25 വർഷങ്ങൾ പിന്നിട്ടും മലയാളി മനസുകളിൽ ഇന്നും താളമിടുന്ന കവിതയാണ് ‘കണ്ണട’. പ്രശസ്ത പ്രഭാഷകനും കവിയുമായ മുരുകൻ കാട്ടാക്കടയുടെ രചനയിൽ വിരിഞ്ഞ ഈ കവിതയുടെ സിൽവർ ജൂബിലി ആഘോഷിക്കാൻ മുംബൈ നഗരവും ഒരുങ്ങുകയാണ്.
മലയാള കവിതയുടെ ജനകീയ മുഖമായി മാറിയ ‘കണ്ണട’ 1999-ൽ ആദ്യമായി അവതരിക്കപ്പെട്ടപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിന്റെ നേർത്ത വേദനകളും സാമൂഹിക യാഥാർത്ഥ്യങ്ങളും തൊട്ടുണർത്തിയ ഈ കവിത ഇന്ന് 25 വർഷം പൂർത്തിയാക്കുന്നു.
കാലത്തിന്റെ ഒഴുക്കിൽ കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. 25 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ കവിതയിലെ പല വരികളും ഇന്നത്തെ സാഹചര്യത്തിൽ അപ്രസക്തമായി തോന്നുന്നുവെന്നാണ് കവി പറയുന്നത്. കാലം തന്നെ കവിതയെ തിരുത്തുന്നുവെന്നും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കവിതയ്ക്ക് കഴിയുന്നത് എഴുത്തുകാരന് നൽകുന്ന ചാരിതാർഥ്യം വലുതാണെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. ഇച്ഛാശക്തിയുള്ളൊരു സർക്കാർ കഴിഞ്ഞ പത്ത് വർഷം കൊണ്ട് വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമായി കവി ചൂണ്ടിക്കാണിക്കുന്നത്.

മുംബൈയിൽ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുമായി ചേർന്നാണ് ഓഗസ്റ്റിൽ വിപുലമായ സിൽവർ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
മുംബൈയിലെ ഈ ആഘോഷം ഒരു കവിതയുടെ വിജയമല്ല; ജനങ്ങളുടെ സ്നേഹത്തിന്റെ ആഘോഷമാണെന്നും കവി കൂട്ടിച്ചേർക്കുന്നു.
നവി മുംബൈ കൾച്ചറൽ സെന്റർ ഭാരവാഹികൾ മലയാളം മിഷൻ ഡയറക്ടർ കൂടിയായ മുരുകൻ കാട്ടാക്കടയെ ആദരിച്ചു. മുംബൈ പോലെയുള്ള നഗരങ്ങളിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങളും ഡിജിറ്റൽ യുഗത്തിൽ മലയാളം പഠനം കൂടുതൽ ആകർഷകമാക്കാൻ സ്വീകരിച്ച പുതിയ സമീപനങ്ങളും ചടങ്ങിൽ ചർച്ചയായി.

മലയാള സാഹിത്യത്തിന്റെ പാതയിൽ മായാത്ത അടയാളമായി ‘കണ്ണട’ തുടരുമ്പോൾ, മഹാനഗരത്തിൽ കവിതയുടെ യാത്രയെ വീണ്ടും ഒരിക്കൽ കൂടി ആഘോഷമാക്കുന്നു. അതിർത്തികൾ കടന്ന് ജനങ്ങളിലേക്കെത്തുന്ന കവിതയുടെ ശബ്ദത്തിനായി ഇനി കാത്തിരിക്കാം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS
