പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോർക്കാ റൂട്ട്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണ് നോർക്കാ കെയർ ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് സ്കീം. 2025 സെപ്റ്റംബർ 22 മുതൽ എൻറോൾമെന്റ് ആരംഭിക്കുന്ന പദ്ധതിയിലൂടെ, പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നു. മാത്രമല്ല, 10 ലക്ഷം രൂപ വരെ പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു.
പ്രീമിയം നിരക്ക്:
നാല് അംഗ കുടുംബം (ഭർത്താവ്, ഭാര്യ, രണ്ട് മക്കൾ): വാർഷികം ₹13,411
അധികമായി ഒരു കുട്ടിക്ക്: ₹4,130
ഒരു വ്യക്തിക്കു മാത്രം : ₹8,101
പ്രധാന ആനുകൂല്യങ്ങൾ: 2025 നവംബർ 1 മുതൽ ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കും. നിലവിലുള്ള എല്ലാ രോഗങ്ങൾക്കും ചികിത്സാനുകൂല്യം ലഭ്യമാകും.
നോർക്കാ ഐഡി കാർഡ് ഉള്ള ഏത് പ്രവാസിക്കും പദ്ധതിയിൽ അംഗമാകാം.
ഈ പദ്ധതി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതമായ ആരോഗ്യപരിരക്ഷയും അപകട ഇൻഷുറൻസും ഉറപ്പുനൽകുന്ന ചരിത്രപരമായൊരു മുന്നേറ്റമാണെന്ന് നോർക്കാ റൂട്ട്സ് വ്യക്തമാക്കി.
നോർക്കാ കെയർ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും അവരുടെ കുടുംബങ്ങൾക്ക് ഉറപ്പായ സുരക്ഷ നൽകുന്നതിനുമുള്ള വലിയ ചുവടുവെയ്പ്പാണ്. പ്രവാസികളുടെ ക്ഷേമത്തിനായി നോർക്കാ റൂട്ട്സ് ഇതുവരെ നടപ്പിലാക്കിയ പദ്ധതികളിൽ ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയായാണ് വിലയിരുത്തുന്നത്.
പദ്ധതിയുടെ വിശദാംശങ്ങൾ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി, നോർക്കാ സി.ഇ.ഒയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 17-ന് വൈകുന്നേരം 6:30ന് ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു സംഘടനയിൽ നിന്നും രണ്ടു പേരുടെയെങ്കിലും പ്രാതിനിധ്യം ഓൺലൈൻ യോഗത്തിൽ ഉറപ്പാക്കണമെന്ന് നോർക്ക മുംബൈ നോർക്ക ഡെവലപ്മെന്റ് ഓഫീസർ റഫീഖ് അറിയിച്ചു.
