മുംബൈ:
കൊങ്കൺ റെയിൽവേ വഴി യാത്ര ചെയ്യുന്ന മലയാളികളടക്കമുള്ള ട്രെയിൻ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏകോപിപ്പിച്ച് ബന്ധപ്പെട്ട റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ‘സുരക്ഷിത കൊങ്കൺ റെയിൽ യാത്ര’ എന്ന പേരിൽ ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.
മുംബൈയിൽ നിന്നും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൊങ്കൺ റെയിൽവേ വഴി കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർക്ക് സ്വർണാഭരണങ്ങൾ, പണം, മൊബൈൽ ഫോണുകൾ, ബാഗുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടുന്നതായുള്ള പരാതികൾ ഗൗരവകരമായ ആശങ്ക ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു.
കൊങ്കൺ റെയിൽവേയുടെ ഔദ്യോഗിക ക്രൈം കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാകുന്നു. 2024-ൽ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോയതായി 60 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2025-ൽ ഇത് 69 ആയി ഉയർന്നു. അതായത് മോഷണക്കേസുകളിൽ 15 ശതമാനം വർധനയുണ്ടായി.
എന്നാൽ ഇതിലും ആശങ്കാജനകമായ കാര്യം കേസുകൾ കണ്ടെത്തുന്നതിലെ കുറവാണ്. 2024-ൽ രജിസ്റ്റർ ചെയ്ത 60 കേസുകളിൽ 21 എണ്ണം കണ്ടെത്തിയതായി രേഖപ്പെടുത്തിയപ്പോൾ 2025-ൽ 69 കേസുകളിൽ എട്ടെണ്ണം മാത്രമാണ് കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 62 ശതമാനത്തിന്റെ കുറവാണ് കേസുകൾ കണ്ടെത്തുന്നതിൽ ഉണ്ടായിരിക്കുന്നത്.
മോഷണം പോയ വസ്തുക്കളുടെ ആകെ മൂല്യം 2024-ൽ ₹5,13,84,492 ആയിരുന്നു. ഇതിൽ ₹2,24,95,988 മൂല്യമുള്ള വസ്തുക്കൾ വീണ്ടെടുത്തു. 2025-ൽ മോഷണം പോയ വസ്തുക്കളുടെ മൂല്യം ₹71,78,154 ആയിരുന്നപ്പോൾ ₹22,44,350 മൂല്യമുള്ള വസ്തുക്കളാണ് വീണ്ടെടുക്കാനായത്.
2025-ലെ കേസുകളുമായി ബന്ധപ്പെട്ട് RPF ഏഴ് പേരെയും പോലീസിന് കീഴിൽ ഒരാളെയും അറസ്റ്റ് ചെയ്തതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
മോഷണക്കേസുകളുടെ എണ്ണം വർധിക്കുകയും കണ്ടെത്തൽ നിരക്ക് ഗണ്യമായി കുറയുകയും ചെയ്യുന്ന സാഹചര്യം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, മോഷണപരാതികളിൽ സമയബന്ധിതവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും ജോജോ തോമസ് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് മോഷണത്തിന് ഇരയായ യാത്രക്കാരുടെ പരാതികളും അനുഭവങ്ങളും അനുബന്ധ രേഖകളും ശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുന്നതിനായി പ്രത്യേക ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നത്.
യാത്ര ചെയ്ത ട്രെയിനിന്റെ പേര്, നമ്പർ, യാത്രയുടെ തീയതി, മോഷണം നടന്ന സ്ഥലം, നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങൾ, അവയുടെ ഏകദേശ മൂല്യം, GRP, RPF, പോലീസ് എന്നിവിടങ്ങളിൽ നൽകിയ പരാതിയുടെ നമ്പർ, അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
ലഭിക്കുന്ന പരാതികൾ പ്രത്യേകമായി രജിസ്റ്റർ ചെയ്ത് ക്രോഡീകരിക്കും. പരാതിക്കാരുടെ സമ്മതത്തോടെ ആവശ്യമായ രേഖകൾ ശേഖരിച്ച് കൊങ്കൺ റെയിൽവേ അധികൃതർ, ഗവൺമെന്റ് റെയിൽവേ പോലീസ് (GRP), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഔദ്യോഗിക നിവേദനം സമർപ്പിക്കുകയും ചെയ്യും.
ട്രെയിനുകളിലെ സുരക്ഷാ പരിശോധന ശക്തമാക്കുക, രാത്രികാല യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുക, CCTV നിരീക്ഷണം കാര്യക്ഷമമാക്കുക, മോഷണപരാതികളിൽ സമയബന്ധിതമായ അന്വേഷണം നടത്തുക, നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക, അന്വേഷണ പുരോഗതി പരാതിക്കാരെ കൃത്യമായി അറിയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ക്യാമ്പയിനിലൂടെ ഉന്നയിക്കുക.
പരാതികൾ സമർപ്പിച്ചിട്ടും തുടർനടപടികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത യാത്രക്കാരുടെ വിഷയങ്ങൾ പ്രത്യേകം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും. പരാതികളുടെ തുടർനടപടികൾ നിരീക്ഷിക്കുന്നതിനും യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളി യാത്രക്കാരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ ആരംഭിക്കുന്നതെങ്കിലും കൊങ്കൺ റെയിൽവേ വഴി യാത്ര ചെയ്യുന്ന എല്ലാ സംസ്ഥാനങ്ങളിലെയും യാത്രക്കാരുടെ പരാതികളും അനുഭവങ്ങളും സ്വീകരിക്കും.
ഇതിനായി മലയാളി സംഘടനകൾ, യാത്രക്കാരുടെ കൂട്ടായ്മകൾ, സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഒരു അടിസ്ഥാന അവകാശമാണ്. മോഷണത്തിന് ഇരയായ ഒരാൾക്കും നീതി നിഷേധിക്കപ്പെടരുത്. പരാതികൾ കേവലം രജിസ്റ്റർ ചെയ്യുന്നതിൽ ഒതുങ്ങാതെ ഫലപ്രദമായ അന്വേഷണം, കുറ്റക്കാരെ കണ്ടെത്തൽ, നഷ്ടപ്പെട്ട വസ്തുക്കളുടെ വീണ്ടെടുക്കൽ എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണം.
യാത്രക്കാരുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ ഇടപെടലാണ് ഈ ജനകീയ ക്യാമ്പയിന്റെ ലക്ഷ്യമെന്നും ജോജോ തോമസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
