മുംബൈ: തിരൂരങ്ങാടി ചെമ്മാട് സ്വദേശിനിയായ 38-കാരിയെ മുംബൈ കുർളയിൽ സുരക്ഷിതമായി കണ്ടെത്തി. മഹാരാഷ്ട്ര എഐകെഎംസിസിയുടെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
ഓഗസ്റ്റ് 30ന് വൈകിട്ട് വീട്ടിൽനിന്ന് പോയ ശേഷം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്.ഐ. സഫ്‌വാൻ കെ.പി.യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ബന്ധുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ മുംബൈയിലുണ്ടാകാമെന്ന സൂചന ലഭിച്ചതോടെ തിരൂരങ്ങാടി പോലീസ് എഐകെഎംസിസി നാഷണൽ സെക്രട്ടറി സലിം അലിബാഗുമായി ബന്ധപ്പെട്ടു. തുടർന്ന് എഐകെഎംസിസി മഹാരാഷ്ട്ര സംസ്ഥാന നേതാക്കൾ അന്വേഷണത്തിൽ ഇടപെടുകയായിരുന്നു.
മുംബൈ കുർള റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണാതായ സ്ത്രീയെ കണ്ടെത്തിയത്. തുടർന്ന് വിവരം എഐകെഎംസിസി സാക്കിനാക്ക ഏരിയ ട്രഷറർ കോയക്കുട്ടി സാഹിബിനെ അറിയിച്ചു. അദ്ദേഹം മകളോടൊപ്പം സ്ഥലത്തെത്തി സ്ത്രീയെ തിരിച്ചറിഞ്ഞു.
ആവശ്യമായ പോലീസ് വെരിഫിക്കേഷനും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കോയക്കുട്ടി സാഹിബും മകളും ഇവരെ സുരക്ഷിതമായി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
തിരൂരങ്ങാടി എസ്.ഐ. സഫ്‌വാൻ കെ.പി.യുടെ നിർദേശപ്രകാരം സലിം അലിബാഗ് തുടർനടപടികൾ ഏകോപിപ്പിച്ചു. ബന്ധുക്കളോടൊപ്പം ഇവരെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കാണാതായ വ്യക്തിയെ കണ്ടെത്തി സുരക്ഷിതമായി ബന്ധുക്കളിലേക്ക് തിരിച്ചെത്തിക്കുന്നതിൽ എഐകെഎംസിസി പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും കൂട്ടായ അന്വേഷണവും നിർണായകമായെന്ന് എസ്.ഐ. സഫ്‌വാൻ കെ.പി. പറഞ്ഞു.
സ്ത്രീയെ സുരക്ഷിതമായി കണ്ടെത്താൻ സഹായിച്ച എഐകെഎംസിസി പ്രവർത്തകർക്ക് കുടുംബം നന്ദി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
