ഡിജിറ്റൽ ജീവൻ പ്രമാണപത്രം സമർപ്പിക്കാൻ നവംബർ 30 വരെ അവസരം; ഇതുവരെ 50 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ചു
മുംബൈ: പെൻഷൻകാർക്ക് ഡിജിറ്റൽ ജീവൻ പ്രമാണപത്രം (Digital Life Certificate – DLC) സമർപ്പിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ദേശവ്യാപക DLC ക്യാമ്പയിൻ 5.0-ന് മഹാരാഷ്ട്രയിലും ഗോവയിലും മികച്ച പ്രതികരണം. 2026 നവംബർ 1 മുതൽ 30 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രധാന നഗരങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഗോവ പോസ്റ്റൽ സർക്കിളിന്റെയും കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് (CCA), മഹാരാഷ്ട്ര, ഗോവയുടെയും നേതൃത്വത്തിലും മാർഗനിർദേശത്തിലുമാണ് മുംബൈ, നാഗ്പൂർ, ഛത്രപതി സംഭാജിനഗർ, പൂനെ, കൊൽഹാപൂർ എന്നിവിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി നിശ്ചയിച്ച ലക്ഷ്യത്തിന്റെ 50 ശതമാനത്തിലധികം ഇതിനകം കൈവരിച്ചതായി CCA മഹാരാഷ്ട്ര, ഗോവ സംസ്ഥാന മേധാവി എസ്. സി. ജാ അറിയിച്ചു. പെൻഷൻകാരുടെ സജീവ പങ്കാളിത്തത്തോടെ ശേഷിക്കുന്ന ലക്ഷ്യവും കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ ജീവൻ പ്രമാണപത്രം സമർപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി നടപടികൾ ലളിതമാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. പെൻഷൻകാർക്ക് നേരിട്ട് ക്യാമ്പുകളിലെത്തി സേവനം പ്രയോജനപ്പെടുത്താം.
പെൻഷൻ സംബന്ധമായ പരാതികൾക്കും പരിഹാരം
ഡിജിറ്റൽ ജീവൻ പ്രമാണപത്രം സമർപ്പിക്കുന്നതിൽ മാത്രം ക്യാമ്പുകളുടെ സേവനം പരിമിതപ്പെടുന്നില്ല. പെൻഷനുമായി ബന്ധപ്പെട്ട പരാതികളും രേഖകളിലെ അപാകതകളും പരിഹരിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആധാർ പരിശോധന, മൊബൈൽ നമ്പർ, വിലാസം എന്നിവ പുതുക്കൽ, പെൻഷൻ രേഖകളിലെ വിവരവ്യത്യാസങ്ങൾ പരിഹരിക്കൽ തുടങ്ങിയ സേവനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കും. രേഖകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട രേഖകൾ സഹിതം ക്യാമ്പിലെത്തണമെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പെൻഷൻകാരുടെ പ്രതികരണവും ആവശ്യവും പരിഗണിച്ച് കൂടുതൽ നഗരങ്ങളിലേക്കും ക്യാമ്പുകൾ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെയും ഗോവയിലെയും എല്ലാ പെൻഷൻകാരും നവംബർ 30-നകം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എസ്. സി. ജാ അഭ്യർഥിച്ചു. ക്യാമ്പയിലൂടെ കൂടുതൽ പെൻഷൻകാരിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിനൊപ്പം പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും സേവനവിതരണം മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
