ന്യൂഡൽഹി: ഇന്ത്യൻ യുവാക്കളുടെ നൈപുണ്യവും യോഗ്യതയും തൊഴിൽപരിചയവും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിനും എളുപ്പത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുമായി ‘ഗ്ലോബൽ സ്കിൽസ് പാസ്‌പോർട്ട്’ (Global Skills Passport) നടപ്പാക്കണമെന്ന് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന 17-ാമത് FICCI Global Skills Summit 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക നൈപുണ്യം, സർട്ടിഫിക്കേഷനുകൾ, തൊഴിൽപരിചയം, ഭാഷാപ്രാവീണ്യം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഡിജിറ്റലായി പരിശോധിച്ച് ഉറപ്പാക്കാവുന്ന രേഖയായിരിക്കണം സ്കിൽസ് പാസ്‌പോർട്ടെന്ന് അദ്ദേഹം നിർദേശിച്ചു.
“ഇന്ത്യൻ യുവാക്കളുടെ നൈപുണ്യം വിശ്വാസ്യതയോടെയും അംഗീകാരത്തോടെയും രാജ്യാതിർത്തികൾ കടക്കണം. ഇന്ത്യയിലെ നൈപുണ്യശേഷിയെയും ആഗോള തൊഴിലുടമകളെയും ബന്ധിപ്പിക്കുന്ന വിശ്വസനീയമായ പാലമായി സ്കിൽസ് പാസ്‌പോർട്ടിന് മാറാനാകും,” അദ്ദേഹം പറഞ്ഞു.

‘Intelligent Pathways for Global Talent and Mobility’ എന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത ഡോ. സുരേഷ് കുമാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന തൊഴിലാളി ക്ഷാമം ഇന്ത്യയ്ക്ക് വലിയ അവസരമാണെന്ന് ചൂണ്ടിക്കാട്ടി. പരമ്പരാഗത മനുഷ്യവിഭവ കയറ്റുമതിയിൽനിന്ന് മാറി നൈപുണ്യവും അന്താരാഷ്ട്ര അംഗീകാരവും സുരക്ഷിത കുടിയേറ്റവും ഉറപ്പാക്കുന്ന ആഗോള തൊഴിൽ സഞ്ചാര സംവിധാനം ഇന്ത്യ വികസിപ്പിക്കണം.
രാജ്യങ്ങളും തൊഴിൽമേഖലകളും അടിസ്ഥാനമാക്കി ഭാവിയിലെ മനുഷ്യവിഭവ ആവശ്യകത മുൻകൂട്ടി കണ്ടെത്തുകയും അതനുസരിച്ച് പരിശീലനം നൽകുകയും വേണം. നിർമാണം, എൻജിനീയറിങ്, ആരോഗ്യപരിചരണം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
“ആദ്യം പരിശീലിപ്പിച്ച് പിന്നീട് ജോലി അന്വേഷിക്കുന്ന രീതിക്കുപകരം, ആഗോള തൊഴിൽ ആവശ്യകത കണ്ടെത്തി അതിനനുസരിച്ച് പരിശീലിപ്പിക്കുന്ന രീതിയിലേക്ക് മാറണം,” അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂറോപ്പ്, ജപ്പാൻ, റഷ്യ തുടങ്ങിയ പുതിയ തൊഴിൽ വിപണികളിലേക്ക് ഇന്ത്യക്കാർ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ സാങ്കേതിക നൈപുണ്യത്തിനൊപ്പം വിദേശഭാഷാ പരിശീലനം, സാംസ്കാരിക അവബോധം, തൊഴിൽസ്ഥല ആശയവിനിമയം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയും പരിശീലനത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
അനധികൃത റിക്രൂട്ട്മെന്റും നിയമവിരുദ്ധ കുടിയേറ്റവും തടയുന്നതിന് കേന്ദ്രസർക്കാർ, വിദേശങ്ങളിലെ ഇന്ത്യൻ മിഷനുകൾ, പരിശീലന സ്ഥാപനങ്ങൾ, ഉത്തരവാദിത്തമുള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ, വിദേശ തൊഴിലുടമകൾ എന്നിവർ തമ്മിൽ ശക്തമായ ഏകോപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള തൊഴിൽ സഞ്ചാരത്തിനായി 5P മാതൃകയും ഡോ. സുരേഷ് കുമാർ മുന്നോട്ടുവച്ചു: Predict – ഭാവിയിലെ തൊഴിൽ ആവശ്യകത കണ്ടെത്തുക; Prepare – അതിനനുസരിച്ച് പരിശീലിപ്പിക്കുക; Passport – അന്താരാഷ്ട്ര അംഗീകാരമുള്ള നൈപുണ്യ രേഖ നൽകുക; Place – അംഗീകൃത തൊഴിലുടമകളുമായി ബന്ധിപ്പിക്കുക; Protect – തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുക.
“ഇന്ത്യ മനുഷ്യവിഭവം നൽകുന്ന രാജ്യം മാത്രമല്ല, ലോകത്തിന്റെ ഏറ്റവും വിശ്വസനീയമായ ടാലന്റ് പങ്കാളിയായി മാറണം,” ഡോ. സുരേഷ് കുമാർ പറഞ്ഞു.
കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നിരഞ്ജൻ കുമാർ സുധാൻഷു മുഖ്യപ്രഭാഷണം നടത്തിയ സെഷൻ GATI Foundation CEO അർണബ് ഭട്ടാചാര്യ മോഡറേറ്റ് ചെയ്തു. ആഗോള തൊഴിൽ സഞ്ചാരത്തെക്കുറിച്ചുള്ള നിർണായക ചർച്ചയ്ക്ക് വേദിയൊരുക്കിയ FICCI, FICCI Skills എന്നിവയ്ക്ക് ഡോ. സുരേഷ് കുമാർ നന്ദി അറിയിച്ചു
