കത്തോലിക്കാ സമുദായം ന്യൂനാൽ ന്യൂനപക്ഷമായി മാറുന്ന സാഹചര്യം: മാർ റാഫേൽ തട്ടിൽ
പൻവേൽ: കത്തോലിക്കാ സമുദായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും, സമൂഹം ഇന്ന് ന്യൂനാൽ ന്യൂനപക്ഷമായി മാറുന്ന സാഹചര്യം മറന്നുപോകരുതെന്നും സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പൻവേൽ എ.ആർ.സി.യിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സമൂഹം ഭാരതത്തിന് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ സഭ നൽകിയ സേവനങ്ങൾ പൊതുസമൂഹം എന്നും ഓർമിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ സമൂഹം വ്യവസായരംഗത്ത് ശക്തമായ സാന്നിധ്യമാണെങ്കിലും സർക്കാർ സേവനമേഖലയിൽ പ്രാതിനിധ്യം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള നിയമസഭയിൽ ഒരുകാലത്ത് 24 സമുദായാംഗങ്ങളുണ്ടായിരുന്നത് ഇന്ന് നാലായി കുറഞ്ഞതായും ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിനകത്തും പുറത്തും ക്രൈസ്തവരുടെ കുടിയേറ്റം വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവർ എത്തിച്ചേരുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകാനും സഭയുടെ പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും ഓരോ ക്രൈസ്തവനും തയ്യാറാകണമെന്ന് മാർ റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു. കത്തോലിക്കാ കോൺഗ്രസിനൊപ്പം ചേർന്ന് സമുദായം ഇന്ത്യയൊട്ടാകെ ഐക്യത്തോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ട്രഷറർ ടോണി പൂഞ്ചംകുന്നേൽ, മോൺ. സിറിയക് കുമ്പാട്ട്, അഡ്വ. ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഡോ. കെ.എം. ഫ്രാൻസിസ്, രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.

ശനിയാഴ്ച രാവിലെ സമ്മേളന നഗരിയിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്. ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജോയ് പാറക്കാട്ടിൽ, ജോസ് മാത്യു, കല്യാൺ രൂപത കെ.എൽ.എം. പ്രസിഡന്റ് സജി വർക്കി, പിതൃവേദി സെക്രട്ടറി സുരേഷ് തോമസ്, ട്രഷറർ ഷിബു ജോസഫ്, ട്രഷറർ ഷിബു ജോസഫ്, മോൺ. സിറിയക് കുമ്പാട്ട്, അഡ്വ. ടോണി പുന്നക്കുന്നേൽ, പ്രൊഫ. കെ.എം. ഫ്രാൻസിസ്, പ്രൊഫ. സാംസൺ തോമസ് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപ്പിനെ ബാധിക്കരുത്: കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
രാജ്യത്ത് നടപ്പാക്കുന്ന പുതിയ നിയമങ്ങൾ ഒരു സമുദായത്തിന്റെയും നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതാകരുതെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ കോൺഗ്രസ് ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ.
വിവിധ രാജ്യങ്ങളിൽ സുവിശേഷത്തിന് സാക്ഷ്യം നൽകുന്ന അൽമായരെ നന്ദിയോടെ ഓർക്കുന്നതായി അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രസംഗിക്കാനും അപരന് നന്മ ചെയ്യാനും ആരെയും ഭയക്കേണ്ടതില്ല. അത് ഓരോ ക്രൈസ്തവന്റെയും കടമയാണ്. ഭയമില്ലാതെ ഈ ദൗത്യം നിർവഹിക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
പൻവേൽ എ.ആർ.സി.യിൽ നടന്ന ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 170 പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ആർച്ച് ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, മോൺ. സിറിയക് കുമ്പാട്ട്, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ അംഗം ഗ്ലെൻ ഇ. സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. വർഗീസ് വള്ളിക്കാട്ട്, ജോർജ് കള്ളിവയലിൽ, അഡ്വ. ബിജു പറയനിലം, ഡോൾഫി ഡിസൂസ, സജി വർക്കി, ഡോ. കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, നയരൂപവത്കരണ ചർച്ചകൾ എന്നിവയും ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
