മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും.
കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ് പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലം സിന്ധു നേതൃത്വംനൽകുന്ന രണ്ടുദിവസത്തെ കൂടിയാട്ടമാണ് ശനിയും ഞായറുമായി നടക്കുക.
നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിലാണ് പരിപാടി. ശനിയാഴ്ച ഉദ്ഘാടനച്ചടങ്ങിൽ ഈ വർഷത്തെ കേളിയുടെ രജതശംഖ് പുരസ്കാരം ക്ഷീർ സാഗർ ആപ്തെ ഫൗണ്ടേഷൻ ഡയറക്ടറും നാടകപ്രവർത്തകയുമായ സ്വാതി ആപ്തെ കലാമണ്ഡലം സിന്ധുവിന് സമ്മാനിക്കും.
പത്താംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി മയൂരാജന്റെ ‘ഉദാത്ത രാഘവം’ എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ആദ്യദിവസത്തെ അവതരണമായ ‘താരയുടെ ആത്മഗതം’ ചിട്ടപ്പെടുത്തിയത്. രണ്ടാംദിവസം ഏഴാംനൂറ്റാണ്ടിൽ ബോധായനൻ എഴുതിയ ‘ഭഗവദജുകം’ എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങളാണ് രംഗത്തവതരിപ്പിക്കുക. സിന്ധുവിനെക്കൂടാതെ കലാമണ്ഡലം സംഗീത, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം രാഹുൽ, മാർഗി അഖിൽ, മാർഗി അമൃത എന്നിവർ അരങ്ങിലെത്തുന്നു.