താനെ: കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് താനെയിലേക്ക് യാത്ര ചെയ്ത നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയതായി പരാതി. സംഭവത്തിൽ മോഷണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ ചിത്രം യാത്രക്കാരി പുറത്തുവിട്ടിട്ടുണ്ട്.
ഓഗസ്റ്റ് 31ന് പുലർച്ചെ 5.15നും 5.30നും ഇടയിലാണ് സംഭവം നടന്നതെന്നാണ് കായംകുളം സ്വദേശിനിയായ യാത്രക്കാരി ശ്രുതി പണിക്കർ നൽകിയ പരാതിയിൽ പറയുന്നത്. ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസിലെ S8 സ്ലീപ്പർ കോച്ചിലെ 79-ാം സീറ്റിലായിരുന്നു ശ്രുതി യാത്ര ചെയ്തിരുന്നത്.
പേഴ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന ചെറിയ വൃത്താകൃതിയിലുള്ള ബോക്സിൽ മൂന്ന് വളകളും മൂന്ന് സ്വർണ ചെയിനുകളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതിൽ രണ്ട് ചെയിനുകളിൽ രണ്ട് പെൻഡന്റുകൾ വീതം ഘടിപ്പിച്ചിരുന്നതായും യാത്രക്കാരി അറിയിച്ചു.
മജോർഡ ജംഗ്ഷനും തിവിമിനുമിടയിൽ യാത്രയ്ക്കിടെയാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ മജോർഡ ജംഗ്ഷന് സമീപം വെച്ചാകാം മോഷണം നടന്നതെന്നാണ് സംശയം.
സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകരെയും റെയിൽവേ അധികൃതരെയും ബന്ധപ്പെട്ട പോലീസ് സംവിധാനങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിനിലെ യാത്രക്കാരിൽനിന്നും മജോർഡ–തിവിം മേഖലയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ശ്രുതി പണിക്കറും എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂരും ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ, ചിത്രത്തിലുള്ള വ്യക്തിയെ പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തിരിച്ചറിയേണ്ട വ്യക്തിയെന്ന നിലയിലാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
