മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ രാജൻ കിണറ്റിങ്കരയാണ് വീണ്ടുമൊരു അപൂർവ്വ രചനയുമായി വിസ്മയിപ്പിക്കുന്നത്. രാജന്റെ മിക്കവാറും രചനകൾ തന്റെ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടയിലെ വിരസതയകറ്റാനുള്ള ക്രിയാത്മക ചിന്തകളിൽ നിന്നുള്ള ആവിഷ്ക്കാരങ്ങളാണെന്ന് പറയാം. ഇതിന് മുൻപ് ശ്രീകൃഷ്ണനെ കുറിച്ചും അമ്മയെ കുറിച്ചും മഴയെ കുറിച്ചും മുംബൈ ജീവിതത്തെക്കുറിച്ചുമെല്ലാം 101 ചെറു കവിതകൾ കുറഞ്ഞ മണിക്കൂറിൽ എഴുതി ശ്രദ്ധ നേടിയ രാജൻ ഇപ്പോഴിതാ അയ്യപ്പനെ കുറിച്ചാണ് ട്രെയിൻ യാത്രയിൽ 101 ശരണ സത്യങ്ങൾ എഴുതിയിരിക്കുന്നത്.
1)
ഗണപതി ദേവന്
കാണിക്കയർപ്പിച്ച്
കാണാത്ത ഭൂവിലേ –
ക്കൊരു തീർത്ഥയാത്ര
2)
നഗ്നപാദങ്ങളാൽ
മലതാണ്ടിയൊരു
മോക്ഷപ്രാപ്തിക്കായ്
അവിഘ്ന യാത്ര
3)
കറുപ്പിനപ്പുറം
വെളുപ്പിന്റെ
പുതുലോകമുണ്ട്
4)
മല കയറ്റത്തിനും
മലയിറക്കത്തിന്നുമിടയിലെ
വിശുദ്ധ യാത്രകൾ
5)
പതിനെട്ട് പടികയറ്റം
പതിനെട്ട്
പ്രായശ്ചിത്തങ്ങളാണ്
6)
ശരണ മന്ത്രങ്ങൾക്ക്
അഗ്നി വിശുദ്ധിയുണ്ട്
കാറ്റിന്റെ ശക്തിയുണ്ട്
7)
വഴികൾ തീരുന്നത്
ശ്രീകോവിൽ നടയിൽ
തുടങ്ങുന്നതും
അയ്യപ്പ സവിധത്തിൽ
8)
വ്രതശുദ്ധിയുടെ
തേങ്ങയുടക്കൽ
ഭൗതിക സുഖങ്ങളുടെ
പൊട്ടിച്ചെറിയലാണ്
9)
വൃശ്ചിക പുലരിക്ക്
നീലിമലയുടെ കുളിരുണ്ട്
പമ്പാ നദിയുടെ
സംഗീതമുണ്ട്
10)
നാൽപത്തി ഒന്ന്
വ്രത ദിനങ്ങൾ
നൽകുന്നത്
ദേഹശുദ്ധിയല്ല
ഹൃദയ ശുദ്ധിയാണ്
11)
മലകയറ്റം
കർമ്മബന്ധങളുടെ
മോചനമല്ല
കർമ്മാധിഷ്ഠിതമായ
ഉപാസനയാണ്
12)
ചവിട്ടി നടന്ന
കല്ലിലും മുള്ളിലും
പാപഭാരങ്ങളുടെ
മുറിപ്പാടുകൾ കാണാം
13)
നോറ്റു നോറ്റ
നോയമ്പുകൾക്ക്
കാത്ത് കാത്ത്
ദിവ്യദർശനം
14)
പകലുതിരും
പർവ്വതമുകളിൽ
ശബരീശന്
കാഴ്ച നിവേദ്യം
15)
ചന്ദന കർപ്പൂര
ദീപ ശോഭയിൽ
എരിഞ്ഞടങ്ങുന്ന
സ്വാർത്ഥ ദാഹങ്ങൾ
16)
വഴിയമ്പലങ്ങളിൽ
തലചായ്ച്ചുറങ്ങുന്ന
വഴിയറിയാത്ത
കന്നിസ്വാമിമാർ
17)
മഴകുതിർന്ന
വഴികളിൽ
മുകിൽവിരിച്ച
തണലുകൾ
18)
പമ്പാ സ്നാനം
പാവനം
ശബരീ ദർശനം
പരിപാവനം
19)
തലയിൽ
ഇരുമുടിക്കെട്ടല്ല
ജീവിതഭാരങ്ങളുടെ
ഊരാക്കുടുക്കുകളാണ്
20)
ജാതിയില്ല മതവുമില്ല
കുലമില്ല, വർണ്ണമില്ല
മനുഷ്യജന്മ സുകൃതമായി
ദേവദർശനയാത്ര
21)
“സ്വാമിയേ
ശരണം അയ്യപ്പാ”,
ഇതൊരു മന്ത്രമല്ല
ഒരു വിലാപമാണ്
അശരണരുടെ വിലാപം
22)
പുലിയിറങ്ങും
വഴികളിൽ
പുലിവാഹനന്റെ
സ്തോത്രങ്ങൾ
23)
കുളിച്ചീറനുടുത്ത്
നിൽക്കും തൊഴുകൈയിൽ
നിസ്സഹായതയുടെ
വാടാമലരുകൾ
24)
കറുപ്പുടുത്ത് മാലയിട്ട്
തൊഴുതുണരും
പുലരിയിൽ
എരിഞ്ഞടങ്ങും
കർമ്മദോഷ പാപഫലങ്ങൾ
25)
ആഴികൾ, മലകൾ
കനലെരിയും വഴികൾ
കഠിന പാതതാണ്ടിയൊരു
ശരണഘോഷ യാത്ര
26)
ഉള്ളുരുകി പ്രാർത്ഥനകൾ
ജപമുതിരും നാവുകൾ
പകൽ തളർന്ന യാത്രയിലെ
പാപപുണ്യങ്ങൾ
27)
ഉദിച്ചുയർന്ന ചന്ദ്രനും
എരിഞ്ഞമർന്ന സൂര്യനും
ഇരുൾ വീണ മലകളിൽ
ദിവ്യശോഭയാലയ്യൻ
28)
മുറ്റത്തെ പൂവുകൾ കോർത്ത്
അയ്യപ്പന് ഹാരം ചാർത്തും
മലകയറും വ്രതശുദ്ധിയാൽ
പിച്ചകവും തുളസീദളവും
29)
മോഹിനീ പുത്രന്റെ
മോഹന രൂപത്തിൽ
അഭിഷേക ദ്രവ്യത്തിൻ
മായാത്ത പാടുകൾ
30)
കൽവിളക്കിലെ
കരിന്തിരിച്ചാന്തുകൾ
കളഭമായണിയുന്ന
ശതകോടി ഭക്തർ
31)
വെയിലില്ല, കുളിരില്ല
മഴയത്ത് കുടയില്ല
നാമ സങ്കീർത്തനം
തുണയായി യാത്രകൾ
32)
നീളുന്ന വഴികൾ,
പതറാത്ത ചുവടുകൾ
ജീവിത ചുമടുകൾ താണ്ടി
തീരാത്ത യാത്രകൾ
33)
സത്യം മരിച്ചൊരു –
ശ്മശാനഭൂവിൽ
നീരുപകരുന്ന
സത്യപ്രതീക്ഷകൾ
ദേവപ്രഭാവങ്ങൾ
34)
വിധിയെന്ന കോമരം
കലിതുള്ളി നിൽക്കുമ്പോൾ
അഭയമായെത്തുന്നു
ശബരിഗിരീശൻ
35)
ബ്രഹ്മചര്യത്തിൻ
പവിത്ര നോയമ്പിൻ
തപോ വിശുദ്ധിയിൽ
കരിമലക്കാടുകൾ
36)
വ്രതമാസത്തിൻ
ജപദീപ യാത്രകൾ
ഭൗതിക സുഖത്തിൻ
പരിത്യാഗ യാത്രകൾ
37)
കണ്ണിൽ വിടരുന്ന
ശുഭമുദ്രയാലേ
പീഠത്തിലമരുന്ന
മണികണ്ഠ വിഗ്രഹം
38)
അഭിഷേക പുഷ്പങ്ങൾ
അലങ്കാരമാകുന്നു
ആർദ്രമാം ഭാവമായ്
ശബരിഗിരീശനും
39)
ദീപപ്രഭയാലെ
ശബരി പൂങ്കാവനം
സന്ധ്യാ വദനത്തിൽ
സിന്ദൂര വർണ്ണങ്ങൾ
40)
വർണ്ണം വിതറുന്ന
ആകാശച്ചെരുവിലേക്ക്
പടരുന്നു നാളങ്ങൾ
അഗ്നി ചിറകുമായ്
41)
കളകളം ഒഴുകുന്ന
പമ്പാ നദിക്കരെ
തീർത്ഥ സ്നാനത്തിൻ
തിരയടിയോളങ്ങൾ
42)
മുദ്രയാൽ ബന്ധിച്ച
നിറ തേങ്ങക്കുള്ളിൽ
ഉരുകുന്നു വെണ്ണ
മോക്ഷ തീർത്ഥം പോലെ
43)
കർപ്പൂരമെരിയുന്ന
ശ്രീകോവിലിൻ മുന്നിൽ
എരിയുന്നു മോഹവും
കാമവും ക്രോധവും
44)
എണ്ണ വറ്റിയ
കൽവിളക്കിൻ ചാരെ
എളിമ വറ്റാതെ
നിൽക്കുന്നു ഭക്തരും
45)
ആലില വിറയ്ക്കുന്ന
വൃശ്ചിക പുലരിയിൽ
വിറയുന്ന ചുണ്ടിൽ
അയ്യപ്പ മന്ത്രങ്ങൾ
46)
പല വഴിയാത്രകൾ
പല വഴിയമ്പലം
ഉതിരുന്നു നാവിൽ
ഒരു മന്ത്രം മാത്രം
47)
കാനന പാതയിൽ
അമാവാസി
ഭക്തിതൻ അകതാരിൽ
തത്ത്വമസി
48)
ഓളങ്ങളൊടുങ്ങാത്ത
മാനസ പൊയ്കയിൽ
മലകയറാനൊരു
ചെറുതോണി
തുഴഞ്ഞു ഞാൻ .
49)
അവിലിലും മലരിലും
അർച്ചനാ പൂവിലും
ശരണമന്ത്രത്തിൻ
അലയൊലി ഗീതങ്ങൾ
50)
ശരണം തുടുത്ത
മലയിലെങ്ങും
കാനന ഛായതൻ
നിഴൽപ്പാതകൾ
51)
ഏകാന്ത യാത്രകൾ
ഏകാഗ്ര ചിന്തകൾ
അകലെയാ കോവിലിൽ
അകക്കണ്ണുകൾ
52)
തലയിലെ കെട്ടിൽ
കർമ്മ ഭാണ്ഡം
തോളിലെ മാറാപ്പിൽ
കടമകളും
53)
ജലരാഗമുതിരുന്ന
നീർച്ചുഴികളിൽ
ശരണാർദ്ര രാഗങ്ങൾ
അലയിടുന്നു ..
54)
അയ്യനും ശാസ്താവും
മണികണ്ഠനും
പേരെത്ര സ്തുതിയെത്ര
മന്ത്രങ്ങളിൽ
55)
അംബരം കാക്കുവാൻ
ഗരുഡനുണ്ട്
പൊന്മല കാക്കുവാൻ
അയ്യനുണ്ട്
56)
ജ്യോതി തെളിയുന്ന
പൊന്നമ്പല മേട്ടിൽ
ദർശനം തേടുന്ന
ഏഴകൾ ഭക്തർ
57)
വിശ്വാസമില്ലാത്ത
ഹൃദയങ്ങളിൽ
വിശ്വരൂപത്തിൽ
തെളിഞ്ഞു ദേവൻ
58)
സത്യധർമങ്ങൾ തൻ
കാവലായി
മണികണ്ഠനരുളുന്നു
മാമലയിൽ
59)
പുലികളിറങ്ങുന്ന
വഴിത്താരയിൽ
നിർഭയചിത്തരായ്
കന്നിഭക്തർ
60)
മാലയണിയുന്ന
സ്വാമിഭക്തർ
മാമലമേലെ
ശരണദേവൻ
61)
പുലരികിരണത്തിൻ
പരിശുദ്ധിയിൽ
പതിനെട്ടു പടിയിലും
പൊൻതിളക്കം
62)
ഓരോ പടിയിലും
ഉടയുന്നുണ്ട്
ഞാനെന്ന ഭാവത്തിൻ
നെയ്‌ത്തേങ്ങകൾ
63)
ഓംകാര മന്ത്രങ്ങൾ
ശരണ ധ്വനികൾ
കാനന മദ്ധ്യേ
ജപമന്ത്രങ്ങൾ
64)
ഗരുഡ ചിറകടി
ആകാശ തീരത്ത്
അയ്യന്റെ നെഞ്ചിൽ
തിരുവാഭരണങ്ങൾ
65)
എത്ര കണ്ടാലും
കൊതി തീരാത്ത
അത്ഭുതരൂപമായ്
ധർമ്മശാസ്താ….
66)
ഇരുമുടിക്കെട്ടിൻ
പവിത്ര നൂലിൽ
പിണരാത്ത പിളരാത്ത
ആത്മബന്ധം
67)
തത്ത്വമസി
ആര് നീയെന്നറിയുവാനായ്
എഴുതിവച്ചുള്ളൊരു
നാലക്ഷരം
68)
അഗ്നിയിൽ ഉരുകാത്ത
ലോഹമില്ല
ഭക്തിയിൽ ഉരുകാത്ത
മനവുമില്ല
69)
സത്യധർമത്തിൻ
അകംപൊരുളേ
അറിവിന്റെ പാതയിൽ
ദീപമാകൂ
70)
നാൽപത്തിയൊന്ന്
വ്രതദിനങ്ങൾ
ആത്മാവിലർപ്പിച്ച
ശരണദീപം
71)
ദീപപ്രഭതൻ
പ്രദോഷ രാവിൽ
പുലിപ്പുറത്തേറി
വീരയോദ്ധാവ്
72)
നെയ്യഭിഷേകം
മിഴികളിലൊഴുകുമ്പോൾ
അടരുന്നു അശ്രുവിൻ
ചുടുകണങ്ങൾ
73)
ഹരിവരാസനം
പാടിയുറക്കുമ്പോൾ
കൈവിരൽ നുണയുന്ന
രാജ സുതൻ
74)
അമ്മയ്ക്ക് ഔഷധം
തേടിപ്പോയി
ലോകത്തിനൗഷധമായ
പുത്രൻ
75)
കൈലാസ വൈകുണ്ഠ-
മൊത്തുചേരും
അവതാരരൂപമായ്
നിൻ്റെ ജൻമം
76)
പാപികൾ, പാപങ്ങൾ
പെരുകിടുമ്പോൾ
പട നയിക്കാനായ്
പിറന്ന വീരൻ
77)
ശത്രുവിനെപ്പോലും
മിത്രമാക്കും
സ്നേഹ സ്വരൂപനാം
അകകാന്തി നീ
78)
ജന്മ കർമ്മങ്ങൾ
ചെയ്തു തീർത്ത്
ധ്യാനത്തെ പുൽകിയ
മഹർഷി വര്യൻ
79)
കാലദോഷങ്ങളും
കപട വേഷങ്ങളും
മുന്നേ പ്രവചിച്ച
കലിയുഗയവതാരം
80)
ശിവവിഷ്ണു രൂപമായ്
ശിലയിലമരുന്ന
ബ്രഹ്മചര്യത്തിൻ
സൽസ്വരൂപൻ
81)
പ്രിയതരമായ
പൂജകളാൽ
അനുഗ്രഹം ചൊരിയുന്ന
ദേവശിൽപ്പം
82)
തുളസിയാൽ കോർത്ത
നറു മാലയിൽ
ദേവ ചൈതന്യം
തുളുമ്പി നിന്നു
83)
ദേവശീവേലി
എഴുന്നള്ളുമ്പോൾ
കൂവളത്തറയിലെ
പിച്ചകവും
നന്ത്യാർവട്ടവും
ഇതൾകുമ്പി നിന്നു
84)
നഗ്നപാദങ്ങളും
വ്രതശുദ്ധിയും
അയ്യനെ കാണുവാൻ
ജപയാത്രകൾ
85)
നിരനിരയായ് നിൽക്കും
സഹസ്ര ഭക്തർ
മോക്ഷത്തിനായ് കേഴും
പ്രാർത്ഥനകൾ
86)
കാണിക്ക വഞ്ചിയിൽ
പാപം കഴുകുന്നോർ
സൽചിന്തയാലെ
മോക്ഷം തേടുന്നവർ
രണ്ടുമറിയുന്നതീശന് മാത്രം
87)
ഉത്രനക്ഷത്രത്തിൻ്റെ
വെള്ളി തിളക്കത്തിൻ
കാനന കാന്തിയിൽ
ഉണ്ണി ഭൂജാതനായ്
88)
ഉയിരും ഉശിരും
നൽകുന്നതും നീ
ഉയിരിൻ്റെ പാതയിൽ
വഴികാട്ടിയും നീയേ
89)
കിരീടമില്ലാതെ
ചെങ്കോലുമില്ലാതെ
രാജകുമാരനായ്
വാണവൻ മണികണ്ഠൻ
90)
പന്തള കൊട്ടാര –
കെട്ടിനകത്തു നിൻ
ബാല്യത്തെ
അത്ഭുത സിദ്ധിയാൽ
അലങ്കാരമാക്കിയോൻ
91)
ദീപങ്ങളെത്ര
കാറ്റിലണഞ്ഞാലും
അണയാത്ത ദീപമായ്
നിൻ നറു പുഞ്ചിരി
92)
പ്രകൃതിക്ക് ശാന്തി –
ഗീതം പൊഴിക്കുന്ന
ശംഖുനാദത്തിൽ
സ്വാമി അലകളുയരുന്നു
93)
കൊടിമരച്ചോട്ടിലെ
അമ്പലപ്രാവുകൾ
കൊത്തിപ്പെറുക്കുന്നു
മന്ത്രത്തിൻ മുത്തുകൾ
94)
ഒറ്റക്ക് വാഴുന്ന
കാടിൻ നടുവിൽ നീ
കാടിനും നാടിനും
കാവലാളാകുന്നു
95)
പമ്പയിലുയരുന്നു
ഓംകാര മന്ത്രത്തിൻ
മാസ്മര ശക്തിയും
ശരണമന്ത്രത്തിൻ
ശാന്തി തേജസ്സും
96)
കല്ലുകൾ മുള്ളുകൾ
മുറിവായി വഴി നീളെ
ചോരക്കറകളിൽ
പാപം പൊഴിയുന്നു
97)
ശിവശക്തി രൂപൻ നീ
വിഷ്ണുവിന്നംശവും
സ്ഥിതിലയകാരകൻ
ദേവസ്വരൂപൻ നീ
98)
പാഴിലാവില്ല നിൻ
മന്ത്രം ജപിക്കുകിൽ
പാഴാകുകില്ല
ജീവിത യാത്രയും
99)
ജന്മ ദൗത്യത്തിനെ
നെഞ്ചോടു ചേർത്ത് നീ
ലോക ശാന്തിക്കായ്
മനുജനായ് ഭൂവിതിൽ
100 )
ഇരു മിഴികൾ മാത്രം
ഇരു കൈകളും മാത്രം
എന്നിട്ടു മറിയുന്നു
ഭൂവിലെ ചലനങ്ങൾ
101)
സ്വാമി ശ്രീ അയ്യപ്പാ,
പ്രണാമം സവിധത്തിൽ
പ്രണാമം തിരുമുന്നിൽ
വിരൽത്തുമ്പിനേകിയ
അക്ഷര സുകൃതത്തിന്
അകതാരിനേകിയ
ശരണ മന്ത്രങ്ങൾക്ക്
രാജൻ കിണറ്റിങ്കര (Mob. 7304970326)
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്