മലയാളഭാഷാ പ്രചാരണസംഘം സംഘടിപ്പിച്ച മലയാളോത്സവം പ്രതിഭകളുടെ സംഗമവേദിയായപ്പോൾ വനിതകളുടെയും കുട്ടികളുടെയും പ്രതിനിധ്യമാണ് ഏറെ ശ്രദ്ധേയമായത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ മാറ്റുരച്ചത്.
നാടോടി നൃത്തവേദിയിൽ പുത്തൻ ചുവടുകളുമായി ചലച്ചിത്ര നടിയും മോഡലുമായ നിമിഷ നായരും അമ്മ ജയ നായരും സംഘവുമാണ് മത്സര വേദിയെ ത്രസിപ്പിച്ചത്. നിമിഷ നായരും, ജയ നായരും രണ്ടു ഗ്രൂപ്പുകളിലായി വ്യത്യസ്ത വിഭാഗങ്ങളിലെത്തി ഒരേ വേദിയിൽ മത്സരിച്ചതും ശ്രദ്ധേയമായി.
2018ല്‍ പുറത്തിറങ്ങിയ ശബ്ദം, 2021ല്‍ പുറത്തിറങ്ങിയ ഇവള്‍ ഗോപിക തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ നിമിഷയുടെ കൂടുതൽ ചിത്രങ്ങളിൽ അണിയറയിൽ ഒരുങ്ങുകയാണ്. കലോത്സവ വേദികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരത്തിൽ പങ്കെടുത്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തവും പ്രകടനങ്ങളും അതിശയിപ്പിച്ചുവെന്നും നിമിഷ പറഞ്ഞു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഭാഷയും സംസ്കാരവും കൈമോശം വരാതിരിക്കാനും പുതു തലമുറക്ക് ജന്മനാടിന്റെ സംസ്കാരവും പൈതൃകവും പരിചയപ്പെടുത്താനും ഇത്തരം വേദികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കേരളീയ സംസ്കാരത്തിൻ്റെ വ്യത്യസ്തമായ ധാരകളെ സർഗാത്മകമായി സംയോജിപ്പിക്കുന്ന വലിയൊരു സാംസ്കാരിക പ്രവർത്തനമാണ് മലയാളഭാഷാ പ്രചാരണസംഘം 2012ൽ തുടങ്ങി വച്ച മലയാളോത്സവം. മഹാനഗരത്തിലെ മലയാളത്തെ വീണ്ടെടുക്കാനെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമത്തിന് വലിയ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മലയാളോത്സവം കേരള സാംസ്കാരിക ഗരിമയ്ക്ക് തിലകച്ചാർത്തുമായി സർഗവസന്തത്തിൻ്റെ പൂക്കാലമായി മാറിയതിന് പിന്നിൽ ഒരു കൂട്ടം നിസ്വാർഥരായ സാമൂഹിക പ്രവർത്തകരുടെ പ്രവർത്തന മികവും പരസ്പര ധാരണയുമാണ് നിമിത്തമായത്
മുംബൈയിലും പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള 10 മേഖലകളിൽ നിന്നായി ആയിരത്തോളം മത്സരാർഥികളാണ് കേന്ദ്ര കലോത്സവത്തിൽ മാറ്റുരച്ചത്.
പ്രസിഡന്റ് റീന സന്തോഷ്, ജന. സെക്രട്ടറി രാജന്‍ നായര്‍ , മലയാളോത്സവം കണ്‍വീനര്‍മാരായ അനില്‍ പ്രകാശ്, പ്രദീപ് കുമാര്‍ കൂടാതെ ഡോംബിവ്‌ലി കല്യാൺ മേഖല ടീമിന്റെ ചിട്ടയായ ആസൂത്രണവും ഏകോപനവുമാണ്
മുംബൈ മലയാളികളുടെ സർഗോത്സവത്തെ വൻ വിജയമാക്കിയത്.
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം എന്നറിയപ്പെടുന്ന ഡോംബിവ്‌ലി കേരളീയ സമാജമാണ് ഇതാദ്യമായി മലയാളോത്സവത്തിന് വേദിയൊരുക്കിയത്.