പ്രമുഖ സാഹിത്യകാരനും നോവലിസ്റ്റുമായ ഡോ. സി.എൻ.എൻ. നായർ (ഡോ. കാവുങ്കൽ സി.എൻ. നാരായണൻ നായർ) അന്തരിച്ചു. ഇന്ന് രാവിലെയുണ്ടായ നിര്യാണം സാഹിത്യ സാംസ്‌കാരിക രംഗത്ത് തീരാനഷ്ടമായി.
83 വയസ്സായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ബാംഗ്ലൂരിലാണ് താമസം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. മക്കൾ രണ്ടു പേരും വിദേശത്താണ്.
അനവധി കഥകളും സാഹിത്യ കൃതികളും രചിച്ചിട്ടുള്ള ഡോ. സി.എൻ.എൻ. നായർ, തന്റെ രചനകളിലൂടെ മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതികളായ “ബാല്യം ദീപ്തം – എന്റെ ഏറ്റുമാനൂർ സ്മരണകൾ” എന്ന ആത്മകഥാത്മക ഗ്രന്ഥവും “ഭക്തി മഞ്ജുഷ” എന്ന കൃതിയും സാഹിത്യ ലോകത്ത് ശ്രദ്ധേയമായ അംഗീകാരം നേടി.
ഇംഗ്ലീഷ് സാഹിത്യത്തിലെ വിവിധ വിഷയങ്ങളെ എഞ്ചിനീയറിങ് ആശയങ്ങളുമായും സൗന്ദര്യബോധത്തോടെയും യുക്തിസഹമായ കണക്കുകളോടെയും സമന്വയിപ്പിച്ച് അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഗ്രാഫിക്കൽ അവതരണ ശൈലി, വായനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക ശ്രദ്ധ നേടിയിരുന്നു.
ഡോ. സി.എൻ.എൻ. നായരുടെ വിയോഗത്തിൽ ബോറിവിലി മലയാളി സമാജം ഭാരവാഹികൾ അനുശോചിച്ചു. അദ്ദേഹത്തിന്റെ കൃതികളും ചിന്തകളും എന്നും ജീവിക്കുമെന്നും ഡോ. സി.എൻ.എൻ. നായരെ ആദരിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നുവെന്നും സംഘടന അറിയിച്ചു.
