ഇന്ത്യൻ സിനിമയിൽ ഇന്ന് വരെ ഇറങ്ങിയിട്ടുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയിലേക്ക് കൂട്ടി ചേർക്കാവുന്ന മറ്റൊരു ചിത്രം കൂടി തീയേറ്ററിലെത്തിയ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. എന്നാൽ ഈ ഗണത്തിലുള്ള ചിത്രങ്ങളിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച ചിത്രം കണ്ടിറങ്ങിയ അഭിമാനമായിരുന്നു മുംബൈയിലെ മലയാളി പ്രേക്ഷകർ പങ്കു വച്ചത്.
വാഷി രഘുലീല മാളിലെ ഇനോക്സ് തീയേറ്ററിൽ സംഘടിപ്പിച്ച പ്രത്യേക ഫാൻ ഷോ കാണുവാനെത്തിയവരിൽ ക്ഷണിക്കപ്പെട്ട മുംബൈയിലെ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.
നാല്പത്തി അഞ്ചു രാജ്യങ്ങളിലായി രണ്ടായിരത്തിലേറെ സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ മാമാങ്കം മുംബൈയിൽ മാത്രം ഇരുപതിലധികം കേന്ദ്രങ്ങളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിവസത്തെ ഷോ കാണാൻ വാഷി രഘുലീലയിലെത്തിയപ്പോൾ പലരും ടിക്കറ്റ് ഇല്ലാതെ മടങ്ങി പോകേണ്ടി വന്നതും അപൂർവ കാഴ്ചയായി.
പന്ത്രണ്ടു വർഷം കൂടുമ്പോൾ നടന്ന് വന്നിരുന്ന വ്യാപാര മഹോത്സവത്തെ ഭാവനയുടെ അൽപ്പം അതിഭാവുകത്വം ചാലിച്ഛ് സിൽവർ സ്‌ക്രീനിൽ എത്തിച്ചിരിക്കയാണ് സംവിധായകൻ പദ്മകുമാർ.
ആയിരങ്ങൾ ചാവേറുകളായി പൊരുതി മരിക്കുന്ന മാമാങ്ക മഹോത്സവത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ചതിയിലൂടെ മാമാങ്കാവകാശവും മണിത്തറയും തട്ടിയെടുത്ത സാമൂതിരിയുടെ കഴുത്തറുത്ത്, വള്ളുവനാടൻ ദേശ രാജാവ് വെള്ളാട്ടിരിയെ വാഴിക്കാനായി ആറങ്ങോട്ട് ചന്ദ്രോത്ത് തറവാട്ടിലെ പണിക്കന്മാർ ചാവേറുകളായി ഇവിടെയെത്തുന്നു. ഓരോ പന്ത്രണ്ടു വർഷവും നടക്കുന്ന വ്യാപാരോത്സവത്തിൽ പ്രബലരായ സാമൂതിരി കിങ്കരന്മാരുടെ കണ്ണുവെട്ടിച്ച് തിരുനാവായയിലെത്തുമെങ്കിലും, ചാവേറുകളായി യുദ്ധഭൂമിയിൽ പൊരുതി മരിക്കാനായിരുന്നു വിധി. എന്നിട്ടും അടിമക്കൊടി അയച്ച് അടിയറവ് പറയാൻ വള്ളുവനാട്ടുകാർ തയ്യാറായില്ല. കുടിപ്പകയോടെ സാമൂതിരിയെ വധിക്കാനായി ചാവേറുകളായി കൂടപ്പിറപ്പുകളെ വിട്ടു കൊടുത്തിരുന്ന കുടിപ്പകയും അതിനെതിരെ പോരാടിയ ചരിത്രവുമാണ് മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പറയുന്നത്. എന്നിരുന്നാലും ബാഹുബലി പോലെ ഒരു ഹീറോയിസം നിറഞ്ഞു നിൽക്കുന്ന ചിത്രമല്ല മാമാങ്കം. അത് കൊണ്ട് തന്നെ മമ്മൂട്ടിയോടൊപ്പം തന്നെ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതനും ചിത്രത്തിൽ കൈയ്യടി നേടുന്നു. ചുരുക്കി പറഞ്ഞാണ് മമ്മൂട്ടിയുടെ സീനുകളും ഒരു നായകൻ എന്ന നിലയിൽ താരതമ്യേന കുറവാണെന്ന് പറയാം.
ഉണ്ണി മുകുന്ദനും അച്യുതൻ എന്ന ബാലതാരവും സിദ്ദിഖിന്റെ വില്ലൻ കഥാപാത്രവുമാണ് ഒരു പരിധി വരെ മാമാങ്കത്തെ മുന്നോട്ട് നയിക്കുന്നത്. ഇവർ മൂന്നു പേരുമാണ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം തിളങ്ങിയ താരങ്ങൾ. മമ്മൂട്ടിയുടെ വിവിധ അഭിനയ മുഹൂർത്തങ്ങൾ മികച്ചതായി. എന്നിരുന്നാലും റോപ് സംവിധാനം ഉപയോഗിച്ച് കുതിച്ചു ചാടുന്ന ആക്ഷൻ രംഗങ്ങളിൽ സ്വാഭാവികത നിലനിർത്താൻ മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും കഴിഞ്ഞില്ലെന്ന് വേണം പറയാൻ. എന്നാൽ അച്യുതൻ കൈയ്യടി നേടുന്നതും ആക്ഷൻ രംഗങ്ങളിലെ മികവിനാണ്. അസൂയാവഹമായ മെയ്യഴകിൽ ഉണ്ണി മുകുന്ദൻ സ്‌ക്രീനിൽ വിസ്മയക്കാഴ്ചയൊരുക്കി. ഇവരെ കൂടാതെ തിളങ്ങിയത് സിദ്ദിഖ് മാത്രം. അനു സിതാര, പാർവതി, സുദേവ് നായർ, സുധീർ തുടങ്ങി നിരവധി അറിയപ്പെടുന്ന താരങ്ങൾ അണിനിരക്കുന്ന മാമാങ്കം പക്ഷെ ഇവർക്കൊന്നും അർഹിക്കുന്ന സ്പേസ് നൽകുവാൻ കഴിയാതെ വന്നത് തിരക്കഥയിലെ പാളിച്ചയാകാം.
സുന്ദരികളായ വേശ്യകളോടൊപ്പം സ്‌ത്രൈണ ഭാവത്തിലുള്ള മമ്മൂട്ടിയുടെ ആട്ടവും പാട്ടും കൂടാതെ ചാവേറുകൾക്ക് മാമാങ്കത്തറ അടയാളപ്പെടുത്താനായി ചുമർ ചിത്രമെഴുതിക്കുന്നതെല്ലാം ചിത്രത്തിൽ മുഴച്ചു നിൽക്കുന്നു. പഴയ ചില പ്രേംനസിർ ചിത്രങ്ങളെ ഈ സീനുകൾ ഓർമ്മപ്പെടുത്തി.
ആദ്യ പകുതി കഴിഞ്ഞതോടെ ചിത്രത്തിന്റെ വേഗതയിൽ വന്ന വർദ്ധനവ് ചിത്രത്തിന് ഗുണം ചെയ്തു. അവസാന ആക്ഷൻ രംഗങ്ങളിൽ ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതനും പൂണ്ടു വിളയാടിയെന്ന് പറയാം.
പ്രശസ്ത ഡയറക്ടർ രഞ്ജിത്തിന്റെ വോയ്‌സ് ഓവറോടെയാണ് ‘മാമാങ്കം’ ആരംഭിക്കുന്നതും അവസാനിക്കുന്നതും. മലപ്പുറം ജില്ലയിലെ പാങ്ങ് എന്ന സ്ഥലത്ത് അച്യുതൻ അവതരിപ്പിച്ച ചന്തുണ്ണിയുടെ ചരിത്ര സ്മാരകമായി ഇപ്പോഴുമുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് നിർമാതാവ്. എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം മികച്ചതാണെങ്കിലും ഛായാഗ്രഹണം പലയിടത്തും മികവ് പുലർത്തിയില്ലെന്ന് പറയാം. കളർ സ്കീമുകൾ പരുവപ്പെടുത്തുന്നതിൽ ഉണ്ടായ അലസത ഇത്തരം ചിത്രങ്ങളുടെ പൂര്ണതയെ ബാധിക്കുന്നു. എന്നിരുന്നാലും മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു നാഴിക കല്ലായി മാമാങ്കം ഓർമ്മിക്കപ്പെടും.
മഹാരാഷ്ട്രയിലെ ഉൾഗ്രാമത്തിലെ ഒരു സ്‌കൂൾ പ്രിൻസിപ്പലും കുട്ടികളും സോഷ്യൽ മീഡിയകളിലൂടെ പങ്കു വച്ച മാമാങ്ക വിശേഷങ്ങൾ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. വീഡിയോ കാണാം
