HomeArticleമുംബൈ ഭീകരാക്രമണം; മരണം വേട്ടയാടിയ രാത്രി

മുംബൈ ഭീകരാക്രമണം; മരണം വേട്ടയാടിയ രാത്രി

Published on

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു രാത്രിയുടെ ഓർമകൾ

ചില രാത്രികൾ അങ്ങനെയാണ്. കാലം എത്ര പിന്നിട്ടാലും അവയുടെ ഭീതിയും നടുക്കവും മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല. ചില ശബ്ദങ്ങൾ ഇന്നും കാതുകളിൽ മുഴങ്ങും. ചില കാഴ്ചകൾ ഇന്നും കൺമുന്നിൽ തെളിയും. മരണത്തിന്റെ തൊട്ടരികിലൂടെ കടന്നുപോയെന്ന് തിരിച്ചറിയുമ്പോൾ, അന്ന് നടന്നതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കും.

മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ 2008 നവംബർ 26-ന്റെ രാത്രി എനിക്ക് അത്തരമൊരു അനുഭവമാണ്. സാധാരണമായ ഒരു ജോലി ദിവസം അപ്രതീക്ഷിതമായി ഭീതിയുടെയും മരണത്തിന്റെയും രാത്രിയായി മാറുകയായിരുന്നു. നഗരത്തിന്റെ തിരക്കേറിയ തെരുവുകളിലൂടെ അന്ന് ഞാൻ കടന്നുപോയ വഴികളിലെല്ലാം മരണത്തിന്റെ നിഴൽ പതിഞ്ഞിരുന്നു. ലിയോപോൾ കഫേ, ചൗപ്പാത്തി, ഛത്രപതി ശിവാജി ടെർമിനസ്, കാമ ഹോസ്പിറ്റൽ, മെട്രോ ജംഗ്ഷൻ… പിന്നീട് ആ പേരുകളെല്ലാം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഭൂപടത്തിലെ ദുരന്തകേന്ദ്രങ്ങളായി മാറി.

അന്ന് എനിക്കറിയില്ലായിരുന്നു, ആ രാത്രിയുടെ ഓർമകൾ ജീവിതകാലം മുഴുവൻ എന്നെ പിന്തുടരുമെന്ന്.

പതിവുപോലെ തുടങ്ങിയൊരു വൈകുന്നേരം

സിനി ബ്ലിറ്റ്സ്, ഹൈ ബ്ലിറ്റ്സ്, ഓക്കേ ഇന്ത്യ തുടങ്ങിയ സെലിബ്രിറ്റി, ലൈഫ്‌സ്റ്റൈൽ മാഗസിനുകളുടെ ഓൺലൈൻ പതിപ്പുകളുടെ ചുമതല വഹിച്ചിരുന്ന കാലമായിരുന്നു അത്. ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങൾ വാർത്താവിനിമയത്തിന്റെ പ്രധാന വേദിയായി മാറിയിട്ടില്ലാത്ത കാലം. എങ്കിലും ഓൺലൈൻ മാധ്യമരംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സാങ്കേതിക മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു.

അതൊരു നിർണായകമായ വഴിത്തിരിവായി തോന്നുന്നു. ചില്ലറ ഉടൻ ലഭിച്ചിരുന്നെങ്കിൽ ഞാൻ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമായിരുന്നു….

അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അന്ന് സഹപ്രവർത്തകരുമായി ഓഫീസിൽ ഒത്തുചേർന്നിരുന്നു. ഓൺലൈൻ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിരുന്ന വിശാൽ ദക്കോലിയ ഡൽഹിയിൽ നിന്ന് പ്രത്യേകമായി മുംബൈയിലെത്തിയതായിരുന്നു. പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചർച്ചകളും ഭാവിപരിപാടികളുമൊക്കെയായി സമയം കടന്നുപോയി. മീറ്റിങ് അവസാനിക്കുമ്പോഴേക്കും രാത്രി ഏഴുമണി കഴിഞ്ഞിരുന്നു.

പുറത്തിറങ്ങുമ്പോൾ വിശാലിന് അത്താഴം വാങ്ങിക്കൊടുക്കാമെന്ന് തീരുമാനിച്ചു. മുംബൈ അത്ര പരിചയമില്ലാത്ത വിശാലിനൊപ്പം വെബ് എഡിറ്റർ മനീഷ് ഭൂഷണും ഞാനും ചേർന്നു. മനീഷിന്റെ നിർദേശപ്രകാരം കൊളാബയിലെ പ്രശസ്തമായ ലിയോപോൾ കഫേയിലേക്കാണ് ആദ്യം പോയത്.

എന്നാൽ വെജിറ്റേറിയനായ വിശാലിന് അവിടെനിന്ന് ഭക്ഷണം കഴിക്കാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. ഒരു സോഫ്റ്റ് ഡ്രിങ്ക് കഴിച്ചശേഷം ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. പിന്നീട് നേരെ മറൈൻ ഡ്രൈവിലേക്ക്.

ചൗപ്പാത്തിക്കടുത്തുള്ള ക്രിസ്റ്റൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും രാത്രി ഒൻപതുമണി കഴിഞ്ഞിരുന്നു. കടൽക്കരയിൽ കുറച്ചുനേരം സംസാരിച്ചുനിന്നു. പതിവുപോലെ നഗരത്തിന്റെ വെളിച്ചങ്ങളും കടൽക്കാറ്റും രാത്രിയുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ടിരുന്ന ആ നിമിഷങ്ങളിൽ, ഏതാനും കിലോമീറ്ററുകൾ അപ്പുറത്ത് മുംബൈയുടെ ചരിത്രം മാറ്റിമറിക്കുന്ന ഒരു ദുരന്തം അരങ്ങേറുകയാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.

അപ്പോഴാണ് ഒബ്‌റോയ് ഹോട്ടലിൽ വെടിവയ്പ്പ് നടന്നതായി ആരോ പറയുന്നത് കേട്ടത്.

ചൗപ്പാത്തിയിൽ നിന്ന് നോക്കിയാൽ, ക്യൂൻസ് നെക്‌ലേസ് എന്നറിയപ്പെടുന്ന മറൈൻ ഡ്രൈവിന്റെ അറ്റത്ത് ഒബ്‌റോയ് ഹോട്ടൽ ഒരു പൊട്ടുപോലെ കാണാം. മുംബൈയിൽ അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും പൊലീസ് എൻകൗണ്ടറുകളും അന്നൊക്കെ കേട്ടുകേൾവിയുള്ള കാര്യങ്ങളായിരുന്നു. അതിലൊന്നായിരിക്കുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ, അവിടെ കൂട്ടംകൂടി നിൽക്കാതെ പിരിഞ്ഞുപോകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചപ്പോൾ എന്തോ അസ്വാഭാവികത തോന്നി. അതുവരെ സാധാരണമായിരുന്ന ഒരു വൈകുന്നേരത്തിന്റെ അന്തരീക്ഷത്തിൽ പതിയെ ഭീതിയുടെ നിഴൽ വീണുതുടങ്ങുകയായിരുന്നു.

സി.എസ്.ടി.യിലേക്ക്… മരണത്തിന്റെ നിഴലിലേക്ക്

അന്ധേരിയിൽ താമസിച്ചിരുന്ന മനീഷ് അവിടെനിന്ന് ടാക്സി പിടിച്ച് യാത്ര പറഞ്ഞു. വിശാൽ താമസിച്ചിരുന്നത് ബോംബെ ഹോസ്പിറ്റലിനടുത്തുള്ള വെസ്റ്റ് എൻഡ് ഹോട്ടലിലായിരുന്നു. വിശാലിനെ അവിടെ ഇറക്കിയശേഷം ഞാൻ സി.എസ്.ടി.യിലേക്ക് തിരിച്ചു.

ഏകദേശം രാത്രി ഒൻപതരയോടെ മുനിസിപ്പൽ ഓഫീസിനു മുന്നിലാണ് ടാക്സിക്കാരൻ എന്നെ ഇറക്കിയത്. മറൈൻ ഡ്രൈവിൽനിന്ന് സി.എസ്.ടി.യിലെത്താൻ ഏകദേശം 60 രൂപയായിരുന്നു കൂലി. നൂറു രൂപയുടെ നോട്ട് കൊടുത്തെങ്കിലും അയാളുടെ കൈയിൽ ചില്ലറയുണ്ടായിരുന്നില്ല.

ചില്ലറയുമായി വരാൻ അയാൾ കുറച്ചുനേരം എടുത്തു. ആ കാത്തിരിപ്പ് അന്ന് എനിക്ക് വെറുമൊരു അസൗകര്യം മാത്രമായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, അതൊരു നിർണായകമായ വഴിത്തിരിവായി തോന്നുന്നു. ചില്ലറ ഉടൻ ലഭിച്ചിരുന്നെങ്കിൽ ഞാൻ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോയേനെ.

അതിനിടെ, എവിടെനിന്നോ ദീപാവലിക്കാലത്തെ പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു.

പെട്ടെന്നാണ് സ്റ്റേഷനിൽനിന്ന് ആളുകൾ ചിതറിയോടുന്നത് കണ്ടത്. അവരുടെ മുഖങ്ങളിൽ പരിഭ്രാന്തി. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാകാത്ത അവസ്ഥ. ശ്രദ്ധിച്ചുനിന്നപ്പോൾ സ്റ്റേഷനുള്ളിൽനിന്ന് വെടിയൊച്ചകളും വ്യക്തമായി കേൾക്കാൻ തുടങ്ങി.

‘ഗാങ് വാർ ഹേ… ഭാഗോ, ജൽദി!’

ആളുകൾ പരസ്പരം വിളിച്ചുപറഞ്ഞുകൊണ്ട് ജീവനുംകൊണ്ട് ഓടുകയായിരുന്നു.

കാര്യമെന്താണെന്ന് അറിയാൻ ഞാൻ മെല്ലെ ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിന്റെ ഭാഗത്തേക്ക് നീങ്ങി. അവിടെനിന്ന് സി.എസ്.ടി. സ്റ്റേഷൻ വ്യക്തമായി കാണാമായിരുന്നു. പതിവായി ആയിരക്കണക്കിന് യാത്രക്കാരെക്കൊണ്ട് നിറഞ്ഞുകവിയുന്ന സ്റ്റേഷൻ അന്ന് അസാധാരണമായി വിജനമായിരുന്നു. അത്രയും തിരക്കുള്ള ഒരു കേന്ദ്രം ഇങ്ങനെ ആളൊഴിഞ്ഞുകിടക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.

കുറച്ചുനേരം കഴിഞ്ഞപ്പോൾ തോൾബാഗുകൾ ധരിച്ച രണ്ടു ചെറുപ്പക്കാർ സ്റ്റേഷനിൽനിന്ന് ടൈംസ് ഓഫ് ഇന്ത്യ ഭാഗത്തേക്കുള്ള മേൽപ്പാലത്തിനരികിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. അവരുടെ കൈകളിൽ ആയുധങ്ങളുണ്ടായിരുന്നു. എന്നാൽ അപ്പോൾ അവരുടെ വരവിന്റെ യഥാർഥ ഭീകരത എനിക്ക് മനസ്സിലായിരുന്നില്ല.

നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്തുകൊണ്ടുള്ള മരണത്തിന്റെ യാത്രയായിരുന്നു അതെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു.

അവരുടെ കൈകളിലുണ്ടായിരുന്നത് എ.കെ.-47 തോക്കുകളായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. അജ്മൽ കസബും ഇസ്മായിൽ ഖാനും എന്ന രണ്ടു ഭീകരർ നഗരത്തെ രക്തക്കളമാക്കാൻ എത്തിയതായിരുന്നു.

അഭ്യൂഹങ്ങൾക്കിടയിൽ മറഞ്ഞ യാഥാർഥ്യം

ആ ഭാഗത്തേക്ക് ആളുകൾ കൂട്ടത്തോടെ ഓടിയെത്താൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷ. എന്നാൽ കൃത്യമായ വിവരങ്ങൾ ആരുടെയും കൈവശമുണ്ടായിരുന്നില്ല.

ദാവൂദിന്റെയും ഛോട്ടാ രാജന്റെയും ആളുകൾ തമ്മിലുള്ള കുടിപ്പകയാണെന്ന് ചിലർ പറഞ്ഞു. പൊലീസിന്റെ എൻകൗണ്ടർ ഓപ്പറേഷനാണെന്ന് മറ്റുചിലർ. സൽമാൻ ഖാന്റെ സിനിമയുടെ ചിത്രീകരണം നടക്കുകയാണെന്നും അതിലെ സംഘട്ടനരംഗമാണെന്നും പറഞ്ഞവരുമുണ്ടായിരുന്നു.

മുംബൈയുടെ ബഹുഭാഷാ, ബഹുസാംസ്കാരിക ജീവിതത്തിൽ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണിത്. പൂർണമായ വിവരങ്ങളില്ലെങ്കിലും ഓരോരുത്തരും കേട്ടതും ഊഹിച്ചതും സ്വന്തം ഭാവനയിൽ ചേർത്ത് മറ്റുള്ളവരിലേക്ക് കൈമാറും. പല ഭാഷകൾ സംസാരിക്കുന്നവർക്ക് വിവരങ്ങളുടെ ഒരു ഭാഗം മാത്രമേ മനസ്സിലാകൂവെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കഥകൾ രൂപപ്പെടും.

എന്നാൽ ഇത്തവണ അത് സാധാരണമായ ഒരു അഭ്യൂഹവിനിമയമായിരുന്നില്ല. യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത ഒരു ജനക്കൂട്ടം മരണത്തിന്റെ നടുവിൽ നിൽക്കുകയായിരുന്നു.

അപ്പോഴാണ് ഒരു പൊലീസ് ജീപ്പ് പാഞ്ഞെത്തിയത്. അവിടെ കൂട്ടംകൂടി നിൽക്കരുതെന്നും സ്റ്റേഷനുള്ളിൽ ബോംബ് സ്ഫോടനം നടന്നിട്ടുണ്ടെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പൊലീസുകാർ മുന്നറിയിപ്പ് നൽകി.

അതുകേട്ടതോടെ എല്ലാവരും മുനിസിപ്പൽ ഓഫീസിന്റെ ഭാഗത്തേക്ക് ഓടി. ഞാനും അവർക്കൊപ്പം ചേർന്നു. ചുറ്റും നോക്കാനോ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാനോ സമയമില്ലായിരുന്നു.

ഓടിയെത്തി നിന്നത് കാമ ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിനു മുന്നിൽ.

ആ നിമിഷം, ഞാനൊരു സാധാരണ വാർത്ത കേൾക്കുന്നയാളായിരുന്നില്ല. അറിയാതെ ഒരു ഭീകരാക്രമണത്തിന്റെ സംഭവസ്ഥലങ്ങൾക്കിടയിൽ അകപ്പെട്ടുപോയ ഒരാളായി മാറിക്കഴിഞ്ഞിരുന്നു.

കാമ ഹോസ്പിറ്റലിനു മുന്നിൽ: ഭീതിയുടെ വ്യാപ്തി തിരിച്ചറിയുന്നു

കാമ ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് വീട്ടിലേക്ക് വിളിച്ചു. എന്നാൽ അവിടെ അപ്പോഴും സംഭവത്തിന്റെ ഗൗരവം അറിഞ്ഞിരുന്നില്ല.

തുടർന്ന് സി.എസ്.ടി. റെയിൽവേ സ്റ്റേഷനിൽ ചീഫ് റിസർവേഷൻ ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന അങ്കിളുമായി ബന്ധപ്പെട്ടു. അപ്പോഴാണ് സി.എസ്.ടി. ഉൾപ്പെടെ മുംബൈയിലെ രണ്ടുമൂന്ന് സ്ഥലങ്ങളിൽ ബോംബാക്രമണം നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരം ലഭിച്ചത്.

കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് കുറച്ചുകൂടി വ്യക്തമായത്. പരിചയമുള്ള കേന്ദ്രങ്ങളിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.

അതിനിടയിൽ കേരളത്തിൽനിന്ന് സുഹൃത്ത് സത്യന്റെ ഫോൺ വന്നു. വർഷങ്ങളോളം മുംബൈയിൽ താമസിച്ചിരുന്ന സത്യനോട് നഗരത്തിൽ നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് പറഞ്ഞു. ഉടൻതന്നെ അദ്ദേഹം കൈരളി ടി.വി. ഡെസ്‌കിൽ ശരത് ചന്ദ്രനെ വിളിച്ച് ബന്ധിപ്പിച്ചു.

അന്ന് ഇന്നത്തെപ്പോലെ എല്ലാവരുടെയും കൈയിൽ സ്മാർട്ട്‌ഫോണുകളോ സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം വിവരങ്ങൾ കൈമാറാനുള്ള സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, സ്ഥലത്തുനിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശ്വസനീയമായി മാധ്യമങ്ങളിലെത്തിക്കുക എന്നത് വലിയ ഉത്തരവാദിത്വമായിരുന്നു.

മുംബൈയിലെ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരം മലയാളി പ്രേക്ഷകരിലേക്ക് അതിവേഗം എത്തിക്കാൻ കൈരളി ടി.വി.ക്ക് കഴിഞ്ഞു. രാത്രി പത്തുമണിയുടെ വാർത്താബുള്ളറ്റിനിൽ ആക്രമണം പ്രധാന വാർത്തയായി റിപ്പോർട്ട് ചെയ്തു.

ഒരു വാർത്തയുടെ ആദ്യവിവരം കൈമാറുന്നതും ആ വാർത്തയുടെ ഭീകരമായ യാഥാർഥ്യം സ്വന്തം കൺമുന്നിൽ തിരിച്ചറിയുന്നതും രണ്ടുതരം അനുഭവങ്ങളാണ്. അന്ന് ആ രണ്ടിനുമിടയിൽ നിൽക്കുകയായിരുന്നു ഞാൻ.

മരണത്തിന്റെ വഴിയിലൂടെ മെട്രോയിലേക്ക്

രാത്രി പത്തരയോടടുത്തപ്പോൾ മെട്രോ സിനിമയുടെ ഭാഗത്തേക്ക് നടന്നു. അപ്പോഴേക്കും ഫോൺവിളികൾ നിലയ്ക്കാതെ വന്നുകൊണ്ടിരുന്നു. വീട്ടിൽനിന്നും ഓഫീസിൽനിന്നും പരിചയക്കാരിൽനിന്നുമെല്ലാം വിളികൾ. ഞാൻ എവിടെയാണ്, സുരക്ഷിതനാണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്.

അപ്പോഴാണ് മനീഷിന്റെ ഫോൺ വന്നത്. വഴിയിൽ എന്തോ പ്രശ്നമുണ്ടായതിനാൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നായിരുന്നു അവൻ പറഞ്ഞത്.

കസബും കൂട്ടാളിയും സി.എസ്.ടി.യിൽനിന്ന് യാത്ര ചെയ്ത ടാക്സിയിൽ സ്ഥാപിച്ചിരുന്ന ബോംബ് വിലെ പാർലെയിൽ പൊട്ടിത്തെറിച്ചതും അതിന്റെ പ്രത്യാഘാതമായി ഗതാഗതം താറുമാറായതുമൊന്നും മനീഷിനും അപ്പോൾ അറിയില്ലായിരുന്നു.

അതിനിടെ കല്യാണിൽനിന്ന് സുഹൃത്ത് ഗോപകുമാർ മേനോന്റെ ഫോൺ വന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും എത്രയും വേഗം ഏതെങ്കിലും ചെറിയ ഹോട്ടലിൽ അഭയം തേടണമെന്നും അദ്ദേഹം ഉപദേശിച്ചു.

ആ മുന്നറിയിപ്പ് സമയോചിതമായിരുന്നു.

അവിടെനിന്ന് കിട്ടിയ ഒരു ടാക്സിയിൽ കയറി സുരക്ഷിതമായ ഒരിടം തേടി യാത്രതിരിച്ചു. പക്ഷേ എവിടേക്ക് പോകണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. നഗരം മുഴുവൻ ഭീതിയിലായിരുന്നുവല്ലോ.

ഞാൻ രക്ഷപ്പെടാനായി ടാക്സിയിൽ കയറിയിറങ്ങിയ അതേ വഴിയിലൂടെ, തൊട്ടുപിന്നാലെ മരണവുമായി രണ്ടു ഭീകരർ പാഞ്ഞുപോയിരുന്നു.

കാമ ഹോസ്പിറ്റലിലെ ആക്രമണത്തിനുശേഷം അജ്മൽ കസബും ഇസ്മായിൽ ഖാനും പൊലീസിന്റെ ജീപ്പ് തട്ടിയെടുത്ത് ആ ഭാഗത്തുകൂടി കടന്നുപോയി. യാത്രയ്ക്കിടെ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്ത് പത്തോളം പേരുടെ ജീവനെടുത്താണ് അവർ മുന്നോട്ടുപോയത്.

ആ സമയം ഞാൻ അവിടെത്തന്നെ ഉണ്ടായിരുന്നെങ്കിൽ?

ആ ചിന്ത ഇന്നും ഉള്ളിൽ ഒരു നടുക്കമായി അവശേഷിക്കുന്നു. സംഭവങ്ങൾ നടക്കുമ്പോൾ നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങളുണ്ട്. നാം എടുക്കുന്ന ചെറിയ തീരുമാനങ്ങൾ പോലും ചിലപ്പോൾ ജീവിതത്തിനും മരണത്തിനുമിടയിലെ അകലമായി മാറുന്നു.

അഭയം തേടി വെസ്റ്റ് എൻഡ് ഹോട്ടലിലേക്ക്

ടാക്സിയിലിരുന്ന് ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് കൊളാബ സുരക്ഷിതമല്ലെന്ന വിവരം ലഭിച്ചത്. പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലായതിനാൽ അവിടേക്ക് എത്തുന്നതും ബുദ്ധിമുട്ടായിരുന്നു. ആക്രമണങ്ങൾ നടന്ന ലിയോപോൾ കഫേ, താജ് ഹോട്ടൽ, നരിമാൻ ഹൗസ് തുടങ്ങിയ സ്ഥലങ്ങളെല്ലാം അടുത്തടുത്തായിരുന്നതിനാൽ ആ പ്രദേശമാകെ അതീവ ജാഗ്രതയിലായിരുന്നു.

എവിടേക്ക് പോകണമെന്ന് ആലോചിച്ചപ്പോൾ വിശാൽ താമസിച്ചിരുന്ന ഹോട്ടലാണ് ഓർമവന്നത്. ടാക്സിക്കാരനോട് നേരെ അവിടേക്ക് പോകാൻ ആവശ്യപ്പെട്ടു.

അങ്ങനെ, അന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാനായി ഒപ്പം നടന്ന വിശാലിന്റെ മുറിയിലേക്ക് ഞാൻ തിരിച്ചെത്തി. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകംതന്നെ മാറിപ്പോയതുപോലെയായിരുന്നു അവന്റെ അവസ്ഥ. ടെലിവിഷനിൽ പുറത്തുവരുന്ന വാർത്തകൾ കണ്ട് വിശാൽ വല്ലാതെ ഭയന്നിരുന്നു.

ഞങ്ങൾ രണ്ടുപേരും ടെലിവിഷനു മുന്നിലിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ ഓരോന്നായി കണ്ടുകൊണ്ടിരുന്നു. ഓരോ വാർത്തയും പുതിയൊരു ദുരന്തത്തിന്റെ വാതിൽ തുറക്കുകയായിരുന്നു.

സി.എസ്.ടി.യിൽ നിരവധിപേർ കൊല്ലപ്പെട്ടതായും കാമ ഹോസ്പിറ്റലിൽ പൊലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടതായും മെട്രോ ജംഗ്ഷനിലും ലിയോപോൾ കഫേയിലും വെടിവയ്പ്പിൽ ആളുകൾ മരിച്ചതായും വാർത്തകൾ പുറത്തുവന്നു.

അക്കങ്ങൾ കൂടിക്കൊണ്ടിരുന്നു. മരണങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരുന്നു. വൈകുന്നേരം ഞങ്ങൾ കടന്നുപോയ വഴികളിൽ ഓരോന്നായി ദുരന്തം വിതച്ചുകൊണ്ടിരുന്നുവെന്ന തിരിച്ചറിവ് ഉള്ളിൽ വല്ലാത്തൊരു ആഘാതമുണ്ടാക്കി.

ലിയോപോൾ കഫേയിൽനിന്ന് തുടങ്ങിയ ആ സായാഹ്നം, ചൗപ്പാത്തിയിലെ കടൽക്കരയും സി.എസ്.ടി.യും കാമ ഹോസ്പിറ്റലും മെട്രോ ജംഗ്ഷനും പിന്നിട്ട് മരണത്തിന്റെ ഭൂപടമായി മാറിയിരുന്നു.

ഞങ്ങൾ ചൗപ്പാത്തിയിൽവെച്ച് യാത്രപറഞ്ഞപ്പോൾ എല്ലാം എത്ര സാധാരണമായിരുന്നു! അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ? വിശാലിനെ ഹോട്ടലിൽ ഇറക്കിയശേഷം ഞാൻ മറ്റൊരു വഴിക്ക് പോയിരുന്നെങ്കിൽ? ടാക്സിക്കാരന്റെ കൈയിൽ ചില്ലറയുണ്ടായിരുന്നെങ്കിൽ?

അത്തരത്തിലുള്ള ചോദ്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു.

രാത്രി മുഴുവൻ ഉറങ്ങാനായില്ല. പുറത്തു മുംബൈ ഭീകരാക്രമണത്തിന്റെ പിടിയിലായിരുന്നു. മുറിക്കുള്ളിൽ ഞങ്ങൾ ടെലിവിഷൻ സ്ക്രീനിൽ കണ്ണുംനട്ടിരുന്നു. ഓരോ പുതിയ വിവരവും ഞങ്ങളുടെ ആശങ്ക വർധിപ്പിച്ചു.

അവസാനം അർധരാത്രിയോടെ ചൗപ്പാത്തിയിൽ അജ്മൽ കസബിനെ പിടികൂടിയെന്ന വിവരം പുറത്തുവന്നു. ഞങ്ങൾ നേരത്തെ പിരിഞ്ഞുപോയ അതേ ചൗപ്പാത്തി! അന്ന് ഒരു സാധാരണ കടൽക്കരയായി തോന്നിയ ആ സ്ഥലം, മണിക്കൂറുകൾക്കുള്ളിൽ ഭീകരാക്രമണത്തിന്റെ ചരിത്രത്തിലെ നിർണായകമായ ഇടമായി മാറിയിരുന്നു.

അവിടെനിന്ന് യാത്രപിരിഞ്ഞത് എത്ര വലിയ ഭാഗ്യമായിരുന്നുവെന്ന് അപ്പോഴാണ് കൂടുതൽ ആഴത്തിൽ തിരിച്ചറിഞ്ഞത്.

പുലരിയെത്തിയെങ്കിലും മുംബൈയുടെ മുറിവുകൾ ഉണങ്ങിയില്ല

പിറ്റേന്ന് രാവിലെതന്നെ വിശാലിനോട് യാത്രപറഞ്ഞ് ആദ്യത്തെ ട്രെയിനിൽ വീട്ടിലേക്ക് തിരിച്ചു.

എന്നാൽ, തലേദിവസം കണ്ടതും കേട്ടതുമായ കാഴ്ചകൾ മനസ്സിൽനിന്ന് മാഞ്ഞിരുന്നില്ല. മുംബൈയുടെ പല ഭാഗങ്ങളിലും സാധാരണ ജീവിതം നിശ്ചലമായിരുന്നു. വീടുകളിലേക്ക് മടങ്ങേണ്ടവർ, പ്രിയപ്പെട്ടവരെ അന്വേഷിക്കുന്നവർ, ആശുപത്രികളിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടുന്നവർ… ഒരു നഗരം മുഴുവൻ ആശങ്കയിലായിരുന്നു.

പാകിസ്ഥാനിൽനിന്നെത്തിയ പത്തംഗ ഭീകരസംഘമാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ എട്ടിടങ്ങളിലായി നടന്ന ആക്രമണങ്ങൾ മൂന്നു ദിവസത്തോളം മുംബൈയെ മുൾമുനയിൽ നിർത്തി. 166 പേർ കൊല്ലപ്പെടുകയും അറുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അതൊരു തീരാനഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്ഷപ്പെട്ടവരുടെ ജീവിതവും പഴയതുപോലെ തുടരാനായില്ല. ആക്രമണത്തിന്റെ ഭൗതിക മുറിവുകൾക്കൊപ്പം മനസ്സിൽ പതിഞ്ഞ ഭീതിയും നഷ്ടബോധവും എത്രയോ പേരെ ഇന്നും പിന്തുടരുന്നുണ്ടാകാം.

അന്ന് നഗരത്തിലൂടെ നടന്നുപോയ വഴികളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഒരു നടുക്കം അനുഭവപ്പെടുന്നു. ലിയോപോൾ കഫേയിൽനിന്ന് ചൗപ്പാത്തിയിലേക്ക്, അവിടെനിന്ന് സി.എസ്.ടി.യിലേക്ക്, പിന്നെ കാമ ഹോസ്പിറ്റലിനു മുന്നിലേക്ക്, ഒടുവിൽ മെട്രോ ജംഗ്ഷനിലൂടെ സുരക്ഷിതമായ ഒരിടത്തേക്ക്…

മരണം താണ്ഡവമാടിയ ഈ സ്ഥലങ്ങളിലെല്ലാം ഞാൻ അന്ന് കടന്നുപോയിരുന്നു. ഓരോ സ്ഥലത്തും ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ സംഭവങ്ങൾ മാറിമറിഞ്ഞു. ആ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ മുഴുവൻ അപ്പോൾ അറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വാർത്തകളിലൂടെയും അന്വേഷണങ്ങളിലൂടെയും ഓരോ വിവരവും പുറത്തുവന്നപ്പോഴാണ് അന്നത്തെ അനുഭവങ്ങളുടെ യഥാർഥ ഗൗരവം മനസ്സിലായത്.

ജീവിതത്തിൽ ചിലപ്പോൾ ഭാഗ്യം എന്ന വാക്കിന് വലിയ അർഥമുണ്ടാകുന്നു. അന്ന് ഞാൻ രക്ഷപ്പെട്ടത് അത്തരമൊരു അനുഭവമായാണ് ഇന്നും ഓർക്കുന്നത്.

ആക്രമണത്തിനുശേഷം: കൈരളി ടി.വി.യുടെ ക്രോസ് ഫയർ

ഭീകരാക്രമണത്തിനു പിന്നാലെ രണ്ടോ മൂന്നോ ദിവസത്തിനകം കൈരളി ടി.വി. സംഘടിപ്പിച്ച ‘ക്രോസ് ഫയർ’ എന്ന സംവാദപരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ ആക്രമണവും അതുയർത്തിയ ആശങ്കകളും മുംബൈയുടെ സുരക്ഷാസംവിധാനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചർച്ചചെയ്യാനായിരുന്നു പരിപാടി.

കൈരളി ടി.വി. മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് നയിച്ച സംവാദത്തിൽ ഹോട്ടൽ വ്യവസായി ക്യാപ്റ്റൻ കൃഷ്ണൻ നായർ, ജ്വല്ലറി വ്യവസായി വി.ജി. നായർ, തൊഴിലാളി നേതാവ് പി.ആർ. കൃഷ്ണൻ, മുനിസിപ്പൽ കമ്മീഷണർ ബാലചന്ദ്രൻ, മുതിർന്ന പത്രപ്രവർത്തകൻ പി.കെ. രവീന്ദ്രനാഥ്, എൻ.സി.പി. നേതാവ് എൻ.കെ. ഭൂപേഷ് ബാബു, വ്യവസായി എം കെ നവാസ്, സാമൂഹിക പ്രവർത്തകൻ ഇ.പി. വാസു, ഗിരീഷ് നായർ, ഗോപി നായർ, പ്രൊഫ. പറമ്പിൽ ജയകുമാർ, മേഘനാഥൻ, രുഗ്മിണി സാഗർ, ഓമന സുധാകരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ആക്രമണത്തിന്റെ ആഘാതത്തിൽനിന്ന് നഗരം മോചിതമായിത്തുടങ്ങിയിരുന്നില്ല. സുരക്ഷാവീഴ്ചകൾ, ഭീകരാക്രമണങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ, പൊതുജനങ്ങളുടെ സുരക്ഷ, നഗരത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന ആശങ്കകൾക്ക് അന്നും വലിയ പ്രസക്തിയുണ്ടായിരുന്നു.

ഇത്രയും വർഷങ്ങൾക്കുശേഷം ആ സംവാദത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: ചില ചോദ്യങ്ങൾക്ക് കാലം കടന്നുപോയാലും പ്രസക്തി നഷ്ടപ്പെടുന്നില്ല. അന്നത്തെ ചർച്ചകളിൽ ഉയർന്ന ആശങ്കകളും മുന്നറിയിപ്പുകളും ഒരു ദുരന്തത്തിനുശേഷം സമൂഹം സ്വയം ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു.

എന്നാൽ, ഒരു ഭീകരാക്രമണത്തിന്റെ യഥാർഥ ആഘാതം മരണസംഖ്യയിലോ നാശനഷ്ടങ്ങളുടെ കണക്കുകളിലോ മാത്രം ഒതുങ്ങുന്നില്ല. അത് ഒരു നഗരത്തിന്റെ കൂട്ടായ ഓർമകളിലും മനുഷ്യരുടെ വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളുടെ നഷ്ടബോധത്തിലും പതിഞ്ഞുകിടക്കുന്നു.

കാലം മായ്ക്കാത്ത ഓർമകൾ

2008 നവംബർ 26-ന്റെ ആ രാത്രി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഭീകരാക്രമണത്തിന്റെ വാർത്തകളല്ല. മറിച്ച്, അന്ന് നടന്നുപോയ ചെറിയ ചെറിയ നിമിഷങ്ങളാണ്.

വിശാലിന് ഭക്ഷണം വാങ്ങിക്കൊടുക്കാനായി ലിയോപോൾ കഫേയിലേക്ക് പോയത്. അവിടെനിന്ന് ചൗപ്പാത്തിയിലേക്ക് നടന്നത്. കടൽക്കരയിൽ സംസാരിച്ചുനിന്നത്. സി.എസ്.ടി.യിലേക്കുള്ള ടാക്സിയാത്ര. ചില്ലറയ്ക്കായി കാത്തുനിന്ന ആ കുറച്ചുനിമിഷങ്ങൾ. സ്റ്റേഷനിൽനിന്ന് ആളുകൾ ചിതറിയോടുന്നത്. ‘ഗാങ് വാർ ഹേ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടിയവരുടെ മുഖങ്ങൾ. കാമ ഹോസ്പിറ്റലിനു മുന്നിലെ പരിഭ്രാന്തി. നിർത്താതെ വന്ന ഫോൺവിളികൾ. ഒടുവിൽ വെസ്റ്റ് എൻഡ് ഹോട്ടലിലെ മുറിയിൽ കഴിച്ചുകൂട്ടിയ ഉറക്കമില്ലാത്ത രാത്രി.

അന്നത്തെ ഓരോ നിമിഷത്തിനും ഇന്ന് പുതിയൊരു അർഥമുണ്ട്.

ആ രാത്രി എന്നെ പഠിപ്പിച്ച ഒരു വലിയ സത്യമുണ്ട്: നാം ജീവിക്കുന്ന നഗരം അതിന്റെ കെട്ടിടങ്ങളോ റോഡുകളോ വെളിച്ചങ്ങളോ മാത്രമല്ല. അവിടെ ജീവിക്കുന്ന മനുഷ്യരും അവരുടെ സ്വപ്നങ്ങളും ബന്ധങ്ങളും പ്രതീക്ഷകളുമാണ് ഒരു നഗരത്തെ നഗരമാക്കുന്നത്. അവർക്കെതിരെയുള്ള ഒരു ആക്രമണം നഗരത്തിന്റെ ആത്മാവിനെത്തന്നെയാണ് മുറിവേൽപ്പിക്കുന്നത്.

മുംബൈയെക്കുറിച്ച് എഴുതുമ്പോൾ അതിന്റെ തിളക്കവും വളർച്ചയും വിജയങ്ങളും മാത്രം രേഖപ്പെടുത്തിയാൽ പോരാ. അതിന്റെ ഇരുണ്ട രാത്രികളും മറക്കാനാവാത്ത ദുരന്തങ്ങളും അതിജീവനത്തിന്റെ കഥകളും കൂടി പറയേണ്ടതുണ്ട്.

ചില ഓർമകൾ എഴുതിവെക്കുന്നത് ഭൂതകാലത്തെ വീണ്ടും ജീവിക്കാനല്ല. മറക്കരുതാത്ത കാര്യങ്ങൾ വരുംതലമുറകൾക്കായി സൂക്ഷിച്ചുവെക്കാനാണ്.

മുംബൈയുടെ തെരുവുകളിലൂടെ ഇനിയും എത്രയോ യാത്രകൾ ബാക്കിയുണ്ട്. എത്രയോ മനുഷ്യർ, സംഭവങ്ങൾ, സന്തോഷങ്ങൾ, നഷ്ടങ്ങൾ, അതിജീവനത്തിന്റെ കഥകൾ…

കാലം എത്ര കടന്നുപോയാലും, മരണത്തിന്റെ നിഴൽ തൊട്ടരികിലൂടെ കടന്നുപോയ ആ രാത്രി മനസ്സിൽ തെളിഞ്ഞുനിൽക്കും.

മുംബൈ 26/11 — മറക്കാനാവാത്ത ഒരു രാത്രി. അതിജീവനത്തിന്റെ വില തിരിച്ചറിഞ്ഞ ഒരു ജീവിതാനുഭവം.

  • പ്രേംലാൽ | premlal@yahoo.com |

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കരുത്തിന്റെയും ആവേശത്തിന്റെയും പോരാട്ടം; പൻവേലിൽ 15-ാമത് വടംവലി മത്സരം സംഘടിപ്പിച്ചു

പുരുഷ വിഭാഗത്തിൽ കേരള സമാജം കിം ലയൺസ് സൂറത്തിന് കിരീടം; വനിതാ വിഭാഗത്തിൽ ശ്രീ മുത്തപ്പൻ സേവാ സംഘം...

പ്രകൃതിയുടെ മടിത്തട്ടിൽ കുട്ടികൾക്കായി ‘ഗ്രാമിക 2026’ സംഘടിപ്പിച്ച് സീവുഡ്സ് മലയാളി സമാജം

നവിമുംബൈ: സീവുഡ്സ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രകൃതി ക്യാമ്പായ ‘ഗ്രാമിക 2026’ വേറിട്ട അനുഭവമായി....

മുംബൈ നവംബർ 26; ഒരോർമ്മ

നവംബർ 26, 2008 ബുധനാഴ്ച സമയം ഏതാണ്ട് രാത്രി 9.30 മണി. ഡിസംബറിൻ്റെ തണുപ്പിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന നഗരം...

എംഎസ്എംഇ രംഗത്തെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ‘സല്യൂട്ട് മഹാരാഷ്ട്ര’

മുംബൈ: മഹാരാഷ്ട്രയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ഇൻഡോ ഗൾഫ് ആൻഡ്...
spot_img

More like this

കരുത്തിന്റെയും ആവേശത്തിന്റെയും പോരാട്ടം; പൻവേലിൽ 15-ാമത് വടംവലി മത്സരം സംഘടിപ്പിച്ചു

പുരുഷ വിഭാഗത്തിൽ കേരള സമാജം കിം ലയൺസ് സൂറത്തിന് കിരീടം; വനിതാ വിഭാഗത്തിൽ ശ്രീ മുത്തപ്പൻ സേവാ സംഘം...

പ്രകൃതിയുടെ മടിത്തട്ടിൽ കുട്ടികൾക്കായി ‘ഗ്രാമിക 2026’ സംഘടിപ്പിച്ച് സീവുഡ്സ് മലയാളി സമാജം

നവിമുംബൈ: സീവുഡ്സ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രകൃതി ക്യാമ്പായ ‘ഗ്രാമിക 2026’ വേറിട്ട അനുഭവമായി....

മുംബൈ നവംബർ 26; ഒരോർമ്മ

നവംബർ 26, 2008 ബുധനാഴ്ച സമയം ഏതാണ്ട് രാത്രി 9.30 മണി. ഡിസംബറിൻ്റെ തണുപ്പിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന നഗരം...