മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിനാലാം മലയാളോത്സവം നവംബര്‍ 30 രാവിലെ 10 മണി മുതല്‍ മലാഡ് ഈസ്റ്റിലെ റാണി സതി മാര്‍ഗ് മുംബൈ പബ്ലിക് സ്കൂളില്‍ വച്ച് നടന്നു.
പശ്ചിമ മേഖല സെക്രട്ടറി ജീബ ശ്രീജിത്ത് സ്വാഗതമാശംസിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങില്‍ മേഖല പ്രസിഡന്റ് ഗ്രേസി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി റീന സന്തോഷ് മേഖല മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളീയ കലകളും സംസ്കാരവും പ്രചരിപ്പിക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് ഡിസംബര്‍ 14ന് നടക്കുന്ന പതിനാലാം മലയാളോത്സവം കേന്ദ്രതല മത്സരങ്ങള്‍ക്കായുള്ള വിപുലമായ സജ്ജീകരണങ്ങളെക്കുറിച്ചും റീന സന്തോഷ് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പശ്ചിമ മേഖലയുടെ നിരീക്ഷകനുമായ അനില്‍പ്രകാശ് തന്‍റെ ആശംസാ പ്രസംഗത്തില്‍ ഭാഷാ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കുന്ന മലയാളം മിഷന്‍ പഠിതാക്കളെ അഭിനന്ദിച്ചു.

സഹാര്‍ മലയാളി സമാജം സെക്രട്ടറി പി.കെ. ബാലകൃഷ്ണന്‍, ബോറിവലി മലയാളി സമാജം വനിതാവേദി സെക്രട്ടറി ശ്രീദേവി നായര്‍, ലോഖണ്ട് വാല ടൌണ്‍ഷിപ്പ് മലയാളി അസോസിയേഷന്‍ ട്രെഷറര്‍ സംഗമേശ്വര അയ്യര്‍, കുറാര്‍ മലാഡ് മലയാളി സെക്രട്ടറി ശ്രേയസ് രാജേന്ദ്രന്‍, സാന്താക്രൂസ് മലയാളി സമാജം പ്രതിനിധി ജയന്തി പവിത്രന്‍, മേഖല മലയാളോത്സവം ആഘോഷകമ്മിറ്റി കണ്‍വീനര്‍ ബാബു കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഹരികൃഷ്ണന്‍ സത്യന്‍ നന്ദി പ്രകാശിപ്പിച്ചു.

മൂന്നു വേദികളിലായി 21 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഓരോ മത്സരങ്ങളും പ്രായമനുസരിച്ച് ഗ്രൂപ്പുകളായാണ് നടത്തിയത്. ആറു വയസു പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ഇരുന്നൂറിലേറെ ഭാഷാ കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്ക്കാരത്തെയും പൈതൃകകലകളെയും നെഞ്ചിലേറ്റിക്കൊണ്ട് മത്സരവേദികളില്‍ മാറ്റുരച്ചു. ചിത്രരചന മത്സരങ്ങള്‍ നവംബര്‍ 23 ന് നടന്നു കഴിഞ്ഞിരുന്നു.
വൈകീട്ട് എട്ടു മണിയോടെ പര്യവസാനിച്ച കലാമത്സരങ്ങളില്‍ ബോറിവലി മലയാളി സമാജം പശ്ചിമ മേഖല ചാമ്പ്യന്‍ഷിപ് കിരീടം നേടി. സഹാര്‍ മലയാളി സമാജം രണ്ടാം സ്ഥാനത്തെത്തി.

ഉണ്ണി വാരിയത്ത്, മനോജ് മുണ്ടയാട്ട്, അജിത്കുമാര്‍, നന്ദകുമാര്‍, അനീറ്റ ജോര്‍ജ്ജ്, രാരികൃഷ്ണ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. മനുരാജ് രാജന്‍, ഭാവപ്രസാദ് ഭാസ്കരന്‍, ഹരികൃഷ്ണന്‍ സത്യന്‍, ഹേമന്ത് സന്തോഷ് എന്നിവര്‍ വിവിധ വേദികളില്‍ നടന്ന മത്സരങ്ങള്‍ നിയന്ത്രിച്ചു. മേഖല കണ്‍വീനര്‍ പ്രദീപ്‌കുമാര്‍ കലാമത്സരങ്ങളുടെ ഏകോപനം നിർവഹിച്ചു.
