മുംബൈ: വന്യജീവി സംരക്ഷണത്തിനും മൃഗക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന സേവനം. ഇപ്പോഴിതാ, മുംബൈ ഉപനഗരങ്ങളിലെ വന്യജീവികളുടെ സംരക്ഷണത്തിനായി പുതിയൊരു ഉത്തരവാദിത്വം കൂടി ഏറ്റെടുത്തിരിക്കുകയാണ് മലയാളിയായ സുനിഷ് സുബ്രഹ്മണ്യൻ കുഞ്ചു. ദീർഘകാലത്തെ സേവനങ്ങളും പ്രവർത്തനങ്ങളും പരിഗണിച്ച് മഹാരാഷ്ട്ര വനവകുപ്പ് അദ്ദേഹത്തെ മുംബൈ ഉപനഗരങ്ങളുടെ ഓണററി വന്യജീവി വാർഡനായി നിയമിച്ചു.
വിദ്യാർത്ഥി ജീവിതം മുതൽ വന്യജീവി സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ സജീവമായിരുന്ന സുനിഷ് കഴിഞ്ഞ 28 വർഷത്തിലേറെയായി മുംബൈയിലും പരിസര പ്രദേശങ്ങളിലും ഈ രംഗത്ത് പ്രവർത്തിച്ചുവരികയാണ്.
അമ്മ കെയർ ഫൗണ്ടേഷന്റെ പ്രസിഡന്റും പ്ലാന്റ് ആൻഡ് ആനിമൽസ് വെൽഫെയർ സൊസൈറ്റി–മുംബൈയുടെ സെക്രട്ടറിയുമാണ് സുനിഷ്. കൂടാതെ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ അനിമൽ പ്രൊട്ടക്ഷന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രതിനിധിയായും അദ്ദേഹം പ്രവർത്തിക്കുന്നു.
വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമപരവും സർക്കാർ സംവിധാനങ്ങളുമായും സഹകരിച്ചുവരുന്ന സുനിഷ്, ഇന്ത്യൻ മൃഗക്ഷേമ ബോർഡിന്റെ ഓണററി മൃഗക്ഷേമ പ്രതിനിധി കൂടിയാണ്. ബോംബെ ഹൈക്കോടതിയും മഹാരാഷ്ട്ര സർക്കാരും രൂപീകരിച്ച മഹാരാഷ്ട്ര മൃഗക്ഷേമ നിയമങ്ങൾ നിരീക്ഷിക്കുന്ന സമിതിയുടെ ഓണററി മൃഗക്ഷേമ ഓഫീസറായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
ഇതിനുമുമ്പ് മുംബൈ നഗരത്തിന്റെ ഓണററി വന്യജീവി വാർഡനായി രണ്ട് കാലാവധികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ കാലയളവിൽ വനവകുപ്പിനും മറ്റ് നിയമ നിർവഹണ ഏജൻസികൾക്കും വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, വേട്ടയാടൽ വിരുദ്ധ നടപടികൾ, വന്യജീവി കുറ്റകൃത്യങ്ങളുടെ അന്വേഷണം, പരിശോധനകൾ, മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച കേസുകൾ എന്നിവയിൽ സുനിഷ് വിലപ്പെട്ട സഹകരണം നൽകി.
വന്യജീവി സംരക്ഷണം, മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും പ്രശസ്തിപത്രങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങൾ ദേശീയ-അന്തർദേശീയ റെക്കോർഡ് ഗ്രന്ഥങ്ങളിലും ഇടം നേടിയിട്ടുണ്ട്.
മുംബൈയുടെ നഗരവത്കരണത്തിനിടയിലും വന്യജീവികൾക്ക് സുരക്ഷിതമായ ഇടം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് സുനിഷ് സുബ്രഹ്മണ്യൻ കുഞ്ചു. വന്യജീവി സംരക്ഷണം, രക്ഷാപ്രവർത്തനം, മൃഗക്ഷേമം, വന്യജീവി കുറ്റകൃത്യങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും സഹായം തേടാനും പൊതുജനങ്ങൾക്ക് +91 98334 80388 എന്ന നമ്പറിൽ ബന്ധപ്പെടാം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
