മുംബൈ: പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയും കേരളത്തിന്റെ സംസ്കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ മുംബൈ ചാപ്റ്റർ, ഈ ജൂലൈയിൽ പ്രവർത്തനത്തിന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ലോകത്ത് തന്നെ സർക്കാർ തലത്തിൽ പ്രവാസികൾക്കായി മാതൃഭാഷ പഠിപ്പിക്കുന്ന ആദ്യ സംരംഭമെന്ന പ്രത്യേകതയും മലയാളം മിഷനുണ്ട്.
ഭാഷാപഠനം ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിസ്വാർഥ സേവനം ചെയ്യുന്ന അധ്യാപകരും വിവിധ മലയാളി സമാജങ്ങളുടെയും സംഘടനകളുടെയും പിന്തുണയും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഇന്ന് മുംബൈയിലെ നിരവധി മലയാളി കുടുംബങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മലയാളം മിഷൻ മാറിക്കഴിഞ്ഞു.
ആറ് വയസ് പൂർത്തിയായ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്ന കണിക്കൊന്ന കോഴ്സിലൂടെ ആരംഭിക്കുന്ന പഠനം തുടർന്ന് സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ ഘട്ടങ്ങളിലൂടെ മുന്നേറുന്നു. നീലക്കുറിഞ്ഞി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാരിന്റെ പത്താംതര തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കും. കെ.എ.എസ്., പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ മാതൃഭാഷാ പ്രാവീണ്യത്തിനും ഈ സർട്ടിഫിക്കറ്റ് സഹായകരമാണ്.
പ്രവർത്തന മികവുകൊണ്ട് രാജ്യത്താകെ ശ്രദ്ധേയമായ മുംബൈ ചാപ്റ്റർ 2023-ലെ ‘കണിക്കൊന്ന പുരസ്കാരം’ കരസ്ഥമാക്കിയിരുന്നു. 2025-ലെ ‘ബോധി അധ്യാപക പുരസ്കാരം’ മുംബൈ ചാപ്റ്ററിലെ നിഷ പ്രകാശിന് ലഭിച്ചതും അഭിമാനനേട്ടമാണ്. നീലക്കുറിഞ്ഞി പരീക്ഷകളിലും മുംബൈ ചാപ്റ്ററിലെ വിദ്യാർഥികൾ മികച്ച വിജയമാണ് തുടർച്ചയായി നേടുന്നതെന്ന് മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ. ഡി. ഹരികുമാർ പറഞ്ഞു.
ജൂലൈ 1 മുതൽ 31 വരെ മുംബൈ ചാപ്റ്റർ ‘ഗൃഹസന്ദർശനമാസം’ ആചരിക്കും. ഈ കാലയളവിൽ അധ്യാപകരും പ്രവർത്തകരും മലയാളി കുടുംബങ്ങൾ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുകയും മലയാളം മിഷന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യും. കോവിഡ് കാലത്തും മറ്റുമായി പഠനം നിർത്തിയ വിദ്യാർഥികളെയും കുടുംബങ്ങളെയും വീണ്ടും മലയാളം മിഷൻ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും പുതിയ പഠിതാക്കളെ കണ്ടെത്തുന്നതിനുമാണ് ഈ പ്രത്യേക പരിപാടി ലക്ഷ്യമിടുന്നത്. എല്ലാ വർഷവും ഗൃഹസന്ദർശനത്തിലൂടെ പുതിയ വിദ്യാർഥികളെ കണ്ടെത്തുന്ന ഏക ചാപ്റ്ററെന്ന പ്രത്യേകതയും മുംബൈ ചാപ്റ്ററിനുണ്ട്.
ഗൃഹസന്ദർശനത്തിലൂടെ പുതുതായി ചേർന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തി ഓഗസ്റ്റ് 9-ന് മേഖലാതലങ്ങളിൽ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റീന സന്തോഷ് അറിയിച്ചു..
ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് രക്ഷിതാക്കളുടെയും മലയാളി സമാജങ്ങളുടെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും ഭാഷാസ്നേഹികളുടെയും സഹകരണം മുംബൈ ചാപ്റ്റർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 9970164635
📞 9892690978
📞 7506046031
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
