പ്രൊഫ.പറമ്പിൽ ജയകുമാർ എഴുത്തുകാരനും മികച്ച പ്രസംഗികനുമാണ്. സംവാദത്തിനും പ്രഭാഷണത്തിനും വിശിഷ്ട വ്യക്തികളിൽ നിന്ന് അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജയകുമാർ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു ജോലി തേടി മുംബൈയിലെത്തിയത്. മുംബൈ യൂണിവേഴ്സിറ്റിയുടെ എൽഎൽബി ബിരുദവും സ്വന്തമാക്കി.
ഐടിഎം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ പ്രൊഫസറായി മുംബൈയിലും നവി മുംബൈയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മരണശേഷം കേരളത്തിലേക്ക് മാറിയ പ്രൊഫ.പറമ്പിൽ ജയകുമാർ ഐടിഎം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഓൺലൈനായി ജോലി ചെയ്തുവരുന്നു.
പ്രഗത്ഭനായ ഒരു മാനേജ്‌മെൻ്റ് ഗുരു, പ്രഗത്ഭനായ ഭരണാധികാരി, മികച്ച സംഘാടകൻ കൂടാതെ പ്രൊഫ.പറമ്പിൽ ജയകുമാർ ഒരു മികച്ച വാഗ്മി കൂടിയാണ്.
മുംബൈയിൽ താനെ ശ്രീനഗറിൽ താമസിച്ചിരുന്ന കാലത്തുണ്ടായിരുന്ന രസകരമായ അനുഭവമാണ് ചില മലയാളികളുടെ ഭാഷാ പ്രയോഗത്തിലെ പൊങ്ങച്ചം ഉണ്ടാക്കി വക്കുന്ന പുകിലുകൾ ചൂണ്ടിക്കാട്ടി പ്രൊഫ പറമ്പിൽ ജയകുമാർ പങ്ക് വയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :
സുന്ദരമായ മലയാള പദങ്ങൾ കൊണ്ട് നിഷ്പ്രയാസം പ്രകടിപ്പിക്കാവുന്ന ആശയങ്ങൾ പോലും ഇംഗ്ലീഷ് പദങ്ങൾ മനപ്പൂർവ്വം കുത്തിത്തിരുക്കി വികൃതമാക്കി പറഞ്ഞൊപ്പിക്കാൻ പെടാപ്പാടുപെടുന്ന ധാരാളം പേരെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിൽ speak ചെയ്യുമ്പോൾ english words, in between use ചെയ്യുന്നത് നല്ല habit അല്ല. അത് maximum avoid ചെയ്യേണ്ടതാണ്. Pure മലയാളത്തിൽ talk ചെയ്യുവാൻ capability ഉള്ളവർ പോലും അങ്ങനെ ചെയ്യാത്ത unfortunate situation ആണ് ഇന്ന് കാണുന്നത്.
ഏതൊരു ഭാഷയും അതിന്റെ പ്രയോഗത്തിലൂടെയാണ് വളരുന്നത്. മലയാളഭാഷ പ്രയോഗിക്കാൻ ബാദ്ധ്യതയുള്ള മലയാളികൾ തന്നെ അങ്ങനെ ചെയ്യുവാൻ വിമുഖത കാട്ടിയാൽ നമ്മുടെ ഭാഷ എങ്ങനെ വളരും. കുറച്ചു വർഷങ്ങൾക്കുമുൻപ് എനിക്കുണ്ടായ ഒരു അനുഭവം ഓർക്കുന്നു.
അന്ന് ഞാൻ മുംബൈയിലെ താനെയിലുള്ള ശ്രീനഗറിൽ ആയിരുന്നു താമസം. ഒരു മലയാളി സംഘടന അതിന്റെ വാർഷികാഘോഷ പരിപാടിയിൽ അതിഥിയായി എന്നെ ക്ഷണിച്ചു. ഇവിടെ നിന്നും നാലഞ്ച് മണിക്കൂർ യാത്രചെയ്താലേ അവിടെത്തൂ. ഒരു ഞായറാഴ്ച വൈകുന്നേരം ആകയാൽ പരിപാടി കഴിഞ്ഞ് അസമയത്തുള്ള മടക്കയാത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്.. ഇതൊക്കെ പറഞ്ഞ് ഞാൻ ഒഴിവാകൻ നോക്കി . ഒരു പരിചയക്കാരൻ ഏറെ നിർബന്ധിച്ചപ്പോൾ എനിക്ക് അത് നിരസിക്കാൻ കഴിഞ്ഞില്ല.. പരിപാടി കഴിഞ്ഞ് ഒരു സംഘാടകന്റെ വീട്ടിൽ കിടന്നുറങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയൊക്കെ കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. സംഘാടകരിൽ ഒരാൾ വന്ന് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തി ബെല്ലടിച്ചതും അദ്ദേഹത്തിന്റെ ഭാര്യ വന്ന് കതകു തുറന്നു. ഉറക്കച്ചടവോടെ ‘ വാട്ടു ചേട്ടാ സോ ലേറ്റ് ‘ എന്നായിരുന്നു അവരുടെ ആദ്യപ്രതികരണം.
സംഘടകനായ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ആരും പരിപാടിക്ക് എത്തിയിരുന്നില്ല എന്ന് അപ്പോൾ മനസ്സിലായി. എന്നാലും വലിയൊരു സദസ്സുണ്ടായിരുന്നു. അദ്ദേഹം ഇംഗ്ലീഷിൽ ആയിരുന്നു എന്നെ ഭാര്യക്ക് പരിചയപ്പെടുത്തിയത്. തുടർന്നങ്ങോട്ടുള്ള വർത്തമാനം മിക്കവാറും ഇംഗ്ലീഷിൽ ആയിരുന്നു. പുട്ടു പുഴുങ്ങുമ്പോൾ അങ്ങിങ്ങായി തേങ്ങാപ്പീര വിതറുന്നതുപോലെ അവിടിവടെ ചില മലയാള പദങ്ങൾ ചേർത്തിരുന്നതൊഴിച്ചാൽ സംസാരമപ്പിടി ഇംഗ്ലീഷ് ആണെന്ന് അവർ ധരിച്ചുള്ള ഭാഷയിൽ ആയിരുന്നു. ഏതാണ്ട് പടിഞ്ഞാറോട്ടടുത്തു നിൽക്കുന്ന വസ്ത്രധാരണം ചെയ്തിരുന്ന അവർക്ക് എന്റെ ‘മുണ്ടും ജുബ്ബയും ‘ വേഷം ഇഷ്ടമായില്ലെന്ന് പുഞ്ചിരിയുടെ ലാഞ്ചന പോലുമില്ലാത്ത അവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു.
‘ ഐ ഡോണ്ട് ലൈക് ദീസ് മലയാലം പ്രോഗ്രാംസ് ‘ എന്നു തുടങ്ങി ‘ബ്ലഡി സാമ്പാറും ‘ ‘ബ്ലഡി തിയ്യലും ‘ ‘ബ്ലഡി അവിയലും’ വരെ സംസാര വിഷ യമായി.
കോളേജ് പ്രൊഫസർ ആണെന്ന് അദ്ദേഹം എന്നെ അവർക്ക് പരിചയപ്പെടുത്തി.
‘ഓഹോ… ടീച്ചു ചെയ്യുകയാണോ ‘ എന്ന് ചോദിച്ചു. മുഖം വക്രിച്ചുള്ള ആ ചോദ്യവും ശരീരഭാഷയും ‘ തന്നെ കണ്ടിട്ട് ഒരു പ്രൊഫസർ ലുക്ക് ഒന്നും ഇല്ലെല്ലോടോ ‘ എന്ന് ധ്വനിപ്പിക്കുന്നുണ്ടായിരുന്നു.
‘ ഏതു subject ആണ് ടീച്ചു ചെയ്യുന്നത് ‘ എന്നായി അടുത്ത ചോദ്യം. MBA വിദ്യാർത്ഥികളെ ‘ Human Resource Management ‘ പഠിപ്പിക്കുന്നു എന്നറിയിച്ചപ്പോൾ അതേൽകേറി കടിച്ചുപറിക്കാൻ കഴിയാഞ് അവർ നിശ്ശബ്ദയായി.
വീടിന്റെ മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ ആയിരുന്നു എനിക്ക് കിടക്കാൻ സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ ഉണർന്ന് കുളിച്ചൊരുങ്ങി ബാഗും തൂക്കി പടികളിറങ്ങി ഞാൻ സ്വീകരണമുറിയിലേക്ക് വരുമ്പോൾ ഗൃഹനാഥ ആരോടോ ഉച്ചത്തിൽ പറയുന്നത് കേട്ടു. ‘ ടുട്ടൂ ഗോ ആന്റ് പുട്ടപ്പി ‘ എന്ന്.
ഇത് പലതവണ അവർ ആവർത്തിക്കുന്നത് കേട്ടു. പടികളിറങ്ങിവന്ന് സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുമ്പോൾ ‘ പുട്ടപ്പി ‘ എന്നാൽ എന്തെന്ന് ഞാൻ മനസ്സിൽ ചികയുകയായിരുന്നു. ഇതിന്റെ ആവർത്തനവും തുടർന്നുള്ള സംസാരവും കേട്ടപ്പോൾ രാവിലെ മകനെ സ്കൂളിൽ അയക്കാനുള്ള തിരക്കിലാണ് അവരെന്നും ടുട്ടു എന്ന് വിളിക്കുന്ന മകനോട് പോയി അപ്പിയിടാൻ പറയുകയാണെന്നും എനിക്ക് മനസ്സിലായി.
എന്തായാലും ടുട്ടു അപ്പി പുട്ടു ചെയ്യുന്നതിന് മുൻപ് ഒരു ചായയും കുടിച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് ‘നടക്കബിൾ ഡിസ്റ്റൻസേ ‘ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ട് വേഗത്തിൽ വെച്ചുപിടിക്കുമ്പോൾ ഒരു മലയാളി ഓടി അടുത്തു വന്നു.
‘ സാറേ ഇന്നലെ പ്രസംഗം കസറി ‘ എന്നു പറഞ്ഞു അഭിനന്ദിച്ചപ്പോൾ അലക്ഷ്യമായി ഒരു നന്ദി പറഞ്ഞെങ്കിലും, ഉടുപ്പിലും നടപ്പിലും കിടപ്പിലും മാത്രമല്ല അപ്പിയിടുന്നതിൽപോലും സായിപ്പാകാനുള്ള വ്യഗ്രത കാട്ടുന്നവരെയോർത്ത് എന്റെ മനസ്സ് വ്യാകുലപ്പെടുകയായിരുന്നു.