മുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാ-സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ലക്ഷ്യമിട്ട് ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’ പ്രവർത്തനമാരംഭിച്ചു.
പ്രവർത്തനങ്ങളുടെ തുടക്കമായി രണ്ട് ലഘുനാടകങ്ങൾ തയ്യാറാക്കി വിവിധ വേദികളിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു. കലാക്ഷേത്രയുടെ പ്രഥമ സംരംഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 8, 9 തീയതികളിൽ സൗജന്യ ദ്വിദിന കലാശിൽപ്പശാല സംഘടിപ്പിക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കർണാടക സംഗീതം, പാശ്ചാത്യ സംഗീതം, വയലിൻ, കീബോർഡ് എന്നീ വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്.
ചെമ്പൂരിൽ ഉദ്ഘാടനവും ശിൽപ്പശാലയും
ഓഗസ്റ്റ് 8ന് രാവിലെ 9.30ന് മന്ദിരസമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ ശിൽപ്പശാലയുടെ ഉദ്ഘാടനം നടക്കും. സന്ദീപ് കുമ്രോത്ത് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകും. തുടർന്ന് വിവിധ കലാരംഗങ്ങളിൽ പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകർ ക്ലാസുകൾ നയിക്കും.
മോഹിനിയാട്ടത്തിൽ ഡിംപിൾ ഗിരീഷ്, ദിവ്യ വാര്യർ, ഭരതനാട്യത്തിൽ നിമ്മി ജയധരൻ എന്നിവർ പരിശീലനം നൽകും. പാശ്ചാത്യ സംഗീതത്തിൽ റിയ ശശിയും ദിവ്യ അയ്യരും, കർണാടക സംഗീതത്തിൽ രഞ്ജുഷ സജിയും ബാബുരാജ് പിള്ളയും ക്ലാസുകൾ നയിക്കും. വയലിനിൽ അഖിലേഷ് സുബ്രഹ്മണ്യനും കീബോർഡിൽ ശുഭം സേത്തും പരിശീലനം നൽകും.
ചെമ്പൂർ, ഗുരുദേവഗിരി, മീരാറോഡ് എന്നിവിടങ്ങളിൽ പരിശീലന കളരികൾ
നാടകക്കളരിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കുന്നവരെ ഉൾപ്പെടുത്തി പുതിയ നാടകാവതരണവും സംഘടിപ്പിക്കും. മന്ദിരസമിതിയുടെ ചെമ്പൂർ, ഗുരുദേവഗിരി, മീരാറോഡ് കേന്ദ്രങ്ങളിലാണ് പരിശീലന കളരികൾ ആരംഭിക്കുന്നത്.
കലാക്ഷേത്രയുടെ ഭാവി പ്രവർത്തനങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും കലാസ്നേഹികളുടെയും അഭ്യുദയകാംക്ഷികളുടെയും മികച്ച പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായി മന്ദിരസമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അറിയിച്ചു.
പരിശീലന കളരികളിൽ ചേരുന്നതിനുള്ള അപേക്ഷാ ഫോമുകൾ പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. ഓൺലൈനായും അപേക്ഷിക്കാം. എ. കെ. ജയസൂര്യനും ശശി പണിക്കരും കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9730757005, 9833180075.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
