സംഗീത സംവിധായകൻ, ഗായകൻ, നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ 1973 മുതൽ കലാസാംസ്കാരിക രംഗത്ത് സജീവമായ പ്രേംകുമാറിന് മഹാനഗരത്തിന്റെ ആദരം . കഴിഞ്ഞ ദിവസം ഹീരാ നന്ദാനി കേരളൈറ്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയിലാണ് ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ചടങ്ങിൽ മുഖ്യാതിഥിയായ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പ്രേംകുമാറിനെ ആദരിച്ചത്.
പ്രസിഡന്റ് തോമസ് ഓലിക്കൽ, ചെയർമാൻ പോൾ പെരിങ്ങാട്ട് , സെക്രട്ടറി ഏ എൻ ഷാജി, ട്രഷറർ മാത്യു മാമൻ എന്നിവർ സന്നിഹിതരായിരുന്നു.
സംഗീതയാത്രയിലെ നാഴികകല്ലായി അംഗീകാരം ഹൃദയത്തോട് ചേർത്ത് വയ്ക്കുമെന്ന് പ്രേംകുമാർ പറഞ്ഞു. പയ്യന്നൂർകാരനായ ഗായകനെ ശൈലജ ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു.
തുടർന്ന് സപ്തസ്വരയുടെ ബാനറിൽ പ്രേംകുമാർ നയിച്ച സംഗീത പരിപാടിയും അരങ്ങേറി
ഇതിനകം വിവിധ ഭാഷകളിലായി 900-ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സ്വപ്നങ്ങൾക്കപ്പുറം’, ലോക സമസ്ത’, തസ്കര പുത്രൻ’, തുടങ്ങിയ മലയാള ചിത്രങ്ങൾക്കായി സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് ‘ . യേശുദാസ്, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ബിജു നാരായണൻ, സുദീപ് കുമാർ, വിധു പ്രതാപ് തുടങ്ങിയ പ്രശസ്തർ പ്രേംകുമാർ ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മലയാളത്തിലും ഹിന്ദിയിലും ഹിന്ദു ഭക്തിഗാനങ്ങൾ അടക്കം ഒട്ടേറെ ഓഡിയോ ആൽബങ്ങൾ.
എൺപതുകളിലാണ് ‘സപ്തസ്വര’ എന്ന സംഗീത ട്രൂപ്പിന് തുടക്കമിടുന്നത്. ‘സപ്തസ്വര’യുടെ ബാനറിൽ ‘സുവർണ സ്മരണകൾ’, ‘ഗസൽ സന്ധ്യ’ തുടങ്ങിയ സംഗീത പരിപാടികൾ കൂടാതെ നിരവധി സാംസ്‌കാരിക പരിപാടികൾക്കും മെഗാ ഷോകൾക്കും വേദിയൊരുക്കി. ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും പ്രേംകുമാറിനെ തേടിയെത്തിയിട്ടുണ്ട്.