മലയാളം മിഷൻ പ്രവർത്തനങ്ങളും കേരള ടൂറിസം പ്രചാരണവും ശക്തിപ്പെടുത്തണമെന്നും ആവശ്യം
തിരുവനന്തപുരം: മുംബൈയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ സാംസ്കാരിക സ്വത്വവും ഭാഷാപൈതൃകവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ സജീവ ഇടപെടൽ ആവശ്യപ്പെട്ട് ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) സമഗ്ര നിവേദനം സമർപ്പിച്ചു. ‘അമ്മ’ പ്രസിഡന്റും മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജോജോ തോമസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സെക്രട്ടേറിയറ്റിലെത്തി നിവേദനം കൈമാറി.
മുംബൈയിലെ മലയാളി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്കും പുതിയ തലമുറയെ മലയാള ഭാഷയോടും കേരളത്തിന്റെ സംസ്കാരത്തോടും കൂടുതൽ അടുപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾക്കുമാണ് നിവേദനത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കേരള ഹൗസിന്റെ വികസനം, സാംസ്കാരിക പ്രവർത്തനങ്ങൾ, മലയാളം പഠനം, കേരള ടൂറിസം പ്രചാരണം, സർക്കാർ–പ്രവാസി ഏകോപനം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതികളാണ് സംഘടന മുന്നോട്ടുവച്ചത്.
കേരള ഹൗസ് സാംസ്കാരിക സംഗമകേന്ദ്രമാക്കണം
വാശിയിലെ കേരള ഹൗസിനെ പ്രവാസി മലയാളികളുടെ സജീവ സാംസ്കാരിക സംഗമകേന്ദ്രമായി വികസിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിന്റെ തനത് വിഭവങ്ങൾ ലഭ്യമാക്കുന്ന സ്ഥിരം ഭക്ഷണശാല, വൈകുന്നേരങ്ങളിൽ നാടൻ പലഹാരങ്ങളും ചായയും ലഭിക്കുന്ന പ്രത്യേക സ്നാക്ക്സ് കൗണ്ടർ എന്നിവ ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മലയാളി സംഘടനകൾക്ക് കുറഞ്ഞ നിരക്കിൽ ഹാൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും കേരള ഹൗസിൽ സംഗീതം, നാടകം, സാഹിത്യം തുടങ്ങി വിവിധ കലാ–സാംസ്കാരിക പരിപാടികൾക്കായി സ്ഥിരം വേദി സജ്ജീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവുമായി നിരന്തരം ബന്ധം പുലർത്താൻ കഴിയുന്ന ഒരു സജീവ സാംസ്കാരിക കേന്ദ്രമായി കേരള ഹൗസിനെ മാറ്റണമെന്നാണ് നിവേദനത്തിലെ പ്രധാന നിർദേശം.
മലയാളി പൈതൃകോത്സവം പുനരാരംഭിക്കണം
2015-ൽ മുംബൈയിൽ ശ്രദ്ധേയമായ വിജയം നേടിയ ‘മലയാളി പൈതൃകോത്സവം’ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ വീണ്ടും സംഘടിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം മുംബൈയിലെ പഠനകേന്ദ്രങ്ങളും ഡിജിറ്റൽ പഠനസൗകര്യങ്ങളും വിപുലപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും നേതൃത്വത്തിൽ മുംബൈയിൽ സ്ഥിരമായി പുസ്തകോത്സവങ്ങളും കലാ–സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.
മുംബൈയിൽ കേരള ടൂറിസം പ്രചാരണം ശക്തമാക്കണം
കേരള ടൂറിസത്തിന്റെ നേതൃത്വത്തിൽ മുംബൈയിൽ റോഡ് ഷോകളും ഫുഡ് ഫെസ്റ്റിവലുകളും സംഘടിപ്പിക്കണമെന്നും പ്രവാസി യുവജനങ്ങൾക്കായി പ്രത്യേക സാംസ്കാരിക ക്യാമ്പുകൾ ആരംഭിക്കണമെന്നും നിവേദനത്തിൽ നിർദേശമുണ്ട്.
കൂടാതെ, പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി വർഷത്തിലൊരിക്കൽ സർക്കാർതല അവലോകന യോഗം ചേരുന്നതിനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
‘പ്രവാസി മലയാളികളുടെ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്തണം’
“പ്രവാസി മലയാളികളുടെ സാംസ്കാരിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണിത്. വാശിയിലെ കേരള ഹൗസ് താമസസൗകര്യം മാത്രമല്ല, മലയാളികൾക്ക് ഒത്തുചേരാനും കേരളത്തിന്റെ തനത് രുചികളും കലയും സംസ്കാരവും അനുഭവിക്കാനുമുള്ള സജീവ സാംസ്കാരിക കേന്ദ്രമായി മാറണം. ഞങ്ങൾ സമർപ്പിച്ച നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ‘അമ്മ’യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരും,” ജോജോ തോമസ് പറഞ്ഞു.
മുംബൈയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും പ്രവാസി സമൂഹവുമായി സംസ്ഥാന സർക്കാർ കൂടുതൽ ശക്തമായ ഏകോപനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
