ഉല്ലാസ്നഗർ: ഭക്തിനിർഭരമായ ചടങ്ങുകളും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും താലപ്പൊലി അകമ്പടിയുമായി ഉല്ലാസ്നഗർ ഈസ്റ്റിലെ ലാൽചക്കി സാനെ ഗുരുജി നഗറിലുള്ള ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരം ആഘോഷിച്ചു. ശ്രീ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 23-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടന്നത്.
ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രാവിലെ 6.30-ന് വിഷ്ണുസഹസ്രനാമം, വിഷ്ണുഭുജംഗം, പ്രാതഃസ്തോത്രം, സമൂഹപ്രാർത്ഥന എന്നിവയോടെയാണ് ദിവസത്തെ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് യജ്ഞാചാര്യന്റെ നേതൃത്വത്തിൽ ഭാഗവത പാരായണവും രുഗ്മിണി സ്വയംവര കഥാപ്രഭാഷണവും നടന്നു.

രുഗ്മിണി സ്വയംവരത്തിന്റെ ഭാഗമായി വനിതകളുടെ നേതൃത്വത്തിൽ താലപ്പൊലി ഘോഷയാത്രയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്തും സംഘടിപ്പിച്ചു. ശ്രീകൃഷ്ണ-രുഗ്മിണി വിവാഹ സങ്കൽപ്പത്തിലുള്ള പ്രത്യേക പൂജകൾ, വരണമാല്യം ചാർത്തൽ, മംഗല്യപ്രാർത്ഥന തുടങ്ങിയ ചടങ്ങുകളും ഭക്തിപൂർവം നടന്നു. കുട്ടികൾക്കായി ഉണ്ണിയൂട്ട് ചടങ്ങും ഭക്തജനങ്ങൾക്കായി വിഭവസമൃദ്ധമായ അന്നദാനവും ഒരുക്കിയിരുന്നു.
നവംബർ 5 മുതൽ 15 വരെ ക്ഷേത്രത്തിൽ പ്രത്യേക ദശാവതാരച്ചാർത്ത് വഴിപാടും ദർശനവും ഒരുക്കിയിരുന്നു. ഭക്തർക്ക് ദശാവതാര ദർശനത്തിനുള്ള അവസരവും ഇതിലൂടെ ലഭിച്ചു.
ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കലാ-സാംസ്കാരിക രംഗത്തും സജീവമായ ഇടപെടലുകളാണ് ക്ഷേത്ര സമിതി നടത്തിവരുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്ഷേത്രസമുച്ചയത്തിൽ ചെണ്ടമേള പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. പരിശീലനം പൂർത്തിയാക്കുന്ന കലാകാരന്മാർക്ക് ‘മേളാമൃതം’ പോലുള്ള വേദികളിലൂടെ അരങ്ങേറ്റത്തിനുള്ള അവസരവും സമിതി ഒരുക്കുന്നു.

സ്ത്രീകളുടെ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന ക്ഷേത്രത്തിൽ തിരുവാതിര, ജന്മാഷ്ടമി, ഭാഗവത സപ്താഹം, മണ്ഡലപൂജ മഹോത്സവം തുടങ്ങിയ ആഘോഷങ്ങൾ സമൂഹത്തിലെ വനിതകളെ ഉൾപ്പെടെ ഒരുമിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മകളായി മാറുന്നു.
പ്രവാസി മലയാളികൾക്കു പുറമെ ഉല്ലാസ്നഗറിലെയും സമീപ പ്രദേശങ്ങളിലെയും ഇതര ഭാഷാ സമൂഹങ്ങളിൽപ്പെട്ടവരും ക്ഷേത്രത്തിലെ നിത്യസന്ദർശകരാണ്. ക്ഷേത്ര വികസനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളും സമിതി ഏകോപിപ്പിച്ചുവരുന്നു. സമിതിയുടെ കീഴിൽ സമാഹരിക്കുന്ന സംഭാവനകളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയാകുന്നത്.

പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, ട്രഷറർ ഗോവിന്ദൻകുട്ടി, സെക്രട്ടറി ബാലൻ, കമ്മിറ്റി അംഗം മോഹനൻ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
നവംബർ 17 മുതൽ ഡിസംബർ 27 വരെ നീളുന്ന മണ്ഡലപൂജ മഹോത്സവവും ക്ഷേത്രത്തിലെ പ്രധാന വാർഷിക ആഘോഷങ്ങളിലൊന്നാണ്. ആത്മീയതയ്ക്കൊപ്പം കലാ-സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ശ്രീ അയ്യപ്പ ക്ഷേത്രം ഉല്ലാസ്നഗറിലെ മലയാളി സമൂഹത്തിന്റെ പ്രധാന കൂട്ടായ്മാ കേന്ദ്രമായും ശ്രദ്ധേയമാകുന്നു. For more photos click here
Tune in AMCHI MUMBAI for the highlights of the event
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
