വസായ്: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് വസായ് എംഎൽഎ സ്നേഹ ദുബെ പണ്ഡിറ്റ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദീപാവലി സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക ഉൾക്കൊള്ളലിനുമായി പ്രതീക്ഷ ഫൗണ്ടേഷൻ വർഷംതോറും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം സംരംഭങ്ങൾക്ക് കൂടുതൽ സംഘടനകൾ മുന്നോട്ടുവരണമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ സംസാരിച്ച വസായ്–വിരാർ മേയർ അജീവ് പാട്ടീൽ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി കോർപ്പറേഷന്റെ അധികാരപരിധിക്കുള്ളിൽ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയോടെ 2023 മുതൽ കേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നതായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ പറഞ്ഞു. സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ അമൃത ആശുപത്രിയിൽ പത്തോളം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വസായ്–വിരാർ കോർപ്പറേഷനു കീഴിൽ മാർഷൽ തസ്തികകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കാൻ തീരുമാനമെടുത്ത മേയറെ ഉത്തംകുമാർ അഭിനന്ദിച്ചു.
ഡൽഹിയിൽ നിന്നുള്ള നിക്കി ചൗള, മുംബൈയിലെ നർത്തകി കൃഷ്ണ മോഹിനി, മോഡലും അഭിനേത്രിയുമായ റിത്തു ബാവ്ജി, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് നവാബ് സാഹിബ്, ഭോപ്പാലിലെ മേക്കപ്പ് ആർട്ടിസ്റ്റ് പവിത്ര, കമൽ ഭമാഗ് തുടങ്ങിയ ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറിന്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ഷെട്ടി, ഫൗണ്ടേഷൻ പ്രവർത്തകരായ ശ്രീ ശങ്കർ നായർ, നന്ദകുമാർ, കെ. സുരേന്ദ്രൻ, അമർ ദാസ്, വേണു ജി. പിള്ള, രാമകൃഷ്ണ മുതലിയാർ തുടങ്ങിയവരും പങ്കെടുത്തു.
ദീപാവലി സ്നേഹസംഗമത്തിന്റെ ഭാഗമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ അംഗങ്ങൾക്ക് സാരികളും മധുരപലഹാരങ്ങളും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.
ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് രാമാനുജം സ്വാഗതവും ശ്രീ ശങ്കർ നന്ദിയും പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
