കേരള സർക്കാരിന്റെ മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം അണുശക്തിനഗറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിലാണ് പ്രവേശനോത്സവം നടത്തിയത്.
ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ ചെയർമാനുമായ ഡോ. എ.പി. ജയരാമനും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും, UGC ചെയർമാൻ മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള പ്രൊഫസർ വി. എൻ. രാജശേഖരനും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.

മലയാളഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിൽ മലയാളം മിഷൻ ക്ലാസുകൾ സുപ്രധാന പങ്കു വഹിക്കുന്നതായി ഡോ. ജയരാമൻ അഭിപ്രായപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി വളരുന്ന മലയാളി കുട്ടികൾക്ക് മാതൃഭാഷ പഠിക്കാനും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അടുത്തിടപഴകാനും മലയാളം മിഷൻ നൽകുന്ന അവസരങ്ങൾ ഏറെ വിലപ്പെട്ടതാണെന്ന് പ്രൊഫ. രാജശേഖരൻ പിള്ള തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷൻ ക്ലാസുകളിലെ വിദ്യാർഥികൾ “കൂട്ടുകാർ” എന്ന നാടകമുൾപ്പടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാള ഭാഷയിലുള്ള തങ്ങളുടെ പ്രാവീണ്യം കലാപരിപാടികളിൽ പ്രകടമാക്കിയ കുട്ടികളെ വിശിഷ്ടാതിഥികൾ അനുമോദിച്ചു.

മാതൃഭാഷാ പഠനം ഭാഷാപരമായ അറിവ് നേടുന്നതിനൊപ്പം കുട്ടികളിൽ സ്വന്തം സംസ്കാരത്തോടും പൈതൃകത്തോടുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ വർഷം നടന്ന മലയാളം മിഷൻ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു. മലയാളം ക്ലാസുകളിലേക്ക് പുതിയതായി പ്രവേശിച്ച കുട്ടികളെ ചടങ്ങിൽ പൂച്ചെണ്ടുകൾ നൽകി സ്വാഗതം ചെയ്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI N
