മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കൃഷ്ണൻ കുട്ടി നായർക്ക് മാനവസേവ പുരസ്‌കാരം. വിശ്വഭാരതി ചാരിറ്റബിൾ ട്രസ്റ്റാണ് അംബർനാഥ് വെസ്റ്റ് മഹാത്മാ ഗാന്ധി സ്കൂൾ അങ്കണത്തിൽ നടന്ന സർവൈശ്വര്യ പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറിയത്.
സാമൂഹിക പ്രവർത്തനത്തിനുള്ള മികവിനാണ് പുരസ്‌കാരം ലഭിച്ചത്.

മുംബൈയിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള സാമൂഹിക പ്രവർത്തകനാണ് കൃഷ്ണൻ കുട്ടി നായർ. മകളുടെ വിവാഹത്തോടനുബന്ധിച്ച് 13 നിർധന കുടുംബത്തിലെ കുട്ടികൾക്കാണ് പുതുജീവൻ നൽകിയത്. ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഹൃദയ ശസ്ത്രക്രിയ അനിവാര്യമായിരുന്ന കുട്ടികൾക്ക് ഇതിന് വേണ്ട ചിലവുകളെല്ലാം വഹിച്ചാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ സൗകര്യമൊരുക്കിപുതുജീവിതം സമ്മാനിച്ചത്. മകളുടെ വിവാഹച്ചിലവ് ചുരുക്കിയായിരുന്നു ഈ സൽപ്രവർത്തി ചെയ്ത് സമൂഹത്തിന് മാതൃകയായ കൃഷ്ണൻകുട്ടി നായരെ ആംചി മുംബൈ ആദരിച്ചിരുന്നു. പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാറിൽ നിന്നാണ് കൃഷ്ണൻകുട്ടി നായരും കുടുംബവും പുരസ്‌കാരം ഏറ്റു വാങ്ങിയത്.