നവിമുംബൈ: പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവി മുംബൈയിലെ 13 മലയാളി സംഘടനകളുടെ നിവേദനങ്ങൾ കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച് ഫെഡറേഷൻ ഓഫ് നവി മുംബൈ മലയാളി അസോസിയേഷൻസ് (FNMA).
ഫെഡറേഷന്റെ യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 13 സംഘടനകളുടെയും ആവശ്യങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ കൈമാറിയത്. FNMA ചെയർമാൻ കെ. എ. കുറുപ്പും ജോയിന്റ് ട്രഷറർ എം. പി. ആർ. പണിക്കരും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ഫെഡറേഷന്റെ ഔദ്യോഗിക ലെറ്റർഹെഡിൽ തയ്യാറാക്കിയ നിവേദനങ്ങൾ സമർപ്പിച്ചു.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ വർധിപ്പിച്ച പ്രീമിയം നിരക്ക് പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്യുക, മുടങ്ങിക്കിടക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 70 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും നോർക്ക ഐഡി കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനങ്ങളിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

പ്രവാസി മലയാളികൾ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവം പരിഗണിച്ചു. ആവശ്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി FNMA പ്രതിനിധികൾ അറിയിച്ചു.
നവി മുംബൈയിലെ 13 മലയാളി സംഘടനകളുടെ പൊതുവായ ആവശ്യങ്ങൾ ഒരുമിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സംഘടനാ ഐക്യത്തിന്റെയും പ്രതിഫലനമായി. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർനടപടികൾക്കായി സർക്കാരുമായി ഏകോപിച്ച് പ്രവർത്തിക്കാനാണ് FNMAയുടെ തീരുമാനം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
