മുംബൈയിൽ ഡോംബിവ്‌ലി നിവാസിയായ അറുപത്തിയേഴുകാരനായ യോഗേഷ് മേത്തയാണ് ഹൃദയത്തിന്റെ പ്രധാന ധമനികളിൽ ട്യൂമർ ബാധിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ഹാർഡ്‌വെയർ ബിസിനസിൽ ഏർപ്പെട്ടിരുന്ന മേത്തയ്ക്ക്, ഹൃദയ സംബന്ധമായ പ്രശ്‌നം അനുഭവപ്പെടാത്ത പ്രത്യേക ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. വയറുവേദനയും ബലഹീനതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. അങ്ങിനെയാണ് ഡോക്ടർമാരെ ദഹനവ്യവസ്ഥ പരിശോധിക്കാൻ പ്രേരിപ്പിച്ചത്. അതെ സമയം കിടക്കയിൽ കിടന്നയുടനെ ശ്വാസതടസ്സം അനുഭവപ്പെടുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യുമെന്ന പ്രകടമായ ലക്ഷണം പോലും ഹൃദയ പ്രശ്‌നമായി കണ്ടെത്തിയില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മേത്ത ഒന്നിലധികം ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയെങ്കിലും ഈ ലക്ഷണങ്ങൾ കാണാതെ പോയിരുന്നു. അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ഡോ ബിജോയ് കുട്ടിയെ കാണുന്നത്. വിശദമായ പരിശോധനയിൽ ട്യൂമർ വളരെയധികം വളർന്ന് ഹൃദയത്തിലും രക്തക്കുഴലുകളിലും സമ്മർദ്ദം ചെലുത്തിയാതായി കണ്ടെത്തി. ഇത് രക്തപ്രവാഹത്തെ ബാധിക്കുകയും തലകറക്കത്തിന് കാരണമാകുകയും ചെയ്തു.
ഹൃദയ മുഴകൾ അപൂർവമാണ്, പത്ത് ലക്ഷം ജനസംഖ്യയിൽ ഒന്നിൽ താഴെ മാത്രമേ ഉണ്ടാകൂ. അറുപത്തിയേഴുകാരനായ ഡോംബിവ്‌ലി നിവാസിയായ യോഗേഷ് മേത്തയ്ക്ക് മൈക്‌സോമ അല്ലെങ്കിൽ ഹൃദയ ട്യൂമർ മാത്രമല്ല ഹൃദയത്തിന്റെ പ്രധാന ധമനികളിൽ ഒന്നിൽ തടസ്സവും ഉണ്ടായിരുന്നു. “വലത് ആട്രിയൽ മൈക്‌സോമ കണ്ടെത്തുന്നത് അപൂർവമാണ്, ഒരേ രോഗിയിൽ തന്നെ കൊറോണറി ആർട്ടറി രോഗം ഉണ്ടാകുന്നത് അതിലും അപൂർവമാണ്,” ഇരട്ട പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു മേത്തയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്ന് കാർഡിയാക് സർജൻ ഡോ. ബിജോയ് കുട്ടി പറഞ്ഞു.
“ട്യൂമർ നീക്കം ചെയ്തപ്പോൾ, അത് ഒരു ചെറിയ ഓറഞ്ചിന്റെ വലുപ്പമായിരുന്നു” ഡോ ബിജോയ് കുട്ടി പറയുന്നു.
മേത്തയ്ക്ക് വർഷങ്ങളായി പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നുവെന്ന് ഭാര്യ തൃപ്തി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ കുളിമുറിയിൽ വീണപ്പോഴും കുടുംബത്തിന് ഹൃദയസംബന്ധമായ പ്രശ്നത്തെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. പ്രദേശത്തെ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും അസുഖം ഭേദമായില്ല. അങ്ങിനെയാണ് ഡോംബിവ്‌ലിയിലെ ഹാർട്ട്-സ്പെഷ്യാലിറ്റി ഐക്കൺ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്. ഐക്കൺ ആശുപത്രിയിൽ മേത്തയെ പരിശോധിച്ച ഡോക്ടർ ബിജോയ് കുട്ടിയാണ് വിശദമായ പരിശോധനയിൽ ട്യൂമറും ബ്ലോക്കും കണ്ടെത്തിയത്.
തുടർന്നാണ് വിദഗ്ധ ചികിത്സക്കായി പ്ലാറ്റിനം ആശുപത്രിയിലേക്ക് മാറ്റുന്നത്. മേത്തയ്ക്ക് ട്യൂമറും ഇടത് ആന്റീരിയർ ഡിസെന്റിംഗ് ആർട്ടറിയിലെ ബ്ലോക്കും നീക്കം ചെയ്യുന്നതിനായി ഹൃദയ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ അഞ്ച് മണിക്കൂർ നീണ്ടു നിന്നു, ട്യൂമർ വീണ്ടും ഉണ്ടാകില്ലെന്നാണ് ഡോക്ടർ ബിജോയ് കുട്ടി പറയുന്നത്.
ഹാർട്ട് ട്യൂമറുകളെ സംബന്ധിച്ച പ്രധാന ആശങ്ക എംബോളൈസേഷന്റെ അപകടസാധ്യതയാണ്. ട്യൂമറിന്റെ ഒരു ഭാഗം പൊട്ടി രക്തപ്രവാഹത്തിലൂടെ സഞ്ചരിച്ച് ധമനിയെ തടയുകയും സ്ട്രോക്ക് അല്ലെങ്കിൽ മറ്റ് സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം.
മേത്തക്ക് മൂന്ന് ആൺമക്കളാണ് . ഹൃദയ സംബന്ധമായ ഇരട്ട പ്രശ്നങ്ങൾ പരിഹരിക്കാനായ സന്തോഷത്തിലാണ് മേത്ത. ഇത് രണ്ടാം ജന്മമെന്നാണ് ഡോ ബിജോയ് കുട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് മേത്ത പറയുന്നത്.
കാർഡിയോ തോറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ പ്രമുഖനാണ് ഡോ. ബിജോയ് കുട്ടി. കഴിഞ്ഞ 30 വർഷമായി ജനറൽ സർജൻ ആയി സേവനം അനുഷ്ഠിച്ചു വരുന്ന ഈ മലയാളി ഡോക്ടർ മുംബൈയിലെ ടോപ് ടെൻ ഡോക്ടർമാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.