നൃത്തവേദികൾക്കായി പുതിയൊരു ശ്വേതാ യുഗം

0

ശ്വേതാ വാരിയർ ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത് സ്വന്തമായി ചിട്ടപ്പെടുത്തിയ നൂതന നൃത്താവിഷ്കാരവുമായാണ്. ഭരതനാട്യവും പാശ്ചാത്യ നൃത്ത ശൈലികളും സമാസമം ലയിപ്പിച്ചെടുത്ത സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്ത ശൈലിക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് വരെയാണ് ആരാധകർ. ഇന്ത്യൻ സിനിമയിൽ അവിഭാജ്യ ഘടകമാണ് നൃത്ത രംഗങ്ങൾ. പുത്തൻ ആശയങ്ങൾക്കും നൂതനമായ ചുവടുകൾക്കുമായി കാത്തിരിക്കുന്ന നൃത്ത വേദികൾക്ക് പുതിയൊരു ശ്വേതാ യുഗത്തിനാണ് തുടക്കം കുറിക്കാൻ പോകുന്നത്. അത് തന്നെയാണ് ശ്വേതയെന്ന മത്സരാർഥിയെ സോണി ടിവി റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റാക്കിയതും.

നൃത്തം ഒരു തപസ്യയായി കുട്ടിക്കാലം മുതൽ കൊണ്ട് നടന്ന പെൺകുട്ടി മഹാനഗരത്തിലെ തിരക്കിട്ട ജീവത്തിലും തന്റെ  പാഷൻ കൈവിട്ടില്ല. പരമ്പരാഗത രീതികളെ പിന്തുടരുന്നതിന് പകരം സ്വന്തമായൊരു ശൈലി തന്നെ ആവിഷ്കരിച്ചായിരുന്നു ശ്വേത തന്റെ ചുവടുകൾ ഭദ്രമാക്കിയത്.  പ്രതിഭകൾ അരങ്ങു വാഴുന്ന ഹിന്ദി ടെലിവിഷൻ റിയാലിറ്റി ഷോ ഫ്ലോറിൽ അങ്ങിനെയാണ് ആദ്യമായൊരു മലയാളി താരോദയത്തിന് നിമിത്തമാകുന്നത് . ഫ്ലോറിലെ  ശ്വേതയുടെ  വിസ്മയപ്രകടനങ്ങൾ  തീർത്ത ആരവങ്ങൾ ലോകമെമ്പാടുമുള്ള സ്വീകരണ മുറികളെയും ത്രസിപ്പിച്ചതോടെ ശ്വേത അവസാന കടമ്പ കടക്കുന്നത് പ്രത്യാശയോടെ കാത്തിരിക്കയാണ് മലയാളി സമൂഹവും.

ഡോംബിവ്‌ലിയിലെ  ഒരു ഇടത്തരം മലയാളി  കുടുംബത്തിന്റെ സ്വപ്നം ലോകം ഏറ്റെടുക്കുന്ന  അപൂർവ്വ നിമിഷത്തിനായിരിക്കും ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ ഫൈനൽ വേദി സാക്ഷ്യം വഹിക്കുക.

മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ ജനിച്ചു വളർന്ന ശ്വേതാ മൂന്നു വയസ്സ് മുതൽ അമ്മ അംബിക വാരസ്യാരിൽ നിന്നും നൃത്തം അഭ്യസിക്കാൻ ആരംഭിച്ചതാണ് . ദേശീയ തലത്തിൽ 40 ൽ അധികം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ക്‌ളാസിക്കൽ , വെസ്റ്റേൺ സ്ട്രീറ്റ് ശൈലികൾ സമമായി സമന്വയിപ്പിച്ചു സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന പുതിയ ഇന്ത്യൻ അർബൻ ശൈലിയുടെ പ്രയോക്താവാണ് ശ്വേത വാരിയർ . മത്സരത്തിലെ ഏക മലയാളിയും സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക ഡാൻസറുമാണ് ശ്വേത.

വിധികർത്താക്കളുടെ മാർക്കിനൊപ്പം പ്രേക്ഷകരുടെ വോട്ടുകളും നിർണ്ണായക മത്സരത്തിൽ മലയാളികളുടെ അഭിമാന മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം. അഞ്ച് ലക്ഷത്തിൽ നിന്ന് അവസാന അഞ്ചിലെത്തിയ ശ്വേതക്ക് പ്രാർത്ഥനയും പിന്തുണയുമായി മലയാളി സമൂഹം മാത്രമല്ല രാജ്യം മുഴുവനുമുണ്ട്.

കൊടുങ്ങലൂർ സ്വദേശിയായ സി.ജി ചന്ദ്രശേഖരന്റേയും വൈക്കം സ്വദേശിയായ അംബിക വാരസ്യാരുടെയും മകളാണ് ശ്വേത വാരിയർ . സഹോദരൻ ശരത് വാരിയർ പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എഡിറ്റിംഗ് കോഴ്‌സിന് പഠിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here