More
    HomeArticleആമ്പൽ പൂക്കുന്ന താഴ് വാരം (Rajan Kinattinkara)

    ആമ്പൽ പൂക്കുന്ന താഴ് വാരം (Rajan Kinattinkara)

    Published on

    spot_img

    ഇന്നലെയാണ് ഞാൻ ശ്രദ്ധിച്ചത്, ദാദറിലെ പൂമാർക്കറ്റിൽ ഒരു കയ്യിൽ നീളമുള്ള തണ്ടുകൾ കൂട്ടിപ്പിടിച്ച് ഒരു സ്ത്രീ ആമ്പൽപൂ വിൽക്കുന്നു. മുംബൈയിൽ താമര പൂ യഥേഷ്ടം കണ്ടിട്ടുണ്ടെങ്കിലും അപൂർവമായേ ആമ്പൽ പൂ കണ്ടിട്ടുള്ളൂ. അതിനാൽ അവ മൊത്തമായും ഞാൻ വാങ്ങി, ഒന്നിനുമല്ല വെറുതെ ഒരു കൗതുകം, ഓർമ്മച്ചെപ്പിലെ ഇനിയും അണയാത്ത മൺചിരാതിൽ എണ്ണ പകരാൻ വേണ്ടി മാത്രം. ആമ്പൽ പൂ എന്നും ഒരു ബലഹീനതയായിരുന്നു, അതിന്റെ നിറവും മണവും. പല നിറങ്ങൾ മനസ്സിലൊളിപ്പിച്ച ആമ്പൽ പൂവിന് താമരയുടെ മനസ്സിനോളം അതിന്റെ വേരിനോളം ഗഹനതയില്ല. മലമക്കാവിലെ പരന്നുകിടക്കുന്ന ഭട്ടിക്കായലിന്റെ അനന്തതയിൽ ആമ്പൽപ്പൂക്കൾ നിറയെ വിരിഞ്ഞു നിൽക്കും. തന്റെ മടിത്തട്ടിൽ ചുഴികൾ ഒളിപ്പിച്ച കായലിലേക്ക് ഇറങ്ങാനും നീന്തി ചെന്ന് ആമ്പൽ പൂക്കൾ പറിക്കാനും ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ദൂരെനിന്ന് സുഗന്ധം നുണയുന്ന എന്റെ മുന്നിലൂടെ കായൽപക്ഷികൾ ശബ്ദമുണ്ടാക്കി പറന്നു കളിക്കും, അവ എന്നെ കാണിക്കാൻ എന്നവണ്ണം കായലിന്റെ വിദൂരതയിലേക്ക് ചിറകടിച്ചകന്നു പൂക്കൾക്ക് മുകളിൽ വട്ടമിട്ടു പറക്കും.

    കാലവർഷം കഴിഞ്ഞ് തെളിനീരൊഴുക്കി നിൽക്കുന്ന ധനുമാസക്കായൽ വിരഹാർദ്രമായ പ്രണയംപോലെയാണ് . കണ്ണീരൊഴുക്കി അത് നിശബ്ദം ഒഴുകും, പരിഭവമില്ലാതെ, പരാതികളില്ലാതെ. മലമകാവിനെ കുറിച്ച് പേർത്തും പേർത്തും എഴുതിയിട്ടും മനസ്സിൽ നിശ്ശബ്ദരാഗം പൊഴിക്കുന്ന കായലിനെ ഒഴിവാക്കിയത് ആ കണ്ണീർ ചാലുകൾ പുഴയായി കാണാനുള്ള ശക്തിയില്ലാത്തത് കൊണ്ടുതന്നെയായിരുന്നു.

    ഉത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് ധനുമാസത്തിലാണ്. തിരുവാതിരക്കാറ്റിന്റെ കുളിരേറ്റ് കായൽക്കരയിലെ തെങ്ങുകൾ പരസ്പരം പുണരും. കവുങ്ങുകൾ തലതല്ലി ചിരിക്കും. പാടവരമ്പിലെ ഒറ്റമരത്തിൽ മൈനകൾ ചേക്കേറും. സന്ധ്യമയങ്ങുമ്പോൾ പാടവും തോടും കായലും വിജനമാകും. പുഞ്ചപ്പാടത്തെ നേർത്ത് കേൾക്കുന്ന തേക്കുപാട്ടിന്റെ സംഗീതത്തിൽ പൂമുഖത്തെ സിമന്റുപാകിയ തറയിൽ ജനാലകൾ തുറന്നിട്ട് നക്ഷത്രങ്ങളെ നോക്കി കിടന്ന രാവുകൾ. അരികിൽ ഇരിക്കുന്ന മർഫി റേഡിയോയിൽ ആകാശവാണി, തൃശൂർ ഗാനതരംഗിണി നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ പൂവിട്ട ആദ്യപ്രണയം, എന്തിനോടെന്നില്ലാതെ, ആരോടെന്നില്ലാതെ.

    വയലാറും പി ഭാസ്കരനും ദേവരാജനും ബാബുരാജുമൊക്കെ അജ്ഞാതരായ പ്രിയപ്പെട്ടവരായി മാറിയത് ഗാനതരംഗിണിയിലൂടെ ആയിരുന്നു. സിനിമയും പാട്ടും രചനയും സംഗീതവും ഒക്കെ മനസ്സിൽ കുറിച്ചിട്ട് അടുത്ത ദിനത്തിൽ ആ പാട്ടുകൾക്ക് വേണ്ടി വീണ്ടും കാതോർത്തിരുന്നത്. വിരസമായ ഗാനങ്ങൾ പാടുമ്പോൾ തിരുവനന്തപുരം നിലയത്തിലെ രഞ്ജിനിയിലേക്ക് മറുകണ്ടം ചാടിയത്. രാത്രി 10 മണിക്ക് ഉമ്മറത്തെ വാതിൽ കൊട്ടിയടക്കുമ്പോൾ ‘അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേൾക്കാം, “ഈ ചെക്കൻ പാട്ടു കേട്ട് ആ റേഡിയോ ഓഫാക്കാതെ കിടന്നുറങ്ങും” . അമ്മയുടെ ഉൽക്കണ്ഠകൾ പലപ്പോഴും ശരിയായിരുന്നു. റേഡിയോയിലെ ബാറ്ററികൾ പെട്ടെന്ന് പെട്ടെന്ന് തീർന്നപ്പോൾ എന്റെ ഗാനതരംഗിണി ഭ്രമം തട്ടിൻ പുറത്തുനിന്നും താഴത്തെ ഇടനാഴികയിലേക്ക് പണിഷ്മെൻറ് ട്രാൻസ്ഫർ ആയി. ഞാനുറങ്ങിയാലും വീട്ടിലെ ആർക്കെങ്കിലും റേഡിയോ ഓഫാക്കാമല്ലോ എന്ന് കരുതിയാണ് ഈ ട്രാൻസ്ഫർ.

    രാത്രി ഗാനതരംഗിണിയും കഴിഞ്ഞ് കിടക്കുമ്പോൾ വീടിനുപുറത്തെ ഇടവഴിയിലൂടെ ചൂട്ടുകത്തിച്ചു പോകുന്ന ആളുകളുടെ സംസാരം കേൾക്കാം. ഭട്ടിക്കായലിലേക്ക് മീൻ പിടിക്കാൻ പോകുന്നവരാണ്. പുറത്ത് തൂക്കിയ കൂടയും, കയ്യിൽ വലയുമായി അവർ പാടവും തോടും കടന്ന് കായൽക്കരയിൽ എത്തും. തണുപ്പിനെ അകറ്റാൻ ഊതിവിടുന്ന ബീഡിച്ചുരുളുകളിൽ ഒരു പൊട്ടുപോലെ അവരുടെ നിഴലുകൾ നടന്നു നീങ്ങുന്നത് കാണാം. അന്നാണ് ഞാൻ ഒടിയനെക്കുറിച്ച് കേൾക്കുന്നത്.

    തേങ്കുറിശ്ശിക്കും മുന്നേ ഞങ്ങളുടെ ഗ്രാമത്തിൽ ഒടിയന്മാരുണ്ടായിരുന്നുവത്രെ . രാത്രിയായാൽ പോത്തായും പശുവായും നായയായും ഒക്കെ ഒടിയൻ ഗ്രാമത്തിലിറങ്ങും. റോഡോ വഴിവിളക്കോ ഒന്നും ഇല്ലാത്ത ആ കാലത്ത് ഒടിയൻ ഒരു സങ്കൽപ്പ സൃഷ്ടിയായല്ല അനുഭവപ്പെട്ടത്, ഒരു യാഥാർഥ്യബോധത്തിലേക്ക് ഒടിയൻ നടന്നു കയറിയപ്പോൾ അതിനു എരിവും പുളിയും ഏകാൻ പിന്നാമ്പുറകഥകളും ഉണ്ടായിരുന്നു യഥേഷ്ടം. ഗ്രാമത്തിൽ ഒടിയനെ കണ്ടവരുടെ, ഒടിയനെ തൊട്ടവരുടെ , ഒടിയന്റെ പ്രതികാരത്തിന്റെ ചായക്കട കഥകളും അന്തിചർച്ചകളും.

    കയ്യിലുള്ള ഒരു മരുന്ന് ചെവിയിൽ പുരട്ടുമ്പോൾ മനുഷ്യൻ മൃഗമാകും, ഒടിയൻ മൃഗം. ഒടിയനെ കണ്ടു പേടിച്ചാൽ മരണമാണ്, ചികിത്സയില്ല. റേഷൻകട പൂട്ടിവരുന്ന അച്ഛന്റെ പിന്നാലെ ഒടിയൻ പലപ്പോഴും കൂടിയിട്ടുണ്ടത്രെ. നാട്ടുകാരുടെ അന്നദാതാവായതിനാൽ ആകും ഒടിയൻ ചില ഇളവുകളൊക്കെ അച്ഛന് നൽകിയിരുന്നുവത്രെ. അച്ഛന്റെ പിന്നാലെ പോത്തായും കാളയായും ഒക്കെ നടക്കുമ്പോൾ ഒടിയൻ വിളിച്ചു പറയുമത്രെ, നമ്പ്യാളെ പേടിക്കണ്ടാട്ടോ, തിരിഞ്ഞു നോക്കാതെ നടന്നോന്ന് . ഒടിയനോട് ഒരൽപ്പം ബഹുമാനം തോന്നിയത് അച്ഛന്റെ കഥ കേട്ടപ്പോഴായിരുന്നു. പക്ഷെ പലപ്പോഴും ഗാനതരംഗിണിയിലൂടെ “ഹൃദയവാഹിനീ ഒഴുകുന്നു ഞാൻ” എന്ന ഗാനം ഒഴുകിയെത്തുമ്പോൾ തൊടിയിലെ കാറ്റിൽ ഇളകുന്ന വാഴത്തണ്ടുകളും കവുങ്ങിൻ പട്ടകളും ഒക്കെ ഒടിയനായി എന്നിൽ ഭയത്തിന്റെ വിത്തുപാകി. കായലിൽ മീൻപിടിക്കാൻ പോയിരുന്നവർ കെട്ടുപോയ ചൂട്ടു കത്തിച്ചപ്പോൾ മുന്നിലുണ്ടത്രെ, ഒരു കാള മൂന്നുകാലിൽ. ഒടിയന് ഒരുകാൽ കുറവായിരിക്കുമത്രേ, അസമയത്ത് മൂന്നുകാലുള്ള മൃഗത്തെ കണ്ടാൽ ഉറപ്പിക്കാം ഒടിയൻ തന്നെ, അതാണ് നാട്ടുകാർ പാടിനടന്ന കഥയും വിശ്വസിപ്പിച്ച സങ്കൽപ്പവും.

    ഒടിയനെപ്പോലെ തന്നെ മലമക്കാവിനും ഭട്ടിക്കായലിനും മാത്രം സ്വന്തമായ ഒരു സങ്കല്പസൃഷ്ടിയാണ് പൊട്ടി. രാത്രി കായൽക്കരയിലൂടെ നടന്നുവരുന്നവരെ പൊട്ടി തിരിക്കുമത്രേ, ഒടിയനെപ്പോലെ പൊട്ടി ഉപദ്രവകാരിയല്ല, എത്രനടന്നാലും ലക്ഷ്യത്തിൽ എത്തിക്കില്ല എന്നുമാത്രം. വെളിച്ചം കയ്യിലുണ്ടെങ്കിലാണത്രെ പൊട്ടി തിരിക്കുക, എത്ര നടന്നാലും നിങ്ങൾ പുറപ്പെട്ടേടത്തു തന്നെ എത്തും, അതാണ് പൊട്ടിയുടെ കളി. അതിനൊരു പോംവഴി വെളിച്ചം കെടുത്തി നടക്കുകയാണത്രെ.

    ഒടിയനിൽ നിന്നും പൊട്ടിയിൽ നിന്നും കായൽക്കരയിലേക്ക് തിരിച്ചു ചെല്ലുമ്പോൾ നേരം പരപരാ വെളുത്ത് തുടങ്ങിയിരിക്കുന്നു . കായലിനു മീതെ തണുപ്പിന്റെ മഞ്ഞുവീണിരിക്കുന്നു. അകലെ കൊടിക്കുന്നത്ത് അമ്പലത്തിൽ നിന്നും ഒഴുകിയെത്തുന്ന വെങ്കടേഷ് സുപ്രഭാതം. കായൽക്കരയിലെ ചൂണ്ടക്കാരുടെ കൂടകളിൽ ഇനിയും ജീവൻ നിലക്കാതെ പിടയുന്ന കണ്ണനും പൂഴാനും. പുഞ്ചകണ്ടങ്ങളിലേക്ക് വെള്ളം തുറക്കാൻ എത്തിയിരിക്കുന്ന ചില കർഷകർ. കൊഴിഞ്ഞിൽ ചെടികൾ വകഞ്ഞുമാറ്റി ഭാരതപ്പുഴയിലേക്ക് കുളിക്കാനും ബലിയിടാനും പോകുന്ന ചില ഗ്രാമീണർ. ഇന്നലെകണ്ട ആമ്പൽ മൊട്ടുകൾ വിരിഞ്ഞു നിൽക്കുന്നു. അവയ്ക്കു ചുറ്റും വണ്ടുകളും പൂമ്പാറ്റകളും. ഓർമ്മകൾ തിരിച്ചു നടക്കുകയാണ്

    ഭട്ടിക്കായലിനു ചുറ്റും ഒരു ബാല്യവും കൗമാരവും ചെലവഴിച്ചിട്ടും ഒരു ആമ്പൽ പൂ പറിയ്ക്കാൻ കഴിയാത്ത ഞാൻ ഇന്ന് മഹാനഗരത്തിലെ വഴിയോരത്തിൽ ആമ്പൽ പൂവിന്റെ സുഗന്ധം നുകരുന്നു . ആർക്കോ വേണ്ടി പൂക്കുന്ന ആമ്പലുകളെപ്പോലെ എന്റെ നഗരയാത്രയും.

    രാജൻ കിണറ്റിങ്കര

    Latest articles

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം...
    spot_img

    More like this

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...