മുൻ വർഷങ്ങളിലെന്ന പോലെ മുംബൈ നിവാസികളുടെ ക്രിസ്മസ് – ന്യൂ ഇയർ – ശബരിമല സീസൺ കേരള യാത്ര ഏറെ ദുരിത പൂർണ്ണം ആയിരിക്കുന്നു. 60 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്താലും സീറ്റ് ഉറപ്പാക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. പുറമെ, ട്രെയിനിലും വിമാനത്തിലും ഉയർന്ന യാത്രാ നിരക്കും !
ഈ സാഹചര്യത്തിൽ അടിയന്തിരമായി ഡിസംബർ – ജനുവരി മാസങ്ങളിൽ 2006 മുതൽ 2018 വരെ തുടർന്നിരുന്ന മാതൃകയിൽ, ആഴ്ചയിൽ 2 ദിവസം സ്പേഷ്യൽ ട്രെയിൻ ആവശ്യപെട്ടു കൊണ്ട് മുംബൈ കേന്ദ്രമായി പ്രവത്തിക്കുന്ന വെസ്റ്റേൺ ഇൻഡ്യ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മധ്യ – ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ, കേരളത്തിലെ എം.പി. മാർ തുടങ്ങിയവർക്കു നിവേദനം നൽകി.
എല്ലാ ബുധനാഴ്ചയും കോട്ടയത്തിനും എല്ലാ ശനിയാഴ്ചയും തിരുവനന്തപുരത്തിനും 2006 മാതൃകയിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക എന്നതാണ് പ്രധാന ആവശ്യം.
അടിയന്തിരമായി 16381 / 16382 ജയന്തി ജനത 1976 മാതൃകയിൽ പൂണെയിൽ നിന്നു മുംബൈയിലേക്ക് നീട്ടി സർവീസ് പുനരാരംഭിക്കുവാനും കൂടാതെ 22113 / 22114 കുർള – കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ദിവസേനയാക്കുക, 12223 / 12224 കുർള – എറണാകുളം തുരന്തോ കോട്ടയത്തിനു നീട്ടി ദിവസേനയാക്കുക എന്നീ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.
കോട്ടയം 6 പ്ലാറ്റ് ഫോമുകൾ ഉൾപ്പെടുന്ന ടെർമിനസ് ആക്കി ഉയർത്തിയതും, കൊച്ചുവേളിയിൽ 2 പുതിയ പ്ലാറ്റ് ഫോമുകൾ, 2 പുതിയ പിറ്റ് ലൈനുകൾ കൂടി വന്നതും പരിഗണിച്ചു മേൽപ്പറഞ്ഞ ആവശ്യങ്ങൾ പരിഗണിക്കണം എന്ന് ചൂണ്ടിക്കാട്ടിയതായി അസോസിയേഷൻ ജനറൽ സെക്രട്ടറി തോമസ് സൈമൺ പറഞ്ഞു.
.

