ഖൊപ്പോളി: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്. കൈകാലുകൾ ബന്ധിച്ച നിലയിലും ശരീരത്തിൽനിന്ന് രക്തം വാർന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.
ഭാൻവജിൽ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ ഫ്ലാറ്റിലാണ് സംഭവം. വിവരമറിഞ്ഞ് ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖാലാപൂർ ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നവി മുംബൈയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയതായി വിവരമുണ്ട്.
പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി രാമചന്ദ്രൻ. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ. മൂന്നു മക്കളും വിദേശത്തായതിനാൽ മഹേശ്വരി വീട്ടിൽ തനിച്ചായിരുന്നു താമസം. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ എണ്ണം സമൂഹത്തിൽ വർധിച്ചു കൊണ്ടിരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ആശങ്ക ഇരട്ടിപ്പിക്കുന്നു.
ആലപ്പുഴയിലെ അമ്പലപ്പുഴ കരിമാടി പോസ്റ്റിലുള്ള ആറ്റുക്കടവിൽ ഹൗസാണ് ഇവരുടെ സ്വദേശ വിലാസം.
സംഭവം പ്രദേശവാസികളിലും ഖൊപ്പോളിയിലെയും പരിസരങ്ങളിലെയും മലയാളി സമൂഹത്തിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും പൊലീസ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലേ വ്യക്തമാകൂ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
