മുംബൈ മലയാളിയായ എലിസബത്തിന്റെയും കോഴിക്കോട് സ്വദേശി അഖിലേഷിന്റെയും മകളാണ് നിതാര. അഞ്ചു മാസം പ്രായമുള്ള ഈ പിഞ്ചു കുഞ്ഞാണ് ഇൻസ്റ്റാഗ്രാമിലെ താരം. ഇതിനകം 35 മില്യൺ കാഴ്ചക്കാരെ നേടിയാണ് നിതാരയുടെ 12 സെക്കന്റ് ദൈർഘ്യമുള്ള റീൽസ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
അലക്ഷ്യമായി ചിത്രീകരിച്ച പിഞ്ചു കുഞ്ഞിന്റെ റീൽസ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുമ്പോൾ ഹാപ്പിയാണ് അച്ഛൻ അഖിലേഷും ‘അമ്മ എലിസബത്തും.

മൊബൈലിൽ റീൽസ് കാണുന്നൊരു ശീലമുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. അങ്ങിനെയാണ് താനും അഖിലേഷും കൂടി അടുത്തിടെ കണ്ട് ഇഷ്ടപ്പെട്ട വീഡിയോ, മകളെ ഉൾപ്പെടുത്തി റീൽസിനായി പുനരാവിഷ്‌ക്കരിക്കാൻ ശ്രമിച്ചത്.
ഒരു ജാറിലെ വെള്ളത്തിലേക്ക് മഞ്ഞപ്പൊടി ഇടുമ്പോൾ ഉണ്ടാവുന്ന മാറ്റം ഒരു കുരുന്നിന്റെ മുഖത്ത് കൊണ്ടുവരുന്ന അത്ഭുതമാണ് ഇവിടെ അനുകരിക്കാൻ ശ്രമിക്കുന്നത്.
രാത്രി ഒരു മണിയോടെയാണ് കുഞ്ഞിന്റെ വീഡിയോ ചിത്രീകരിച്ചത്. ഏറെ കൗതുകത്തോടെ ഈ അത്ഭുതം കാണുന്ന കുരുന്നിന്റെ മുഖഭാവം കൗതുകം തോന്നിയെന്നും അങ്ങിനെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നും എലിസബത്ത് പറഞ്ഞു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ലഭിച്ച മികച്ച പ്രതികരണം അവിശ്വസനീയമാണെന്നും കൂട്ടിച്ചേർത്തു.