കന്നഡ സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സുഹൃദ് വേദി മലയാള സാഹിത്യ ഗ്രന്ഥത്തിന് നൽകി വരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പ്രേമൻ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ അർഹമായി.
കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ നോവൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നോവൽ ഇപ്പോൾ ബോളിവുഡ് സിനിമയാവാനുള്ള അണിയറ പ്രവർത്തനത്തിലാണ്. മുംബൈ നഗരജീവിതത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന മൗലികമായ പ്രമേയമാണ് ഈ നോവലിനെ ശ്രദ്ധയമാക്കുന്നത്.
25000 രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് ശ്രീ മൂകാംബിക ക്ഷേതങ്കണത്തിൽ വച്ച് മാർച്ച് 17ന് നടക്കുന്ന ചടങ്ങിൽ മൂകാംബിക ദേവസ്വം ട്രസ്റ്റി പി വി അഭിലാഷ് സമ്മാനിക്കും.
ഡോക്ടർ സുകുമാർ അഴിക്കോട്, എം മുകുന്ദൻ, എം പി വീരേന്ദ്രകുമാർ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരാണ് മുൻകാലങ്ങളിൽ ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം ലഭിച്ചിട്ടുള്ള മലയാളി സാഹിത്യ പ്രതിഭകൾ.