പുണെ: പിംപ്രിയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ നാടിനെ നടുക്കിയ ദുരന്തം. ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുടുംബനാഥൻ മരിച്ചതിന് പിന്നാലെ, ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യയും മകളും കൂടി മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ കുടുംബമാണ് ദുരന്തത്തിന് ഇരയായത്.
കുടുംബനാഥൻ പി.എസ്. വിനോദ് (47) ആണ് ആദ്യം മരിച്ചത്. ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് പിന്നീട് വൈ.സി.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പിംപ്രി മോർവാടിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് സംഭവം. വിഷം ഉള്ളിൽച്ചെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് പിന്നിലെന്ന സൂചന നൽകുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പിംപ്രിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സിൽജ തുടർച്ചയായി രണ്ട് ദിവസം ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഫ്ലാറ്റിലെത്തിയ അയൽവാസികൾ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിനോദിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പിംപ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പുണെയിൽ അടുത്തിടെ താമസം ആരംഭിച്ച കുടുംബത്തിന് പ്രദേശത്തെ മലയാളി സംഘടനകളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഇതുമൂലം സംഭവത്തെക്കുറിച്ചുള്ള വിവരം സാമൂഹിക പ്രവർത്തകരിലേക്കും വൈകിയാണ് എത്തിയത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
