മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടനം ആഗസ്റ്റ് 16 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടക്കും. ഇതോടനുബന്ധിച്ച് ആഗസ്റ്റ് 15, 16 തിയ്യതികളിൽ കൈരളി ബുക്സ് ഒരുക്കുന്ന പുസ്തകമേളയും ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളിലും മുതിർന്നവരിലും വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക, മുംബൈ മലയാളികളുടെ വായനാ സംസ്കാരത്തെ പ്രോത്സാഹിപ്പി ക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകപ്രദർശനവും അനുബന്ധ സാഹിത്യ സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നത്.
2026 ആഗസ്റ്റ് 15 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് പുസ്തകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നോവലിസ്റ്റ് ബാലകൃഷ്ണൻ നിര്‍വ്വഹിക്കുന്നതാണ്. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കും. സാഹിത്യസപര്യയില്‍ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട നഗരത്തിലെ എഴുത്തുകാരെ വേദിയില്‍ വച്ച് മലയാള ഭാഷാ പ്രചാരണ സംഘം ആദരിക്കുന്നതാണ്. നാല് മണിക്ക് നടക്കുന്ന കവിയരങ്ങില്‍ നഗരത്തിലെ പ്രശസ്ത കവികള്‍ കവിതകള്‍ അവതരിപ്പിക്കും. ജി.വിശ്വനാഥനാണ് മോഡറേറ്റര്‍.
ആഗസ്റ്റ് 16 രാവിലെ 11 മണിക്ക് നടക്കുന്ന കഥയരങ്ങില്‍ നഗരത്തിലെ പ്രശസ്ത കഥാകൃത്തുകള്‍ കഥകള്‍ അവതരിപ്പിക്കും. ഗിരിജാവല്ലഭന്‍ മോഡറേറ്റര്‍ ആയിരിക്കും. ഉച്ചക്ക് 2 മണി മുതൽ നടക്കുന്ന “വായനാനുഭവം” സെഷനില്‍ വായനാനുഭൂതികള്‍ പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുന്നു. കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ മോഡറേറ്റര്‍ ആയിരിക്കും.
3 മണി മുതല്‍ 15-ാം മലയാളോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പി.സുരേന്ദ്രന്‍ 15-ാം മലയാളോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത നിരൂപകനും ചരിത്രകാരനുമായ സജി അബ്രഹാം വിശിഷ്ടാതിഥിയായിരിക്കും. തദവസരത്തില്‍, മലയാളം മിഷന്‍റെ നീലക്കുറിഞ്ഞി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികളെയും മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്കൂളുകളില്‍ മലയാളം ഒരു വിഷയമായെടുത്ത് ഈ വര്‍ഷം എസ്.എസ്.സിയില്‍ വിജയിച്ച വിദ്യാര്‍ഥികളെയും കെ.പി.ഇ.എസിന്‍റെ സഹകരണത്തോടെ ആദരിക്കുന്നുണ്ട്. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് സന്ദീപ് വര്‍മ്മ അറിയിച്ചു.
വൈകീട്ട് 6 മണി മുതല്‍ “പുസ്തക പ്രസിദ്ധീകരണം – എപ്പോൾ? എങ്ങനെ?” എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടായിരിക്കും. കൈരളി ബുക്സ് ഈ വിഷയത്തില്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. രാത്രി 8 മണിക്ക് പുസ്തകമേള സമാപിക്കും. ഡിസി ബുക്സ്, മാതൃഭൂമി, ചിന്ത പബ്ലിഷേഴ്സ്, ഗ്രീൻ ബുക്സ്, കറന്റ് ബുക്സ്, കൈരളി തുടങ്ങി മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ മികച്ച കൃതികൾ പ്രദർശനത്തില്‍ വിൽപ്പനയ്ക്കായി ഒരുക്കുന്നുണ്ട്. മലയാളം പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിൽ പെട്ടവർക്കും പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന പുസ്തകശേഖരം പ്രദർശനത്തിൽ ലഭ്യമായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി റീന സന്തോഷ് അറിയിച്ചു.
കവിയരങ്ങ്, കഥയരങ്ങ്, വായനാനുഭവം എന്നീ സെഷനുകളില്‍ രചനകളും അനുഭവങ്ങളും അവതരിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9969278684, 9869443902 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
