വത്തിക്കാൻ : വത്തിക്കാനിൽ നടന്ന ലോക സർവ്വമത കോൺഫറസിൻ്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “UNIVERSAL HARMONY-SREE NARAYANA GURU’s Blue Print for Peace and Progress” എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തത്. വത്തിക്കാൻ കർദിനാൽ ഹിസ് എക്സലൻസി കർദിനാൽ ജോർജ്ജ് ജേക്കബ് കൂവക്കാട് ശിവഗിരി മഠം പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ബുക്കിൻ്റെ ഒരു കോപ്പി വിശുദ്ധ പോപ്പ് ഫ്രാൻസിസിനും സമ്മാനിച്ചു.
ശ്രീനാരായണ ഗുരു സന്ദേശം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ ബന്ധത്തിലെ അംഗങ്ങളെന്ന സന്ദേശമാണ്. മതവിശ്വാസികൾ പരസ്പരാദരവിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ജാതി, മത, സംസ്കാര ഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം നൽകിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമാണ് ശ്രീ നാരായണ ഗുരുവെന്നും പാപ്പാ അനുസ്മരിച്ചു.
വത്തിക്കാനിൽ ലോക മത പാർലമെന്‍റിൽ സർവമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണത്തിലാണ് ഈ കാലഘട്ടത്തിൽ ഗുരു സന്ദേശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പാപ്പാ സംസാരിച്ചത്.
ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ ഫാദർ ഡേവിസ് ചിറമ്മേൽ, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്ക് പുറമെ ഡിസംബർ ഒന്നിന് നടന്ന സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുത്തു.
അന്തരാഷ്ട്ര വായനക്കാർക്ക് ഗുരുവിനെയും ഗുരുസന്ദേശങ്ങളും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൃതി രചിച്ചതെന്നും രചയിതാക്കൾ അഭിപ്രായപ്പെട്ടു. ശിവഗിരിമം ജനറൽ സെക്രട്ടറി ശ്രീമദ് ശുഭംഗാനന്ദ സ്വാമികൾ, സംഘാടക സമിതി സെക്രട്ടറി വിരേശ്വരാനന്ദ സ്വാമികൾ,ഋതംബരാനന്ദ സ്വാമികൾ, കർണ്ണാടക നിയമ സഭ സ്പീക്കർ യൂ.റ്റി. ഖാദർ, പാണക്കാട്ട് സായ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ കെ.മുരളീധരൻ മുരളീയ, കെ.ജി. ബാബുരാജ്, ചാണ്ടി ഉമ്മൻ, ഫാ. ബെൻ പോൾ, തുടങ്ങിയവരും സന്നിഹിതരായിരുന്നു.