചർച്ച ഉദ്ഘാടനം ചെയ്തു. നാരായണൻകുട്ടി ആർ. അവതാരകനായിരുന്നു.
നിരഞ്ജൻ മറുപടി പ്രസംഗം നടത്തി. ഡോ. ഭാസ്കരൻ കെ.എം., രഞ്ജിത്ത്, സുനിൽ കല്ലിക്കട, ബിജു വളയങ്ങാടൻ, ഹരീന്ദ്രനാഥ്, അജിത് ശങ്കരൻ എന്നിവർ ആശംസകളും അഭിപ്രായങ്ങളും പങ്കുവച്ചു. മുരളീധരൻ നായർ വി. നന്ദി രേഖപ്പെടുത്തി.
കുറഞ്ഞ പ്രായത്തിൽ സാഹിത്യലോകത്തേക്ക് കടന്നുവന്ന നിരഞ്ജന്റെ ഈ നേട്ടം ചടങ്ങിലെ ശ്രദ്ധേയമായ മുഹൂർത്തമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും |
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
